മണ്ണാര്‍ക്കാട്: താലൂക്കാശുപത്രിയില്‍ ഗൈനക്കോളജിസ്റ്റുകളെ സ്ഥലം മാറ്റിയതും, പുതിയ ഡോക്ടര്‍മാര്‍ അവധിയില്‍ പോയതും സാധാരണക്കാരായ ആളുകളെ ബുദ്ധിമുട്ടിക്കുന്നു. പ്രസവത്തിനായി എത്തുന്നവര്‍ക്ക് യഥാസമയം ചികിത്സ നല്കാന് കഴിയാത്തതുമൂലം കഴിഞ്ഞ അഞ്ചുദിവസമായി ആശുപത്രിയിലെ പ്രസവവാര്‍ഡ് അടച്ചിട്ടിരിക്കുകയാണ്. ഒരുമാസം 150 ഓളം പ്രസവം നടക്കുന്ന ആശുപത്രിയാണിത്.
സമൂഹത്തിലെ ഏറ്റവും താഴേക്കിടയില്‍ കിടക്കുന്നവരും ഇടത്തട്ടുകാരും ആശ്രയിക്കുന്നത് താലൂക്ക് ആശുപത്രിയെയാണ്. ജില്ലയില്‍ത്തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗൈനക്കോളജി വിഭാഗങ്ങളിലൊന്നാണ് ഇവിടുത്തേത്. ഇവിടെയുണ്ടായിരുന്ന ഡോ. എസ്. കൃഷ്ണനുണ്ണി, ഡോ. കെ. ദീപിക, അനസ്തേഷ്യ വിഭാഗം ഡോ. സലീന എന്നിവരാണ് സ്ഥലം മാറ്റം ലഭിച്ച് പോയത്. ഇവര്‍ക്കുപകരം കോട്ടയം കുമരകത്തുള്ള ഡോ. കല, ആലപ്പുഴയില്‍ നിന്നുള്ള ഡോ. ദിവ്യ ഗോപിനാഥ് എന്നിവര്‍ 23ന് ചുമതലയേല്‍ക്കുകയും, 24ന് ശേഷം ഇരുവരും ജോലിയിലെത്തിയിട്ടില്ല. ലീവ് അനുവദിച്ചിട്ടില്ലെന്നാണ് പറയുന്നത്.
ലീവെടുക്കാതെ പോയതാണ് ആശുപത്രിയിലെ പ്രസവ വിഭാഗം നേരിടുന്ന പ്രധാന പ്രതിസന്ധി. പകരം ഡോക്ടര്‍മാരെ എത്രയുംവേഗം നിയമിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എന്‍.എന്‍. പമീലി ജന്മഭൂമിയോട് പറഞ്ഞു. ഡോക്ടര്‍മാരുടെ ലീവ് വിവരവും ഡിഎംഒയെ ധരിപ്പിച്ചതായി അവര്‍ പറഞ്ഞു. ഒരാഴ്ചയായി പ്രസവ വാര്‍ഡ് അടഞ്ഞുകിടക്കുന്നതിനാല്‍ മലയോര മേഖലയായ എടത്തനാട്ടുകര, തിരുവിഴാംകുന്ന്, തത്തേങ്ങലം, ആനമൂളി, പൂഞ്ചോല, കാഞ്ഞിരപ്പുഴ, മുതുകുര്‍ശ്ശി, കല്ലടിക്കോട് ഭാഗത്തു നിന്നുള്ള സാധാരണക്കാരായ നിരവധി കുടുംബങ്ങളിലുള്ളവരാണ് ഡോക്ടര്‍മാരുടെ അഭാവംമൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്.
പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജുമായി ബന്ധപ്പെട്ടതായി എന്‍. ഷംസുദീന്‍ എംഎല്‍എ അറിയിച്ചു. അനധികൃത ലീവെടുത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുകയോ പകരം ഡോക്ടര്‍മാരെ നിയമിക്കുകയോ ചെയ്യുമെന്ന് എംഎല്‍എ ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: