സുദര്ശനകുമാര് വടശേരിക്കര
(പര്യാവരണ്‍ സംരക്ഷണ ഗതിവിധി വിഭാഗം തൃശൂര്‍ മഹാനഗര്‍ സംയോജകനാണ് ലേഖകന്‍)
എല്ലാ വര്‍ഷവും മെയ് 22 ജൈവ വൈവിധ്യ ദിനമായി ലോകം ആചരിക്കുന്നു. ജൈവവൈവിധ്യ സംരക്ഷണം എന്നത് സര്‍ക്കാരിന്റെ മാത്രം ജോലിയല്ല. സമൂഹത്തിന്റെ മാറുന്ന വീക്ഷണങ്ങള്‍ക്കും സ്വഭാവങ്ങള്‍ക്കുമൊപ്പം അന്താരാഷ്ട്ര-സര്‍ക്കാരിതര സംഘടനകള്‍, സ്വകാര്യമേഖല എന്നിവ കൂടാതെ പൗരന്മാര്ക്കും ചില സുപ്രധാന കാര്യങ്ങള്‍ ചെയ്യാനുണ്ട്.
ജൈവ വൈവിധ്യം മാനവ വംശത്തിന്റെ നിലനില്‍പ്പിന് ആധാരമായ പൈതൃകസ്വത്താണ്. അതുകൊണ്ട് ഭൂതലത്തിലും കടലിലും ആകാശത്തിലുമുള്ള ജൈവ വൈവിധ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും അവ ഭൂമിയുടെ പരിസ്ഥിതിയില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും സുസ്ഥിര വികസനത്തിനും പ്രധാന പങ്കു വഹിക്കുന്ന, മാനവരാശിയുടെ നിലനില്‍പ്പിന്റെ തന്നെ പ്രധാന ഉറവിടമാണ് ജൈവ വൈവിധ്യം. സസ്യങ്ങള്‍, മൃഗങ്ങള്‍, സൂക്ഷ്മജീവികള്‍ എന്നിവ ഉള്‍പ്പെടെ ഭൂമിയില്‍ ഒരു കോടിയിലേറെ ജീവജാലങ്ങളുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ മൂലം അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ അവയുടെ നാലിലൊന്ന് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
വേനല്‍ക്കാലവും നീണ്ട മഴക്കാലവും ജലസമ്പത്തും 44 നദികളാല്‍ ഹരിതാഭമായ ഭൂപ്രകൃതിയും നീണ്ട കടല്‍ത്തീരവും കേരളത്തെ സമ്പന്നമാക്കുന്നു. ലോകത്തിലെ 23 ജൈവവൈവിധ്യ അരക്ഷിത പ്രദേശങ്ങളില്‍ അതീവ പ്രാധാന്യമുള്ള പത്തെണ്ണത്തില്‍പ്പെട്ടതാണ് പശ്ചിമഘട്ടം. 1988 ല്‍ പശ്ചിമഘട്ടം പാരിസ്ഥിതിക അരക്ഷിത മേഖലയായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയിലെ അഞ്ചു ശതമാനം ഭൂമി മാത്രമാണ് സഹ്യാദ്രി ഉള്‍ക്കൊള്ളുന്നതെങ്കിലും 27 ശതമാനം സസ്യലതാദികളുടെ വൈവിധ്യം ഇവിടെയാണുള്ളത്. ഇന്ത്യയില്‍ കണ്ടുവരുന്ന 15,000 ഇനം സസ്യങ്ങളില്‍ 4000 വും പശ്ചിമഘട്ടത്തിലുണ്ട്. ലോകത്ത് മറ്റെവിടെയും കാണാന്‍ കഴിയാത്ത 1600 ഓളം പുഷ്പിത സസ്യങ്ങളും 16 തരം ഉഭയജീവികളും ഇവിടെയുണ്ട്. ഇന്ത്യയിലെ ബൃഹത്തായ നദീ പ്രവാഹത്തിന്റെയും നീരൊഴുക്കിന്റെയും 40 ശതമാനം ഉത്ഭവിക്കുന്നതും പശ്ചിമസാനുക്കളില്‍ നിന്നുതന്നെ. ശരാശരി 1200 മീറ്റര്‍ (3,900 അടി) ഉയരമാണ് സഹ്യപര്‍വ്വത നിരകള്‍ക്കുള്ളത്. വംശനാശ ഭീഷണി നേരിടുന്നതും അപൂര്‍വ്വവുമായ നിരവധി ഇഴജന്തുക്കളുടെയും സസ്തനികളുടെയും ആവാസകേന്ദ്രമാണിത്. സൈലന്റ് വാലിയില്‍ മാത്രം കണ്ടുവരുന്നവയാണ് സിംഹവാലന്‍ കുരങ്ങുകളും മരനായയും.
നിത്യഹരിത വനങ്ങളുടെ സാന്നിധ്യം എടുത്തു പറയേണ്ട ഒരു പ്രദേശമാണ് പശ്ചിമഘട്ടം. 45 മീറ്ററില്‍ അധികം ഉയരത്തില്‍ വളരുന്ന വൃക്ഷങ്ങളെ ഇവിടെ കാണാം. ഫേണുകള്‍, പന്നല്‍ച്ചെടികള്‍, ഓര്‍ക്കിഡുകള്‍ എന്നിവയുടെ നിരവധി വന്യ ഇനങ്ങള്‍ ഇവിടെ വളരുന്നുണ്ട്. ചൂരല്‍, മുളകള്‍ എന്നിവയും പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു. ഇന്ത്യയിലെ ജൈവ വൈവിധ്യത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും പശ്ചിമഘട്ടത്തിലാണുള്ളത്. 5000ത്തില്‍പ്പരം പുഷ്പിത സസ്യങ്ങളും 239 സസ്തനികളും 508 ഇനം പക്ഷി വര്‍ഗ്ഗങ്ങളും 179 ഉഭയജീവികളും പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്നു. ഇവയില്‍ ഭീഷണി നേരിടുന്ന 325 ഇനങ്ങള്‍ ഉണ്ടെന്നറിയുമ്പോഴാണ് സഹ്യാദ്രിയുടെ ജൈവവൈവിധ്യം ബോധ്യപ്പെടുകയുള്ളൂ.
മനുഷ്യനും സസ്യ-ജന്തുജാലങ്ങളും സൂക്ഷ്മജീവികളും ഒക്കെ ഉള്‍പ്പെട്ടതാണ് ജൈവവൈവിധ്യം. ഭൂമിയില്‍ ജീവന് ഉത്ഭവിച്ചതു മുതല്‍ തന്നെ അതിന്റെ നാശവും തുടങ്ങി. അഞ്ച് വലിയ വംശനാശവും അനേകം ചെറിയ വംശനാശങ്ങളും ജൈവ വൈവിധ്യം നഷ്ടമാകാന്‍ കാരണമായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. 251 ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ പെര്‍മിയന്‍-ട്രയാസ്സിക് വംശനാശമാണ് ഏറ്റവും വലിയ വംശനാശമായി കണക്കാക്കപ്പെടുന്നത്. ഈ വംശനാശത്തില്‍ നിന്ന് കരകയറാന്‍ നട്ടെല്ലുള്ള ജീവികള്‍ക്ക് 30 ദശലക്ഷം വര്‍ഷം വേണ്ടിവന്നു എന്ന് പറയപ്പെടുന്നു. ദിനോസറുകള്‍ ഉള്‍പ്പെടെയുള്ള ജീവിവര്‍ഗ്ഗങ്ങളുടെ നാശത്തിന് കാരണമായ ക്രിട്ടേഷ്യസ് പെര്‍മിയന്‍ ട്രയാസ്സിക് വംശനാശമാണ് അവസാന കാലത്തുണ്ടായ വംശനാശം. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഹോളോസീന്‍ വംശനാശം മനുഷ്യന്റെ ആവിര്‍ഭാവത്തോടുകൂടി ഉണ്ടായതാണ്. ഈ വംശനാശത്തില്‍ ജനിതക വൈവിധ്യത്തിന്റെയും ആവാസ വ്യവസ്ഥയുടെയും ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം, മലിനീകരണം, ആഗോള താപനം ഇവയൊക്കെ ഇതിനു കാരണമാകുന്നു.
കൊവിഡ് മനുഷ്യനെ ബാധിക്കുന്ന രോഗമായതുകൊണ്ട് നേടിയ അറിവിന്റെ പിന്‍ബലത്തില്‍ രോഗപ്പകര്‍ച്ചയെ ഒരു പരിധിവരെ തടയാന്‍ കഴിഞ്ഞു. ഇത്തരം ഒരു രോഗാണു പരാഗകാരികളായ ഷഡ്പദങ്ങളെയാണ് ആക്രമിച്ചിരുന്നതെങ്കിലോ. നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരിക്കും കാര്യങ്ങള്‍. പ്ലാസ്റ്റിക് മലിനീകരണം ഭൂമി നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്. 778 കോടി ജനങ്ങളെ ഉള്‍ക്കൊള്ളുന്ന ഭൂമിയിലെ സമ്പത്ത് കരുതലോടെ ഉപയോഗിച്ചാല്‍ മാത്രമേ വരുംതലമുറയ്ക്ക് ഇവിടെ നിലനില്ക്കാന് കഴിയൂ. ആഗോള താപനവും ഉയരുന്ന സമുദ്ര നിരപ്പും ജീവിവര്‍ഗ്ഗത്തിന് വന്‍ഭീഷണിയാണ്. മനുഷ്യന്റെ പ്രവര്‍ത്തികള്‍ കൊണ്ട് ഹരിതഗൃഹ വാതകങ്ങളായ കാര്‍ബണ്‍ ഡയോക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ് എന്നിവയുടെ അളവ് അന്തരീക്ഷത്തില്‍ ഉയരുകയും ആഗോളതാപനത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.
ഭൂമിയിലെ ഓരോ ജീവിവര്‍ഗ്ഗത്തിനും പ്രകൃതിയില്‍ ഓരോരോ ധര്‍മ്മം നിര്‍വഹിക്കാനുണ്ട്. ജൈവവൈവിധ്യം ഉണ്ടെങ്കില്‍ മാത്രമേ സന്തുലിതമായ ഒരു ആവാസവ്യവസ്ഥ ഉണ്ടാകൂ. വന്യജീവികള്‍ക്കെതിരെയുള്ള മനുഷ്യന്റെ കടന്നുകയറ്റം ഒരിക്കലും ആശാസ്യമല്ല. നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടിയിരിക്കുന്നു. ജനങ്ങളെ പരിസ്ഥിതിയുമായി കൂടുതല്‍ അടുപ്പിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ജൈവ വൈവിധ്യ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നതില്‍ നാം ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.
ഒരു ദിനാചാരണത്തിലും വൃക്ഷത്തൈകള്‍ നടുന്നതിലും തീരുന്നതല്ല നമ്മുടെ ഉത്തരവാദിത്തം. ഒറ്റയ്ക്കൊരു നിലനില്‍പ്പ് സാധ്യമല്ലെന്നും എല്ലാ ജീവജന്തുജാലങ്ങളും സ്വന്തം വംശവൃക്ഷത്തിലെ ചില്ലകളാണെന്നുമുള്ള തിരിച്ചറിവ് പ്രായശ്ചിത്തമാകട്ടെ. ലോക്ഡൗണ്‍ കാലത്ത് മനുഷ്യന് വീട്ടകങ്ങളിലേക്ക് മടങ്ങിയപ്പോള്‍ പ്രകൃതി അതിന്റെ സ്വാഭാവികതയിലേക്ക് ഒരു പരിധിവരെയെങ്കിലും മടങ്ങി. കിളിയൊച്ചകള്‍ തിരികെയെത്തി, അരുവികളും ആകാശവും തെളിഞ്ഞു, പൂക്കള്‍ പുഞ്ചിരിച്ചു. പൂന്തോട്ടങ്ങളും അടുക്കളത്തോട്ടങ്ങളും വീട്ടുമുറ്റങ്ങളില്‍ സ്ഥാനം പിടിച്ചു. മനുഷ്യന്റെ ഇടപെടല്‍ കുറയുംതോറും സ്വച്ഛമാകുന്ന പ്രകൃതി എന്നത് അത്ര നല്ല സൂചനയല്ല. മാലിന്യമൊഴിഞ്ഞ, സുസ്ഥിരമായ കാലാവസ്ഥയുള്ള, വിസ്തൃതവനങ്ങളും പച്ചപ്പും പ്രകൃതിസൗഹൃദ ബോധമുള്ള മനുഷ്യരും നിറഞ്ഞ നല്ല ഭൂമി അടുത്ത തലമുറയ്ക്ക് കൈമാറാന്‍ സാധിക്കണം. ജൈവ വൈവിധ്യമെന്നാല് ജീവനും ജീവന്റെ നിലനില്‍പ്പുമാണ്. ഭൂമിയുടെ ജൈവമേഖല എന്ന് കരുതപ്പെടുന്നത് ഉപരിതലത്തിലുള്ള ഏതാനും മീറ്ററുകള്‍ മാത്രമാണ്. മണ്ണിലും ജലത്തിലും വായുവിലുമായി കോടാനുകോടി ജീവജാലങ്ങള്‍ അധിവസിക്കുന്നു. ജൈവ വൈവിധ്യ മേഖലയുടെ ഏറ്റവും മുകളിലത്തെ പ്രതലത്തില്‍ മനുഷ്യന്റെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിന്റെ മൂലകാരണമായ മരങ്ങള്‍ ഉള്‍പ്പെടുന്ന സസ്യലോകം സ്ഥിതിചെയ്യുന്നു.
മരങ്ങള്‍ നമ്മുടെ പ്രാണവായുവിന്റെ അക്ഷയ ഖനികളാണ്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു മരം മണിക്കൂറില്‍ ജീവന് ഹാനികരമായ 2250 കിലോഗ്രാം കാര്‍ബണ്‍ ഡയോക്സൈഡു വലിച്ചെടുക്കുന്നതും 1712 കിലോഗ്രാം ഓക്സിജന്‍ നല്‍കുന്നതും മൂലമാണ് നാം നിലനില്‍ക്കുന്നത്. അപ്പോള്‍ മരം ഒരു വരം തന്നെയാണ്. പക്ഷേ, ഈ ജീവസമൃദ്ധിയെ മനുഷ്യന് വെട്ടിനശിപ്പിക്കുന്നത് എത്ര ലാഘവത്തോടെയാണ്? ആഗോളതാപനം മനുഷ്യന്റെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിനു ഭീഷണിയാകുന്ന ഈ ദശാസന്ധിയിലെങ്കിലും ഹരിതവത്ക്കരണമെന്നത് കടമയായി കരുതണം. ഒരു മരമെങ്കിലും ഈ ജൈവ വൈവിധ്യ ദിനത്തില്‍ നട്ടും ജീവജാലങ്ങളെ സംരക്ഷിച്ചും കൃഷിയിടങ്ങളിലെ ജൈവീകത നിലനിര്‍ത്തിയും നദികളുടേയും കായലുകളുടേയും സ്വാഭാവികത നിലനിര്‍ത്തിയും ഈ ഭൂമിയെ സംരക്ഷിക്കുന്നതില്‍ നമുക്ക് പങ്കാളിയാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: