ആറുമാസത്തിനിടയില്‍ രണ്ടുതവണയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചത്. ഏറ്റവും ഒടുവില്‍ പെട്രോളിന് 10 രൂപ 41 പൈസയും ഡീസലിന് ഏഴ് രൂപ 36 പൈസയുമാണ് കുറച്ചത്. ഇതില്‍ കേരളം കുറച്ചത് പെട്രോളിന് രണ്ട് രൂപ 41 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണെന്ന മുട്ടാപ്പോക്ക് കണക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്രം കുറവുവരുത്തിയപ്പോള്‍ ഉണ്ടായ ആനുപാതികമായ കുറവുമാത്രമാണിത്. കേന്ദ്രം കുറച്ചില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ കുറവ് കാണാന്‍ കഴിയുമോ?
പെട്രോള്‍, ഡീസല്‍ വിലകള്‍ക്ക് പുറമെ 9 കോടിയിലധികം വരുന്ന പാചകവാതക ഉപഭോക്താക്കള്‍ക്ക് സിലിണ്ടറിന് 207 രൂപയും കുറച്ചിട്ടുണ്ട്. ഇതൊന്നും കാണാതെയും കണക്കാക്കാതെയുമുള്ള മുട്ടാപ്പോക്ക് കണക്കിന്റെ മുട്ടൊടിക്കുകയാണ് വേണ്ടത്. ബ്രിട്ടീഷുകാരെ തോല്‍പ്പിച്ചതുപോലെ ബിജെപിയെ രാജ്യം തോല്‍പ്പിക്കുമെന്നാണ് പിബി മെമ്പര്‍ വിജയരാഘവന് പറയുന്നത്. ബ്രിട്ടീഷുകാരെ ആരാണ് തോല്‍പ്പിച്ചത്? അതിനായി നടത്തിയ ശ്രമം എങ്ങനെയാണ്? അതില്‍ കമ്മ്യൂണിസ്റ്റുകാരുടെ പങ്കെന്താണെന്ന് എല്ലാവര്ക്കും അറിയുന്നതല്ലേ? മോദി വിരുദ്ധതയും ബിജെപിവിരോധവും തലയില്‍ കയറിയ കക്ഷിക്ക് എന്തും പറയാം. സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുകയും വെള്ളക്കാരന്റെ പാദസേവ നടത്തുകയും ചെയ്ത ചരിത്രമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളത്. അതൊക്കെ സൗകര്യപൂര്‍വ്വം വിസ്മരിച്ച് ഇല്ലാക്കഥകളും വല്ലാത്ത കണക്കുകളും നിരത്തുന്ന കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമരത്തില്‍ വെള്ളക്കാരെ തോല്‍പ്പിച്ചതിന്റെ കഥ നിരത്തുമ്പോള്‍ കൗതുകമേ തോന്നുകയുള്ളൂ. അതിരിക്കട്ടെ.
സ്വതന്ത്ര ഇന്ത്യയില്‍ സുദീര്‍ഘം ഭരിച്ച കോണ്‍ഗ്രസിനോ അവരെ താങ്ങിനിര്‍ത്തിയവര്‍ക്കോ ഒരിക്കലും ഊഹിക്കാന്‍ കഴിയാത്ത നടപടികളാണ് മോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടതുതന്നെയാണ് ഇന്ധനവിലയില്‍ വരുത്തിയ വലിയ കുറവ്. അതിനെ താഴ്ത്തിക്കെട്ടാന്‍ നടത്തുന്ന ഏത് ശ്രമവും അപഹാസ്യമാവുകയേയുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ രണ്ടുതവണ വിലകുറച്ചപ്പോള്‍ ഒരു തവണപോലും, ഒറ്റ പൈസ കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരാണ് പൊയ്വെടി പൊട്ടിക്കുന്നത്.
നവംബറില്‍ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയുടെ കുറവു വരുത്തിയതും കഴിഞ്ഞ ദിവസം പെട്രോളിന് 9.50 രൂപ, ഡീസലിന് ഏഴു രൂപ എന്നീ ക്രമത്തില്‍ കുറച്ചതും എക്സൈസ് നികുതിയിലെ കേന്ദ്ര വരുമാനത്തില്‍ നിന്നു മാത്രമാണെന്ന് ഏതൊരാള്‍ക്കും വ്യക്തമാകുന്നതാണ്.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി എന്നത് ബേസിക് എക്സൈസ് ഡ്യൂട്ടി, സ്പെഷല്‍ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് സെസ് എന്നിവ ചേര്‍ത്താണ് നിശ്ചയിക്കുന്നത്. ഇതില്‍ ബേസിക് എക്സൈസ് ഡ്യൂട്ടി മാത്രമാണ് സംസ്ഥാന സര്‍ക്കാരുകളുമായി വീതം വയ്ക്കുന്നത്. മറ്റുള്ളവയെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിഹിതമാണ്.
കഴിഞ്ഞ നവംബറില്‍ നികുതി കുറച്ചതു വഴിയുള്ള നഷ്ടം 1,20,000 കോടി രൂപയാണ്. ശനിയാഴ്ചത്തെ നടപടി വഴി ഒരു ലക്ഷം കോടി രൂപയും വാര്‍ഷിക വരുമാനത്തില്‍ കുറവുണ്ടാവും. ആറു മാസത്തിനിടെ 2,20,000 കോടി രൂപയുടെ വരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കായി വേണ്ടെന്നു വച്ചത്.
നവംബറിലും ശനിയാഴ്ചയും കുറച്ച നികുതി റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസില്‍ നിന്നാണ്. അതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു രൂപയുടെ നികുതി നഷ്ടം പോലും ഇതുവഴി ഉണ്ടാവുന്നില്ല. എന്നാല്‍, നവംബറില്‍ നികുതി കുറച്ചപ്പോഴും കഴിഞ്ഞ ദിവസം നികുതി കുറച്ചപ്പോഴും ആനുപാതികമായി നികുതി കുറയ്ക്കാന്‍ തയ്യാറാവാത്ത, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്കെന്ത് ന്യായമാണ് നിരത്താനുള്ളത് ?
നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് രാജ്യത്ത് നടപ്പാക്കിയത് 90.9 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളാണ്. ഇന്ധന നികുതി വഴി ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും ജനങ്ങള്‍ക്ക് പ്രയോജനകരമായ വികസന പദ്ധതികള്‍ക്കായും സബ്സിഡി നല്കുന്നതിനായും മാറ്റിവയ്ക്കുന്നതായി കണക്കുകള്‍ സഹിതം വ്യക്തമാണ്.
2004-14 കാലഘട്ടത്തിലെ യുപിഎ ഭരണകാലത്ത് വെറും 49.2 ലക്ഷം കോടി രൂപയുടെ വികസന ചെലവുകളാണ് നടപ്പാക്കിയതെങ്കില്‍ കഴിഞ്ഞ എട്ടുകൊല്ലം കൊണ്ട് 90.9 ലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മോദി സര്‍ക്കാര്‍ നിര്‍വ്വഹിച്ചു. ഇതില്‍ 24.85 ലക്ഷം കോടി രൂപ ഭക്ഷ്യവിതരണം, ഇന്ധനം, വളം സബ്സിഡികള്‍ക്കായാണ് ഉപയോഗിച്ചത്. 26.3 ലക്ഷം കോടി മൂലധന രൂപീകരണത്തിനും വിനിയോഗിച്ചു. യുപിഎ സര്‍ക്കാരിന്റെ പത്തു കൊല്ലക്കാലത്ത് സബ്സിഡിക്കായി വെറും 13.9 ലക്ഷം കോടി രൂപ മാത്രമാണ് ചിലവഴിച്ചതെന്നും സംസ്ഥാന ധനമന്ത്രി ഓര്‍ക്കേണ്ടതുണ്ട്. എന്നിട്ടും കൊട്ടക്കണക്കിന് കള്ളക്കഥകളും നുണപ്രചാരണങ്ങളും നടത്തുന്നവരെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭിക്ഷ നല്കുകയുമില്ല, പട്ടിയെവിട്ട് കടിപ്പിക്കുകയും ചെയ്യുന്ന കഥയാണ് ഓര്‍മ്മയില്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: