മൂന്നാര്‍: മാരക മയക്കുമരുന്നായ കറുപ്പ് ഉത്പാദിപ്പിക്കുന്ന ഒപ്പിയം പോപ്പി ചെടികള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു. ഗുണ്ടുമല എസ്റ്റേറ്റില്‍ സോത്തുപാറ ഡിവിഷനിലെ ഡിസ്‌പെന്‍സറിക്ക് മുന്‍പില്‍ നട്ടുവളര്‍ത്തിയ 57 ചെടികളാണ് സംഘം പിടിച്ചെടുത്തത്. മിക്ക ചെടികളും പൂത്ത് കായ് ഉണ്ടായ നിലയിലായിരുന്നു. ഇതിന്റെ കായില്‍ നിന്നുണ്ടാകുന്ന കറയാണ് മാരക മയക്കുമരുന്നായ കറുപ്പായി ഉപയോഗിക്കുന്നത്. സംഭവത്തില്‍ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.എസ്. ഷിജു പറഞ്ഞു.
പിടിച്ചെടുത്ത ചെടികള്‍ ദേവികുളം കോടതിയില്‍ ഹാജരാക്കി. അതേ സമയം ഓപ്പിയം ചെടികള്‍ എക്സൈസ് സംഘം പരിശോധനയ്‌ക്ക് അയച്ചു. കണ്ടെത്തിയ ചെടികള്‍ തീവ്രവാദികള്‍ അടക്കമുള്ള സംഘടനകള്‍ ഉപയോഗിക്കുന്നതാണ് എന്ന വാര്‍ത്തകള്‍ വന്നതോടെയാണ് ചെടികള്‍ പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാധാരണയായി ഇത്തരം ചെടികള്‍ വളര്‍ത്തുന്നത് പതിവാണ്. മൂന്നാറിലും ചിലയിടങ്ങളില്‍ ഇത്തരം പൂക്കള്‍ വളര്‍ത്താറുണ്ട്.
ഇത്തരം ചെടികള്‍ തീവ്രവാദികള്‍ ലഹരിയ്‌ക്കായി വ്യാപകമായി ഉപയോഗിക്കുന്നു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ഈ ചെടികള്‍ വളര്‍ത്തുന്നവരും വെട്ടിലായിരിക്കുന്നത്. ഈ ചെടിയുടെ കസ കസ എന്ന പേരിലറിയപ്പെടുന്ന വിത്തുകള്‍ രാജ്യത്ത് വ്യാപകമായി പാചകത്തിന് ഉപയോഗിക്കാറുണ്ട്. അംഗീകൃത ലാബുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാവൂ എന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫിസര്‍മാരായ സൈജുമോന്‍ ജേക്കബ്, ജയന്‍. പി. ജോണ്‍, സിഇഒമാരായ ബെന്നി പി.കെ, സുരേഷ് കെ.എം, അബ്ദുള്‍ ലത്തീഫ് സി.എം, മനീഷ് മോന്‍ സി.കെ, അനില്‍ കുമാര്‍ കെ.പി. എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ ചെടികള്‍ പൂന്തോട്ട പരിപാലനത്തിന്റെ ഭാഗമായി നട്ടതാണെന്നും മറ്റ് ലക്ഷ്യങ്ങള്‍ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തലെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: