ന്യൂദല്‍ഹി: കുരങ്ങുപനി (മങ്കിപോക്സ്) പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യങ്ങളോട് വാക്സിന് തയ്യാറാക്കാന്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്. ഈ സാഹചര്യത്തില്‍ യൂറോപ്പില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മങ്കിപോക്സിനു വേണ്ടി പ്രത്യേക വാക്സിനൊന്നും നിര്‍മ്മിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയന് ഈ തീരുമാനമെടുത്തത്.
വസൂരി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച വാക്സിന് ഈ രോഗത്തിന് 85% വരെ ഫലപ്രദമാണ്. ബ്രിട്ടനില്‍ ഈ വാക്സിന് ഉപയോഗിക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് ഈ വാക്സിന് കുത്തിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
രോഗം കൂടുതല്‍ വ്യാപിക്കാന്‍ ഇടയായാല്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. യാത്രാനിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, കുരങ്ങുപനി ബാധിച്ചതായി സംശയിക്കുന്ന കേസുകള്‍ നിരീക്ഷിക്കാനും തിരിച്ചറിയാനും ഉചിതമായ ചികിത്സയ്ക്കായി അവരെ ആരോഗ്യ കേന്ദ്രങ്ങളില്‍ ഐസൊലേറ്റ് ചെയ്യാനും തമിഴ്നാട് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്കും കോര്പ്പറേഷന് കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി. കഴിഞ്ഞ 21 ദിവസമായി അടുത്തിടെ സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ കേസുകളുള്ള രാജ്യത്തേക്ക് യാത്ര ചെയ്തവരെ ഉടന്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാനാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: