ചെറുവത്തൂര്‍: കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ചുഴലിക്കാറ്റാണ് ചെറുവത്തൂര്‍ മുണ്ടക്കണ്ടം സ്വദേശിനി ശകുന്തളയുടെ ജീവിതം താളം തെറ്റിച്ചത്. കനത്തമഴയില്‍ ആകെയുള്ള സമ്പാദ്യമായ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. ഭര്‍ത്താവ് ശശീധരനും പേരമകള്‍ക്കും രക്ഷപ്പെടുന്നതിനിടേ പരിക്കേറ്റു. വീട്ടിലെ ഉപകരണങ്ങളെല്ലാം മഴതകര്‍ത്തു. ഇപ്പോള്‍ അയല്പക്കത്തെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ് ശകുന്തളയും രോഗിയായ ഭര്‍ത്താവും മൂന്നുമക്കളുമടങ്ങുന്ന കുടുംബം.
മൂന്നുവര്‍ഷം മുമ്പ് വീട് അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനായി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഈ നിര്‍ധന കുടുംബത്തെ തഴയുകയായിരുന്നു. വിധവകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ധനസഹായം നല്‍കുന്നതെന്നാണ് ആറുമാസം മുമ്പ് നല്കിയ അപേക്ഷയുടെ മറുപടിയായി ലഭിച്ചതെന്ന് ശകുന്തള പറയുന്നു. ബിഡിപ്പണി ചെയ്തിരുന്ന ശകുന്തള ആരോഗ്യപരമായ പ്രശ്നം കാരണമാണ് പണി ഉപേക്ഷി കൂലി വേല ചെയ്തു തുടങ്ങിയത്. 18 വര്‍ഷം മുമ്പാണ് ആകെ കൂട്ടിക്കിട്ടിയ സമ്പാദ്യവും ലോണുമായി കൊച്ചുവീട് പണിതത്.
ഹോട്ടല്ത്തൊഴിലാളിയായിരുന്ന ഭര്‍ത്താവ് ശശീധരന് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണ്. ഇതിനിടയിലാണ് ഇരുട്ടടിയായി ആകെയുള്ള വീടും തകര്‍ന്നുവീണത്. ഇനി എന്തുചെയ്യണമെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ല. കാലവര്‍ഷക്കെടുതിയില്‍ പെടുത്തി സര്‍ക്കാരോ, ഉദാരമതികളോ കനിഞ്ഞെങ്കിലേ ഇനി ഈ കുടുംബത്തിന് പെരുവഴിയില്‍ നിന്നുള്ള മോചനമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: