വ്യക്തികളുടെ പഞ്ചേന്ദ്രിയങ്ങളെ ഭരണകൂടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നത് വ്യക്തികള്‍ അറിയുന്നുണ്ടോ? പക്ഷേ, ആ നിരോധനങ്ങള്‍ അല്ലെങ്കില്‍ നിയന്ത്രണങ്ങള്‍ നിഷേധിക്കുകയും ലംഘിക്കുകയും ചെയ്യുന്നതില്‍ ചിലതൊക്കെ ഭരണകൂടം അറിയുന്നുണ്ട്. അത് പരസ്യമായ വെല്ലുവിളികളിലൂടെ നടത്തുമ്പോഴേ അറിയാനുള്ള അവസരം ഉണ്ടാകുന്നുള്ളുവെന്ന്മാത്രം.
പഞ്ചഭൂതങ്ങള്‍ വ്യക്തിക്കുവേണ്ടി മാത്രമല്ലാത്തതിനാലാണ് അവയുടെ ചൂഷണമോ അമിതോപയോഗമോ മലിനീകരണമോ നടത്തുമ്പോള്‍, അതുചെയ്യുന്ന വ്യക്തികളേയും കൂട്ടത്തേയും ഭരണകൂടം പ്രതിക്കൂട്ടിലാക്കുന്നത്. ഇങ്ങനെ, ദുരുപയോഗത്തിലൂടെ സാംസ്കാരിക മേഖലയെ ദുഷിപ്പിക്കുന്നവര്ക്കെതിരേയുള്ള നടപടികള്‍ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അത് വിദ്വേഷ പ്രസംഗമായാലും സാമൂഹ്യ മാധ്യങ്ങളിലെ പരാമര്‍ശങ്ങളായാലും എഴുത്തായാലും ദൃശ്യമായാലും പ്രവൃത്തിയായാലും സംഭവിക്കണം. അത് പരിഷ്കൃത സമൂഹത്തിലെ സൈ്വര ജീവിതത്തിന് അനിവാര്യമാണ്.
പക്ഷേ, അത്തരം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ട ഭരണകൂടം, അക്കാര്യത്തില്‍ ദുര്‍ബുദ്ധിയോടെ വിവേചനം കാണിച്ചാല്‍ അത് അപകടമാണ്. അത് സാമൂഹ്യ സംവിധാനത്തിന്റെ പഞ്ചഭൂതങ്ങളുടെ സംരചന തകര്‍ക്കുന്നതാകും. അത് പുതിയ അസ്വസ്ഥതകള്‍ക്ക് വഴിവെയ്ക്കും.
ഭരണകൂടം എന്നത്, ജനാധിപത്യ കാലത്ത്, ജനങ്ങള്‍ തന്നെയാണ്. നിര്‍വഹണത്തിന് ഉദ്യോഗസ്ഥരേയും നിര്‍ദേശം നല്കാന് ജനപ്രതിനിധികളേയും അതിലെ വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നീതിന്യായ സംവിധാനത്തേയും നിയോഗിച്ചിരിക്കുന്നുവെന്നേയുള്ളു. മൂന്ന് വിഭാഗവും അവരവരെ ഏല്‍പ്പിച്ച ജോലികള്‍ അണുവിട തെറ്റാതെ ചെയ്യുന്നുവെന്ന് അഥവാ ചെയ്യുന്നില്ലെന്ന് ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ എന്നൊരു നാലാം തൂണും ജനാധിപത്യത്തിലെ അനിവാര്യതയാണ്. ഇതിലെല്ലാം ഉള്ളതും ഇതിന്റെയെല്ലാം ചേര്‍ച്ചയോ അകല്‍ച്ചയോ മൂലമുണ്ടാകുന്ന സ്ഥിതിവിശേഷം അനുഭവിക്കുന്നവരുമായ ജനങ്ങളും ചേര്‍ന്ന പഞ്ചഭൂതാത്മക സ്ഥിതി സാമൂഹ്യ ഘടനയിലും വീക്ഷിക്കാവുന്നതാണ്.
പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും ചേര്‍ന്നുള്ള സമവും സമവായപൂര്ണവുമായ സ്ഥിതിയാണ് വാസ്തവത്തില്‍ സുസ്ഥിതമായ അവസ്ഥ. പക്ഷേ, ഇവയെല്ലാം തമ്മില്‍ത്തമ്മിലും അതതിന്റെ ഉള്ളിലുമുള്ള സംഘര്‍ഷവും സംഘട്ടനവുമാണ് ഇന്നത്തെ നടപ്പ്.
പഞ്ചേന്ദ്രിയങ്ങളില്‍ മൂക്ക്, നാക്ക്, കണ്ണ്, ത്വക്ക്, ചെവി എന്നിങ്ങനെയാണ് സൂക്ഷ്മത്തിലേക്ക് സ്ഥൂലത്തില്‍ നിന്നുള്ള ക്രമപ്രകാരമുള്ള വഴിയായി നിരീക്ഷണ പരീക്ഷണങ്ങള്‍ക്കു ശേഷം ജ്ഞാനികള്‍ വിധിച്ചിരിക്കുന്നത്. മണത്തിലൂടെയാണത്രെ ആദ്യം അറിയുന്നത്. മണത്തിന്, പഞ്ചഭൂതങ്ങളില്‍ വായുവിന്റെ സഹായത്തോടെ എത്രയെങ്കിലും ദൂരത്തെത്താം. അതുകൊണ്ടുതന്നെ ആദ്യം സ്ഥൂലമായ അറിവ് മൂക്കിലൂടെ കിട്ടുന്നു. അതുകഴിഞ്ഞാല്‍ രുചിയാണ്, നാവിന്റെ പങ്ക്. അടുത്തത് കണ്ണിന്റെ കഴിവാണ്, കാഴ്ച. പിന്നെയാണ് സ്പര്‍ശനം, ത്വക്കിന്റെ ധര്‍മ്മം. അതും കഴിഞ്ഞാല്‍ കേള്‍വി. കാണാത്തവര്‍ക്കും കേള്‍വിയിലൂടെ ആളുകളെ വരെ തിരിച്ചറിയാന്‍ കിട്ടുന്ന കഴിവ്, ഈ സൂക്ഷ്മതയുടെ വിശേഷമാണ്.
മനുഷ്യരേക്കാള്‍ തിര്യക്കുകളെ, മൃഗങ്ങളെ, നോക്കിയാല്‍ മേല്‍പ്പറഞ്ഞ അറിയുന്ന ക്രമത്തിലെ സ്ഥൂലത്തില്‍ നിന്നുള്ള സൂക്ഷ്മത്തിന്റെ ഗതി മനസ്സിലാകും. ജന്തുക്കള്‍ ആദ്യം മണത്തു നോക്കി, പിന്നെ രുചിച്ചുനോക്കിയാണ് വസ്തുക്കള്‍ തിരിച്ചറിയുന്നത്. കുരങ്ങിനെ നിരീക്ഷിച്ച്, ‘സ്യമന്തകം മണിയുടെ കഥ’ കവിതയാക്കിയപ്പോള്‍ കേരളവര്‍മ വലിയകോയിത്തമ്പുരാന് ഇങ്ങനെ എഴുതിയിട്ടുണ്ട്:
”മണപ്പിച്ചു ചുംബിച്ചു നക്കിക്കടിച്ചി-
ട്ടിണങ്ങാതെ ദൂരത്തെറിഞ്ഞാന്‍ കുരങ്ങന്
മണിശ്രേഷ്ഠ! മാഴ്കൊല്ല; നിന്നുള്ളു കാണ്മാന്-
പണിപ്പെട്ടുടയ്ക്കാഞ്ഞതേ നിന്റെ ഭാഗ്യം”
വ്യക്തിയും സമൂഹവും അവയുടെ ഇന്ദ്രിയങ്ങള്‍ ശരിയായി വിനിയോഗിക്കുന്നതിലാണ് വിജയത്തിന്റെ രഹസ്യം. ഭഗവദ് ഗീതയില്‍ രണ്ടാം അധ്യായമായ സാംഖ്യയോഗത്തില്‍ ഒരു ശ്ലോകത്തിലൂടെ ഇങ്ങനെ പറയുന്നു:
”യദാ സംഹരതേ ചാ അയം,
കൂര്‍മോംഗാനീവ സര്വശഃ
ഇന്ദ്രിയാണിന്ദ്രിയാര്ത്ഥേഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിത” (സാംഖ്യയോഗം, 58)
ഏകദേശ അര്‍ത്ഥം ഇങ്ങനെയാണ്: ആമ അതിന്റെ തലയും അവയവങ്ങളും ആവശ്യം കഴിഞ്ഞാല്‍ അതിന്റെ ഉള്ളിലേക്ക് വലിക്കുന്നു. അതുപോലെ, യോഗിയായവന്‍ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍നിന്ന് ഉള്‍വലിക്കുമ്പോള്‍ അവന് സ്ഥിതപ്രജ്ഞനാകുന്നു, അവന്റെ ബുദ്ധി ഉറയ്ക്കുന്നു.
പഞ്ചേന്ദ്രിയങ്ങളാണ് അനുഭവിക്കാനുള്ള അടിസ്ഥാന അവയവങ്ങള്‍ എന്നിരിക്കെ അതിനുള്ള ഉപകരണങ്ങള്‍ മാത്രമായ ശരീരാവയവങ്ങളില്‍ സര്‍വ്വതും സമര്‍പ്പിക്കുന്ന ജീവിത സംസ്കാരത്തിലേക്ക് ജനത വീണുപോയത് എന്നായിരിക്കും?
ഉത്തമാംഗം ശിരസ്സായിരിക്കേണ്ടതിനു പകരം വയറായി മാറിയത് ആദ്യ ദുരന്തം. പിന്നീട്, ആവര്‍ത്തിച്ച പാശ്ചാത്യ സംസ്കാരാധിനിവേശത്തിന്റെ പരമാവധിയില്‍, ഉത്തമാംഗം അരക്കെട്ടിലാണെന്ന ധാരണ പരന്നു. അവിടെത്തുടങ്ങി അഗാധപതനം. ഇന്ദ്രിയ നിയന്ത്രണങ്ങള്‍ക്കു പകരം പോഷണത്തിനായി ശാസ്ത്രീയതയുടെ ദുര്‍വിനിയോഗം. അത്തരം കൃത്രിമ ഉത്തേജനങ്ങളിലൂടെ തളര്‍ന്നത് സാംസ്കാരികതയായി എന്നുമാത്രം!
പഞ്ചേന്ദ്രിയങ്ങളില്‍ കണ്ണുകള്‍ക്ക് ഉണ്ടായിരുന്ന മധ്യമസ്ഥാനം (ക്രമപ്പട്ടികയില്‍) പ്രഥമസ്ഥാനത്തേക്ക് എത്തിയെന്നതാണ് ഇക്കാലത്തുണ്ടായ മാറ്റം. ആധുനിക ലോകത്തെ കാഴ്ചയുടെ കാലത്തിന് കൊവിഡിന്റെ അടച്ചിടല്‍ ഘട്ടം കൂട്ടായപ്പോള്‍, അതിവേഗ വ്യാപനവുമായി. ഇന്ന്, ഇഞ്ചുകണക്കിനാണ് കാഴ്ച. കണ്ണിന്റെ സ്വാഭാവിക സര്ഗവൈഭവത്തിനപ്പുറം സാങ്കേതികതയുടെ രീതിയും സ്വഭാവവും വന്നു ചേര്‍ന്നിരിക്കുന്നു. വീട്ടിനുള്ളിലിരുന്ന്, ജനാലയ്ക്കിടയിലൂടെ ആകാശച്ചതുരം കണ്ടിരുന്ന ശീലം, അല്ലെങ്കില്‍ പൂത്തു നില്ക്കുന്ന മുല്ലച്ചെടി കണ്ടിരുന്ന ശീലം, മാറി. ജനലിന്റെ അഴിയിലെ ചതുരക്കള്ളിയിലേക്ക് കാഴ്ചയൊതുക്കിക്കുറുക്കുകയോ സൂക്ഷ്മക്കാഴ്ചയാകുകയോ ചെയ്യുകയാണിന്ന്. മൊബൈല്‍ സ്ക്രീനാണ് കാഴ്ചയുടെ വലുപ്പം നിശ്ചയിക്കുന്നതും നമ്മെ ശീലിപ്പിക്കുന്നതും. ലോകവും ലോകവിവരവും ആറിഞ്ച് സ്ക്രീനില്‍ ഒതുക്കി ശീലിക്കുകയാണ്. മുമ്പില്ലാത്ത രീതിയിലും ഭാവുകത്വത്തിലും കണ്ണുപയോഗിക്കുന്നു. അടുത്തുകാണുക മാത്രമല്ല, അടുത്തുവെച്ച് കാണുകയും ചെയ്യുന്നു. കാഴ്ചരോഗചികിത്സകര് നിര്‍ദേശിക്കുന്നത്, അരമണിക്കൂറിനിടെ നിങ്ങള്‍ അകലെയുള്ളതെന്തെങ്കിലും നോക്കുക, കാണുക, കണ്ണിനെയും കാഴ്ചയേയും ചുരുക്കിക്കളയാതിരിക്കുക എന്നാണ്.
കണ്ണും കാതും മറ്റിന്ദ്രിയങ്ങളും സ്വയം നിയന്ത്രിക്കുന്ന കാലവും ഘട്ടവും വരുമ്പോള്‍, തുടക്കത്തില്‍ പറഞ്ഞതുപോലെ, വ്യക്തിയുടെ കാഴ്ചയും കേള്‍വിയും ഒന്നും നിരീക്ഷിച്ച് നിയന്ത്രിക്കാന്‍ ഭരണകൂടത്തിനും മിനക്കെടേണ്ടിവരില്ല. ”ഭരണകൂടം കൊഴിഞ്ഞുപോകുമെന്ന” ഭാവന, നടക്കാത്ത സ്വപ്നമായി ശേഷിക്കുന്നെങ്കിലും അതിനുള്ള സാധ്യതകളിലേക്കുള്ള ചുവടുവെപ്പാകും ഈ നിയന്ത്രണം.
പക്ഷേ, അതെത്രമാത്രം സാധ്യമാണ്, ജനാധിപത്യം നിയന്ത്രിക്കുന്നത് കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ഏകാധിപത്യ-സ്വേച്ഛാധിപത്യ മനോഭാവക്കാരകുമ്പോള്, എന്നതാണ് അടിസ്ഥാന ചോദ്യം. രാഷ്ട്രത്തേക്കാള്‍ രാഷ്ട്രീയം മേലേ ആകുകയും അത് കക്ഷിരാഷ്ട്രീയമാകുകയും ചെയ്യുമ്പോള്‍ അത്രഎളുപ്പമല്ല ഇതൊന്നും.
‘കാഴ്ചയുടെ അശാന്തി’ എന്ന പുസ്തകമെഴുതിയ, മലയാളത്തില്‍ ഒരുകാലത്ത് ഏറെ ശ്രദ്ധേയനായ നിരൂപകനുണ്ട്, ഡോ.വി. രാജകൃഷ്ണന്. എണ്‍പതുകളിലെ ഒരുകൂട്ടം സര്‍ഗാത്മക നിരൂപകരില്‍ ഒരാള്‍. സാഹിത്യ-സിനിമാ-സാംസ്കാരിക നിരൂപകന്. നിരൂപണ-വിമര്‍ശന വേദിയില്‍ അക്കാലത്തെ വാഗ്ദാനമായിരുന്നു. സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ നിരൂപണപുസ്തകമാണ് ‘കാഴ്ചയുടെ അശാന്തി.’ ആ പേരില്‍ത്തന്നെയുണ്ട് പുതുമ. പക്ഷേ, ഇടയ്ക്ക് നിരൂപണ മേഖലയില്‍നിന്ന് അദ്ദേഹം നിഷ്ക്രമിച്ചു. ഇപ്പോള്‍ മടങ്ങിവരുന്നതുപോലെ തോന്നുന്നു; എന്നാല്‍, കാഴ്ചക്കേടോടെയാണ് വരുന്നത്. ജനാധിപത്യവും ആവിഷ്കാര സ്വാതന്ത്ര്യവും പറയാനുള്ള അവകാശവും നിലനില്‍ക്കെത്തന്നെ, കാഴ്ചപ്പാടിലെ അദ്ദേഹത്തിന്റെ പോരായ്മ വിളിച്ചു പറഞ്ഞുകൊണ്ടാണ് ‘പ്രസാധകന്’ മാസികയില്‍, ‘കാവിപുതയ്ക്കുന്ന ഇന്ത്യന്‍ റിപ്പബ്ലിക്’ എന്ന നെടുങ്കന്‍ ലേഖനം രാജകൃഷ്ണന് എഴുതിയിരിക്കുന്നത്. ഉത്തര്‍പ്രദേശിനെയും മുഖ്യമന്ത്രി യോഗിയേയും കുറിച്ചാണ് പകുതിയും. അതിലെ പരാമര്‍ശത്തിന്റെയും വിമര്‍ശനത്തിന്റെയും വസ്തുതാപരമായ പരിശോധന അദ്ദേഹം നടത്തിയിട്ടുണ്ടാവാനിടയില്ല. നടത്തിയെങ്കില്‍ അങ്ങനെയൊന്നും എഴുതില്ല. റിപ്പബ്ലിക്കിനെക്കുറിച്ച് ആകുലപ്പെടുമ്പോള്‍, രാഷ്ട്രമല്ല, രാഷ്ട്രീയമല്ല, കക്ഷിരാഷ്ട്രീയം പോലുമല്ല അദ്ദേഹത്തിന്റെ കണ്‍വെട്ടത്തില്‍. ഇത് ഇന്ദ്രിയങ്ങളുടെ ദുര്വിനിയോഗവുമല്ല, അതിനപ്പുറം, ‘രോഗത്തിന്റെ പൂക്കള്‍’ വിരിഞ്ഞിരിക്കുകയാണ് അദ്ദേഹത്തില്‍. സാംസ്കാരിക ലോകത്ത് ഇത്തരം രോഗക്കാരുടെ പൂന്തോട്ടമാണല്ലോ കേരളത്തില്‍.
പിന്കുറിപ്പ്:
തൃക്കാക്കരയും തൃപ്പൂണിത്തുറയും തമ്മിലെന്താണ് ബന്ധം. ബന്ധുത്വത്തേക്കാള്‍ ശത്രുത്വമാണ് തെളിഞ്ഞു കാണുന്നത്. മഹാബലിയെന്ന അസുരചക്രവര്‍ത്തിയും വാമനനെന്ന ദേവനും തമ്മിലുള്ള, ധര്‍മ്മാടിസ്ഥാനത്തില്‍ ബുദ്ധിവൈഭവം ഉപയോഗിച്ചുള്ള, യുദ്ധമായിരുന്നു ബലികഥയിലെ മൂന്നടിയളക്കല്. എന്നാല്‍, ജനാധിപത്യത്തിന്റെ ഇക്കാലത്തെ യുദ്ധം അങ്ങനെയൊന്നല്ല. ആര് ആരെ സുതലത്തിലേക്കയക്കുമെന്നതാണ് കണ്ടറിയേണ്ടത്. ഭരണത്തലപ്പത്തിരുന്ന മഹാബലിയുടെ അഹന്തയുടെ അവസാനംകൂടിയായിരുന്നുവല്ലോ അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: