കൊച്ചി : നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തില്‍ നടി പരാതി നല്‍കിയതിന് പിന്നാലെ വിജയ് ബാബു വിദേശത്തേയ്ക്ക് കടന്നതാണ്. മുന്‍കൂര്‍ ജാമ്യം ലഭിച്ചശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയാല്‍ മതിയെന്നാണ് നടന് അഭിഭാഷകര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നാണ് സൂചന.
എന്നാല്‍ കേസിനെ തുടര്‍ന്ന് നിയമത്തിന്റെ മുന്നില്‍ നിന്നും ഒളിച്ചോടിയ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യം ആണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുള്ളത്. കേസില്‍ വിജയ് ബാബുവിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ മൊഴി എടുക്കേണ്ടത് അനിവാര്യം ആണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
കേസിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനായി വിജയ് ബാബുവിന്റെ പാസ്പോര്‍ട്ടും വിസയും റദ്ദാക്കിയിട്ടുണ്ട്. കേരള പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് റദ്ദാക്കിയത്. ഇത് കൂടാതെ ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൡലാണ് നിലവില്‍ കേരള പോലീസ്.
അതേസമയം മുപ്പതാം തീയതി വിജയ് ബാബു നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകള്‍ സമര്‍പ്പിച്ചതോടെയാണ് ജസ്റ്റിസ് പി ഗോപിനാഥ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തയ്യാറായത്. ഈ മാസം 30 നുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
അതിനിടെ പരാതിക്കാരിയായ നടിയുമായി താന്‍ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: