ശാസ്താംകോട്ട: തടാകതീരത്ത് മൊട്ടക്കുന്നുകള്‍ ഇടിച്ചു നിരത്തി മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച എക്സൈസ് ഓഫീസ് നിര്‍മാണം ഉപേക്ഷിച്ച നിലയില്‍. ഇതോടെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുന്നിടിച്ച് കൂട്ടിയ ലോഡ് കണക്കിന് മണ്ണ് മഴ തുടങ്ങിയതോടെ തടാകത്തിലേക്ക് ഒഴുകി ഇറങ്ങുന്നു.
രണ്ടാഴ്ച മുമ്പ് പെയ്ത വേനല്‍മഴയില്‍ തടാകത്തിലെ ജലത്തിന് നിറവ്യത്യാസമുണ്ടായത് വ്യാപകമായ ഉത്ക്കണ്ഠയ്ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ കാരണം കണ്ടെത്താന്‍ കോഴിക്കോട് ജലവിഭവ മാനേജ്മെന്റ് പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ അടുത്തിടെ ശാസ്താംകോട്ടയിലെത്തി തടാകജലം ശേഖരിച്ച് പരിശോധനയ്ക്കായി കൊണ്ടു പോയി. പകര്‍ച്ചവ്യാധിക്ക് കാരണമാകുന്ന കോളി ഫാം ബാക്ടീരിയയുടെയും അയണിന്റെയും അമിതസാന്നിധ്യം ജലപരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മണ്ണ് വ്യാപകമായി തടാകത്തിലേക്ക് ഒലിച്ചിറങ്ങുന്നത്.
ജില്ലയിലെ പതിനായിരങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ശാസ്താംകോട്ട തടാകതീരത്തെ മൊട്ടക്കുന്നുകള്‍ ഇടിച്ചു നിരത്തുന്നതിനെതിരെ തുടക്കത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ ഒന്നും വകവയ്ക്കാതെ 2019ല്‍ എക്സൈസ് മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണന് ഓഫീസിന്റെ ശിലാസ്ഥാപനം നടത്തി.
തടാകത്തിന് സംരക്ഷണമൊരുക്കുന്ന പ്രകൃതിദത്തമായ മൊട്ടക്കുന്നുകളാണ് വ്യാപകമായി ഇടിച്ചു നിരത്തിയത്. പോലീസ് സ്റ്റേഷന് താഴെ റസ്റ്റ്ഹൗസിനോട് ചേര്‍ന്ന പ്രദേശത്താണ് സര്‍ക്കാര്‍ അനുമതിയോടെ ഈ അനീതി നടന്നത്.
ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തെ കൂടുതല്‍ നാശത്തിലേക്ക് കൂപ്പ് കുത്തിക്കുന്ന തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. ലോക് ഡൗണിന്റെ മറവില്‍ ജനകീയ പ്രക്ഷോഭം ഉണ്ടാകില്ലന്ന ഉറപ്പില്‍ വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സംരക്ഷണ ഭിത്തി കെട്ടാനെന്ന പേരില്‍ രഹസ്യമായി മണ്ണ് മാന്തി യന്ത്രവും ടിപ്പറുകളുമെത്തിച്ച് ലോഡ് കണക്കിന് മണ്ണ് കടത്തി. ശേഷിച്ച മണ്ണ് തടാകതീരത്ത് കൂട്ടിയിട്ടു.ഇതിനിടെ നിര്‍മ്മാണ പ്രവര്‍ത്തനം പാതിവഴിയില്‍ ഉപേക്ഷിച്ച് കരാറുകാരന് മടങ്ങി. ഇതോടെയാണ് തീരത്തെ മണ്‍കൂനകള്‍ മഴക്കാലത്ത് തടാകത്തിലേക്ക് ഒഴുകി ഇറങ്ങാന്‍ തുടങ്ങിയത്.
ശാസ്താംകോട്ടയില്‍ സര്‍ക്കാര്‍ ഭൂമി നിരവധി ഉണ്ടായിട്ടും എക്സൈസ് ഓഫീസ് നിര്‍മിക്കാന്‍ തടാകതീരം തിരഞ്ഞെടുത്തതിന് പിന്നില്‍ വന്‍ അഴിമതിയാണന്ന് ആക്ഷേപമുണ്ട്. നിലവില്‍ തീരത്ത് കൂടിയിട്ടിരിക്കുന്ന മണ്ണിന്റെ പതിന്മടക്ക് രഹസ്യമായി കടത്തുകയായിരുന്നത്രേ. മുമ്പ് പോലീസ് സ്റ്റേഷനും നഗരത്തില്‍ നിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലുള്ള വിജനമായ തടാക തീരത്തേക്ക് മാറ്റിയിരുന്നു. സന്ധ്യ മയങ്ങിയാല്‍ തടാക തീരത്തെ വിജനമായ വഴിയിലൂടെ പോലീസ് സ്റ്റേഷനിലേക്കെത്താന്‍ പരാതിക്കാര്‍ മടിക്കുകയാണ്. പിന്നാലെ എക്സൈസ് ഓഫീസും ഇവിടേക്ക് കൊണ്ടുവരുന്നതിന് പിന്നില്‍ സംഘടിതമായ പല അജണ്ടകളും ഉണ്ടെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: