ന്യൂദല്‍ഹി: ഉയര്‍ന്ന വൈദ്യുതി ആവശ്യം കണക്കിലെടുത്ത് കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം. കേന്ദ്രഖനനമന്ത്രാലയത്തിന് കീഴിലുള്ള കോള്‍ ഇന്ത്യ നേരിട്ട് കല്‍ക്കരി ഇറക്കുമതി ചെയ്യും. 2015നു ശേഷം ആദ്യമായാണ് കോള്‍ ഇന്ത്യ കല്‍ക്കരി നേരിട്ട് ഇറക്കുമതി ചെയ്യുന്നത്.
രാജ്യത്ത് ഊര്‍ജ്ജപ്രതിസന്ധി ഉണ്ടാകാനുള്ള സാദ്ധ്യത മുന്നില്‍ക്കണ്ടാണിത്. നിലവിലെ സാഹചര്യം പോലും കൈകാര്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഇടപെടല്‍. ഇറക്കുമതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങല്‍ ലഭ്യമായിട്ടില്ലെങ്കിലും ഓസ്ട്രേലിയ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരിക്കും കല്‍ക്കരി ഇറക്കുമതി ചെയ്യുകയെന്നാണ് സൂചന. വരാനിരിക്കുന്ന മാസങ്ങള്‍ അതീവ നിര്‍ണായകമാണെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന് മുമ്പിലുള്ളതിനാല്‍ യുദ്ധകാലാടിസ്ഥാനത്തിലായിരിക്കും ഇറക്കുമതി.
44 ദശലക്ഷം ടണ്ണിലധികം കല്‍ക്കരി വേണ്ടിവരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. താപവൈദ്യുത നിലയങ്ങള്‍, സംസ്ഥാനങ്ങള്‍, ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രൊഡ്യൂസേഴ്സ് (ഐപിപി) തുടങ്ങിയവയ്ക്ക് കോള്‍ ബ്ലെന്‍ഡിങ്ങിന് ആവശ്യമായ കല്‍ക്കരി, കോള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്ന് ഊര്‍ജ മന്ത്രാലയത്തിന്റെ മെയ് 28നുള്ള കത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഊര്‍ജവകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കും കോള്‍ ഇന്ത്യയുടെ സെക്രട്ടറിക്കും ചെയര്‍മാനും ഊര്‍ജവകുപ്പ് ഈ കത്ത് അയച്ചിട്ടുണ്ട്. ഏറെക്കുറേ എല്ലാ സംസ്ഥാനങ്ങളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും ഊര്‍ജമന്ത്രാലയം കത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: