കൊച്ചി : യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായ വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തി. രാവിലെ ഒമ്പത് മണിയോടെ എമിറേറ്റ് വിമാനത്തിലാണ് നടന് കൊച്ചിയില്‍ എത്തിയത്. കേസില്‍ ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് തിരിച്ചുവന്നത്. നടി പരാതി നല്‍കിയതിന് പിന്നാലെ വിദേശത്തേയ്ക്ക് കടന്നതാണ്.
അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്ത് വിട്ടയയ്ക്കാനാണ് പോലീസിന്റെ തീരുമാനം. ഒരു മാസത്തോളം കേരളത്തില്‍ നിന്നും വിട്ടു നിന്ന ശേഷമാണ് നടന് തിരികെയെത്തിയത്. അദ്ദേഹം സൗത്ത് സ്റ്റേഷനില്‍ ഹാജരാകും. അവിടെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചേക്കും.
അതേസമയം കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശമുണ്ട്. നടനെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. നാട്ടിലെത്തിയാല്‍ ഉടന്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള വിജയ് ബാബുവിന്റെ അപേക്ഷയും കോടതിയുടെ പരിഗണനയിലാണ്. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചശേഷം നാട്ടിലേക്ക് തിരിച്ചെത്തിയാല്‍ മതിയെന്നാണ് വിജയ് ബാബുവിന് ലഭിച്ച നിയമോപദേശം. ഇതിനെ തുടര്‍ന്നാണ് കൊച്ചിയിലേക്ക് തിരിച്ചെത്തുന്നത് നീട്ടിവെച്ചത്.
എന്നാല്‍ കോടതി നടപടികളില്‍ വിശ്വാസമുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കും. തനിക്കൊപ്പം നിന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദിയെന്നും കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷം വിജയ് ബാബു പ്രതികരിച്ചു. അദ്ദേഹം കൊച്ചിയിലെ തന്റെ ഫ്ളാറ്റിലേക്കാണ് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: