ആലപ്പുഴ: പോപ്പുലര്‍ഫ്രണ്ട് റാലിയില്‍ കൊച്ചു കുട്ടിയെ കൊണ്ട് ക്രിസ്ത്യന്‍, ഹിന്ദു മതസ്ഥര്‍ക്കെതിരെ നടത്തിയ കൊലവിളിയില്‍ മൗനം തുടര്‍ന്ന് ഇടതുവലതു മുന്നണികള്‍. മുഖ്യധാരാ മുസ്ലിം സംഘടനകളും ഇതുവരെ പോപ്പുലര്‍ഫ്രണ്ട് നടപടിയെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല. ഭരണപക്ഷവും, പ്രതിപക്ഷവും, പി. സി. ജോര്‍ജിനെതിരെ വാളോങ്ങിയ സംസ്കാരിക നായകരെന്ന് അവകാശപ്പെടുന്നവരും മൗനത്തിലാണ്. ചില ദൃശ്യമാധ്യമങ്ങളാകട്ടെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായെങ്കിലും ഇതര സംഘടനകളെ ചാരി മതതീവ്രവാദത്തെ ന്യായീകരിച്ചു.
സംസ്ഥാനത്ത് വര്‍ധിക്കുന്ന മത തീവ്രവാദത്തിന്റെയും രാജ്യവിരുദ്ധതയുടെയും നേര്‍ചിത്രമാണ് ആലപ്പുഴയിലുണ്ടായത്. ഹൈന്ദവരെയും ക്രൈസ്തവരെയും തങ്ങള്‍ ഇല്ലായ്മ ചെയ്യുമെന്നുള്ള ആശയം ഇരു കൂട്ടരുടെയും മരണാനന്തര ചടങ്ങുകളെ സൂചിപ്പിക്കുന്ന പദപ്രയോഗങ്ങളിലൂടെയാണു മുദ്രാവാക്യത്തില്‍ വ്യക്തമാക്കിയത്. തങ്ങള്‍ മറ്റുമതസ്ഥര്‍ക്ക് കാലന്മാരാകുമെന്നു പ്രത്യക്ഷത്തില്‍ വിളിച്ചുപറയുകയും നൂറുകണക്കിനു പേര് ഏറ്റുവിളിക്കുകയും ചെയ്തതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നതു കൊണ്ടു മാത്രമാണ് ചര്‍ച്ചചെയ്യപ്പെട്ടതും, പോലീസ് പേരിനെങ്കിലും നടപടി സ്വീകരിക്കാനും തയ്യാറായത്.
ഈ മാസം ആദ്യമാണ് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കാന്‍ തക്ക തീവ്രവാദസ്വഭാവമുള്ള സംഘടനകളാണ് എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. എന്നിട്ടും ആലപ്പുഴയില്‍ കൊലവിളിയുമായി നടത്തിയ പരിപാടിക്ക് ഭരണകൂടം അനുമതി നല്‍കുകയായിരുന്നു. സിഎഎ വിരുദ്ധ സമരത്തിന്റെ പേരില്‍ മുസ്ലിം വികാരം ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസും, സിപിഎമ്മും മത്സരിച്ച് മതതീവ്രവാദികളുമായി കൈകോര്‍ത്തതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തേതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം മതപ്രീണനത്തില്‍ ഇടതുപക്ഷത്തിനാണ് വിജയിക്കാനായത്. എന്നാല്‍ പിടിച്ചു നില്ക്കാന് സിപിഎമ്മിനെയും കടത്തിവെട്ടുന്ന പ്രീണനമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
അടുത്ത കാലത്ത് ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരെ മുസ്ലിം മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവങ്ങളിലും തുടര്‍ച്ചയായി നടക്കുന്ന മതവിദ്വേഷ പ്രചാരണങ്ങളിലും ഭരണ, പ്രതിപക്ഷങ്ങള്‍ നിസംഗത പുലര്‍ത്തുകയാണ്. പോപ്പുലര്‍ഫ്രണ്ടിനെയും ജമാഅത്തെ ഇസ്ലാമിയേയും തരം പോലെ ഉപയോഗിക്കുകയാണ് ഇക്കൂട്ടര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പികളില്‍ എസ്ഡിപിഐ പിന്തുണ ഇടതുപക്ഷത്തിനും, വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണ യുഡിഎഫിനുമായിരുന്നു. ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പോലും ഭരണകക്ഷി നേതാക്കളുടെ സഹായം ലഭിച്ചിരുന്നു. ചില സിപിഎം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി അണികള്‍ പോലും എസ്ഡിപിഐ ബന്ധം ആരോപിച്ച് പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പോപ്പുലര്‍ഫ്രണ്ടിന് മുന്നില്‍ മൗനം പാലിക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമാക്കിയാണെങ്കില്‍ സംസ്കാരിക, മത, സമുദായ നേതാക്കളുടെ വിധേയത്വം എന്തിനുവേണ്ടിയാണെന്നാണ് ചോദ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: