കൊട്ടിയം: മേവറം ബൈപ്പാസ് കവലയില്‍ തെരുവുവിളക്കുകള്‍ കത്താതായതോടെ മാലിന്യംതള്ളല്‍ തടയാന്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ നോക്കുകുത്തികളായി.
ദേശീയപാത 47ല്‍ നിന്ന് ബൈപ്പാസ് റോഡ് ആരംഭിക്കുന്ന കവലയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ്ലൈറ്റ് പകല്‍ പ്രകാശിക്കും. രാത്രിയായാല്‍ അണയും. കൂറ്റന്‍ തൂണില്‍ സ്ഥാപിച്ച ആറു ലൈറ്റുകളില്‍ രണ്ടെണ്ണം മാത്രം പകല്‍ കത്തുന്നുണ്ട്. ബാക്കിയുള്ളവ പകലും രാത്രിയും കത്താറില്ല. മൂന്നു ദിശയിലേക്ക് തിരിയുന്ന ഇവിടെ മറ്റ് തെരുവു വിളക്കുകളും കത്താറില്ല. മയ്യനാട് പഞ്ചായത്തിന്റെയും കൊല്ലം കോര്‍പ്പറേഷന്റെയും അധീനതയിലുള്ളതാണ് തെരുവുവിളക്കുകള്‍. ലൈറ്റുകള്‍ കത്താതായതോടെ വീണ്ടും മാലിന്യം തള്ളല്‍ കേന്ദ്രമായി.
മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാന്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ കൂരിരുട്ടില്‍ ഉപയോഗമില്ലാതായി. ചാക്കു കണക്കിന് മാംസാവശിഷ്ടങ്ങളാണ് ദേശീയപാതയിലും ബൈപ്പാസ് റോഡിലും തള്ളുന്നത്. മൂന്നു ദിശയിലേക്കും ഡിവൈഡറുകളുള്ള ഇവിടെ വെളിച്ചമില്ലാത്തതിനാല്‍ വാഹനാപകടങ്ങളും പതിവായി. ലൈറ്റുകള്‍ നന്നാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: