കല്‍പ്പറ്റ: പുറത്തുനിന്നുള്ളവര്‍ ആദിവാസി ഊരുകളിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക അനുമതി വേണമെന്ന പട്ടികവര്‍ഗ വകുപ്പിന്റെ സര്‍ക്കുലറിനെതിരെ ആദിവാസികള്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നു.
ആദിവാസികള്‍ക്ക് തങ്ങളുടെ മൗലിക അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന ഈ സര്‍ക്കുലറിലൂടെ ഊരുകളെ കാഴ്ച ബംഗ്ലാവാക്കുകയാണ്. ഊരുകള്‍ അതീവ സുരക്ഷിത മേഖലയല്ല. ആദിവാസി ക്ഷേമമാണ് ലക്ഷ്യമെങ്കില്‍ ആദ്യം ആദിവാസികളുടെ വികസനത്തിനായി പാസാക്കിയ വനാവകാശ നിയമവും ആദിവാസി സ്വയംഭരണ പഞ്ചായത്തുകളും നടപ്പാക്കണം എന്നാണ് വനവാസികള്‍ പറയുന്നത്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാരാണ് മാവോയിസ്റ്റ് ഭീഷണിയും ആദിവാസി ക്ഷേമമെന്നും പറഞ്ഞ് ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കോടികള്‍ ചിലവഴിച്ച് തണ്ടര്‍ ബോള്‍ട്ടിനെ അത്യാധുനിക വാഹന സൗകര്യങ്ങളോടെ വിന്യസിച്ചിട്ടുണ്ട്. നാളിതുവരെയും ആദിവാസി ഊരുകളില്‍ നിന്ന് മാവോയിസ്റ്റുകളെ പിടികൂടിയിട്ടില്ല. കാട്ടിലും റിസോര്‍ട്ടിലുമായി മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നിട്ടുണ്ട്.
മാവോയിസ്റ്റുകളുടെ പേര് പറഞ്ഞ് ആദിവാസികളെ വേട്ടയാടുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നുമാണ് ആദിവാസികളുടെ അഭിപ്രായം. പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ ഊരുകളില്‍ പോകാറില്ല. ഊരുകളിലെ ജീവിത പ്രശ്നങ്ങളും മനുഷ്യവകാശ ലംഘനകളും തട്ടിപ്പുകളും പുറത്തുവരുന്നത് മാധ്യമ പ്രവര്‍ത്തകരും ഗവേഷണ വിദ്യാര്‍ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമൊക്കെ ഊരിലെത്തുമ്പോഴാണ്. ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍, സങ്കീര്‍ണതകള്‍, ദാരിദ്ര്യം, പട്ടിണി, ലൈംഗീക ചൂഷണങ്ങള്‍, പീഢനങ്ങള്‍ ഇവയൊന്നും പുറംലോകം അറിയരുതെന്ന ലക്ഷ്യമാണ് ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവിന്റെ ഉദ്ദേശ്യം.
ആദിവാസി മേഖലയുടെ വികസനത്തിന് അനുവദിക്കുന്ന കോടിക്കണക്കിന് രൂപ പതിറ്റാണ്ടുകളായി തട്ടിയെടുക്കുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ ലോബികള്‍ ആദിവാസികളുടെ വികസനത്തെ പരിപൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്. രണ്ടും, മൂന്നും സെന്റ് ഭൂമിയില്‍ പ്ലാസ്റ്റിക് കൂരകളില്‍ കഴിയുന്ന കുടുംബങ്ങളുടെ അവസ്ഥ പരിതാപകരമാണ്. ആദിവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ തയാറാകാത്ത പട്ടികവര്‍ഗ വകുപ്പ് ഇത്തരത്തിലുള്ള നിയമ നിര്‍മ്മാണത്തിലൂടെ കോളനികളില്‍ നടക്കുന്ന അഴിമതകള് പുറം ലോകം അറിയാതെ മൂടിവെക്കാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് എന്നും ഇവര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: