അഹമ്മദാബാദ്: കഴിഞ്ഞ എട്ടുവര്‍ഷക്കാലം തന്റെ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് സന്ദര്‍ശനവേളയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ ഗാന്ധിജിയും സര്‍ദാര്‍ പട്ടേലും ആഗ്രഹിച്ചതുപോലെ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാരിന് എട്ട് വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ ജനങ്ങളോട് നന്ദി പറഞ്ഞ അദ്ദേഹം, വരുന്ന വര്‍ഷങ്ങളില്‍ പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കുക. കഴിഞ്ഞ വര്‍ഷങ്ങളിലെ ഭരണത്തില്‍ യാതൊരു വിധത്തിലുള്ള ഭേദഭാവങ്ങളോ അഴിമതിയോ ഉണ്ടായിട്ടില്ല. സര്‍ദാര്‍ പട്ടേലും ഗാന്ധിജിയും ആഗ്രഹിച്ചത് പോലുള്ള ഭരണത്തിനാണ് ഈ വര്‍ഷങ്ങളില്‍ രാജ്യം സാക്ഷ്യം വഹിച്ചത്. ദളിതുകള്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവരെ ശാക്തീകരിക്കുന്ന ഒരു ഇന്ത്യയാണ് മഹാത്മാ ഗാന്ധി ആഗ്രഹിച്ചതെന്നും പ്രധാമന്ത്രി പറഞ്ഞു.
2014ന് ശേഷം മുമ്പത്തെ സര്‍ക്കാര്‍ തിരസ്കരിച്ച നിരവധി പദ്ധതികളാണ് ഗുജറാത്തില്‍ കേന്ദ്രം ആവിഷ്കരിച്ചിട്ടുള്ളതെന്ന് കോണ്‍ഗ്രസ്സിനെതിരെ മോദി പറഞ്ഞു. സര്‍ദാര്‍ സരോവര്‍ ഡാം പദ്ധതി വരെ തടയാനും അവര്‍ ശ്രമിക്കുകയുണ്ടായി. ഇതിനെതിരെ താന്‍ ശക്തമായി രംഗത്ത് എത്തുകയായിരുന്നു. ജനങ്ങള്‍ക്ക് അത് ഓര്‍മ്മയുണ്ടാകും.
സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ വിവിധ വികസന പദ്ധതികളും സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തന്റെ സര്‍ക്കാര്‍ പൂര്‍ണമായും ജനങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. പാവങ്ങളുടെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുവെന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.
താന്‍ ഇന്ന് ഈ നിലയിലെത്താന്‍ കാരണം ഗുജറാത്ത് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്ത് തന്നെ പറഞ്ഞയച്ചതാണ്. പക്ഷെ ഗുജറാത്തിന് തന്നോടുളള സ്നേഹം കൂടിയിട്ടേ ഉള്ളൂ. ഗുജറാത്തിലെ ജനങ്ങളോട് താന്‍ എല്ലാക്കാലത്തും നന്ദിയുള്ളവനായിരിക്കുമെന്നും പ്രധാനമന്ത്രി ചെയ്തു.
രാജ്യത്തെ സേവിക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. പ്രതിസന്ധി കാലത്ത് ജനങ്ങള്‍ക്ക് താങ്ങായി നിന്നു. ഭക്ഷണവും ആരോഗ്യസേവനങ്ങളും തുടങ്ങി എല്ലാ സംവിധാനങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിച്ചു. കോവിഡ് പ്രതിസന്ധി ആരംഭിച്ചപ്പോള്‍ രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടായിരുന്നു. അത് പരിഹരിക്കാനായി ഞങ്ങള്‍ ഭക്ഷ്യധാന്യ സ്റ്റോറുകള്‍ ആരംഭിച്ചു. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ട് ജന്‍ധന്‍ അക്കൗണ്ടിലൂടെ പണം നല്കി, കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്കി. സൗജന്യ പാചകവാതക വിതരണം ആരംഭിച്ചു. ചികിത്സാ പ്രതിസന്ധി ഉണ്ടായപ്പോള്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. രാജ്യത്ത് അഴിമതിക്കും വിവേചനത്തിനുമുള്ള സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: