തിരുവനന്തപുരം: മുസ്ലിം പൗരോഹിത്യം വരുത്തുന്ന തെറ്റുകളെ വിമര്‍ശിക്കുന്നതില്‍ ഇടതുബുദ്ധിജീവികളും ഇടത് സ്ഥാപനങ്ങളും കുറ്റകരമായ മൗനം പാലിക്കുന്നുവെന്ന വിമര്‍ശനവുമായി ഇടത് നിരീക്ഷകന് ബി.എന്‍. ഹസ്കര്‍. സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാര് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിച്ച വിഷയത്തില്‍ മനോരമ ടിവി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങിനെയൊരു പ്രതികരണം നടത്തിയത്.
പൗരോഹിത്യത്തിന്റെ ഒരു വ്യാളീപിടിത്തം കേരളത്തില്‍ വരുന്നുണ്ട്. കേരളത്തിലെ മുസ്ലിം നേതാക്കള്‍ക്കിടയില്‍ പൗരോഹിത്യത്തിന്റെ വ്യാളീപിടിത്തം കടന്നുവരുന്നുണ്ട്. അതിനെതിരെ പ്രതികരിച്ചാല്‍ അത് വലിയ പ്രതിസന്ധിയുണ്ടാക്കും എന്ന് ഇവര്‍ കരുതുന്നു. അതുകൊണ്ട് എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ പോലും സമസ്തയ്ക്ക് എതിരെ പ്രതികരിക്കാത്തതെന്ന് ബി..എന്‍.ഹസ്കര്‍ പറഞ്ഞു.
ഇന്ത്യയിലേക്ക് സെമറ്റിക് മതമായ ഇസ്ലാം കടന്നുവന്നപ്പോള്‍ പൗരോഹിത്യത്തിന്റെ വലിയ വ്യാളീപിടിത്തം ഇവിടെ ഉണ്ടായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡിന്റെ വൈസ് പ്രസിഡന്റായ എം.ടി. അബ്ദുള്ള മുസ്ലിയാര് ഒരു പത്താം ക്ലാസ് പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ നടത്തിയ പ്രസ്താവന.- ഹസ്കര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പൊതുവേദിയിലേക്കു ക്ഷണിച്ചതിനെതിരെ ഇകെ സമസ്ത നേതാവ് അബ്ദുല്ല മുസ്ലിയാര് പൊതുവേദിയില്‍ പ്രകോപിതനായത്. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെണ്‍കുട്ടിയെ സ്റ്റേജില്‍ വിളിച്ചപ്പോള്‍ സമ്മാനം നല്‍കിയത് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങളാണ്. ഇതിന് തൊട്ടുപിന്നാലെയാണ് സമസ്ത കേരള ജെമിയ്യത്തുല്‍ ഉലമയുടെ സീനിയര്‍ നേതാവായ എം.ടി. അബ്ദുള്ള മുസ്ലിയാര് സ്റ്റേജില്‍ വന്ന് പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വരുത്തിയതിന് സംഘാടകരെ ചീത്ത വിളിച്ചത്. സമസ്ത നേതാവ് ദേഷ്യപ്പെട്ട് ”ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്? ഇനി മേലില്‍ ഇങ്ങോട്ട് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ചുതരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ? രക്ഷിതാവിനോട് വരാന്‍ പറയ്” എന്നു പറയുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: