കലയും സാഹിത്യവും ആഘോഷങ്ങളും ഉത്സവങ്ങളും ഒരു ജനതയുടെ ആത്മാവിഷ്‌കാരത്തിന്റെ സാധ്യതകളാണ്. മലയാളത്തനിമയുടെ ഉത്സവമായ തൃശ്ശൂര്‍ പൂരം ആ നിലയ്‌ക്ക് കേരളത്തിന്റെ സ്വത്വാവിഷ്‌കാരമാണ്.
മുപ്പത്തിയാറ് മണിക്കൂര്‍ തുടര്‍ച്ചയായി നീളുന്ന പൂരം. പെയ്‌തൊഴിയാതെ പഞ്ചവാദ്യവും പാണ്ടിമേളവും. സൗന്ദര്യക്കാഴ്ചകളില്‍ മതിമറന്ന് ജനസഞ്ചയം. കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് തൃശ്ശൂര്‍ പൂരം. കഥകളി പോലെ, വള്ളംകളി പോലെ, വടക്കേ മലബാറിലെ തെയ്യം പോലെ തൃശ്ശൂര്‍ പൂരം കേരളത്തിന്റെ മുഖമുദ്രയാണ്.
രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തൃശ്ശൂര്‍ നഗരം ആഹ്ലാദാരവങ്ങള്‍ കൊണ്ട് നിറയുന്നു. തെക്കന്‍ കൈലാസത്തില്‍ നാളെയാണ് ശൈവ-ശാക്തേയ സംഗമത്തിന്റെ മഹാപൂരം. രണ്ട് നൂറ്റാണ്ടിലേറെ നീളുന്ന തൃശ്ശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം പൂരം മുടങ്ങിയത് കഴിഞ്ഞ വര്‍ഷങ്ങളില്‍ മാത്രം. കഴിഞ്ഞ രണ്ട് വര്‍ഷവും കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ പൂരം ചടങ്ങ് മാത്രമാക്കി. ഇക്കുറി ആ നഷ്ടബോധത്തെ മറികടക്കാനുള്ള ഊര്‍ജ്ജവും ആവേശവും നിറയുകയാണ് സാംസ്‌കാരിക നഗരിയുടെ സിരകളില്‍.
കേരളത്തിലെ 108 ശിവാലയങ്ങളില്‍ പ്രഥമമായ വടക്കുന്നാഥന്റെ മണ്ണിലാണ് തൃശ്ശൂര്‍ പൂരം അരങ്ങേറുന്നത്. യോഗീഭാവത്തിലുള്ള വടക്കുന്നാഥന്‍ പൂരത്തിന് സാക്ഷി മാത്രമാണ്. ഒരു തരത്തിലുള്ള എഴുന്നള്ളിപ്പുകളും ആഘോഷങ്ങളും വടക്കുന്നാഥ ക്ഷേത്രത്തില്‍ പതിവില്ല. ശിവരാത്രിക്കും തിരുവാതിരയ്‌ക്കും പ്രത്യേക പൂജകള്‍ മാത്രം.
പാറമേക്കാവും തിരുവമ്പാടിയുമാണ് പൂരത്തിലെ പ്രധാന പങ്കാളികള്‍. കണിമംഗലം, പനമുക്കംപിള്ളി ശാസ്താക്കന്മാരും നെയ്തലക്കാവ്, ലാലൂര്‍, അയ്യന്തോള്‍, കാരമുക്ക്, ചൂരക്കോട്ടുകാവ്, ചെമ്പുക്കാവ് ഭഗവതിമാരുമാണ് പൂരത്തിലെ മറ്റ് പങ്കാളികള്‍. തിരുവമ്പാടിയില്‍ പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണനാണെങ്കിലും ഉപദേവതയായ ഭഗവതിയാണ് പൂരത്തില്‍ പങ്കെടുക്കുന്നത്.
അനുഷ്ഠാനപരമായ ചടങ്ങുകള്‍ കൊണ്ട് സമ്പന്നമാണ് തൃശ്ശൂര്‍ പൂരം. ഏഴ് ദിവസം മുന്‍പ് പങ്കാളികളായ ക്ഷേത്രങ്ങളില്‍ കൊടിയേറുന്നതോടെ പൂരച്ചടങ്ങുകള്‍ക്ക് തുടക്കമാകും.
പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതി രാവിലെ ഒരാനപ്പുറത്ത് പാണികൊട്ടിന്റെ അകമ്പടിയോടെ പുറപ്പെട്ട് വടക്കുന്നാഥനെ വണങ്ങി ക്ഷേത്രത്തിന്റെ തെക്കേ ഗോപുരവാതില്‍ തുറന്ന് പുറത്തേക്കിറങ്ങി പൂര വിളംബരം നടത്തും. ശിവരാത്രിനാളിലും പൂരത്തിനും മാത്രമാണ് വടക്കുന്നാഥന്റെ തെക്കേഗോപുരവാതില്‍ തുറക്കുക.
പൂരം നാളില്‍ വടക്കുന്നാഥനെ വണങ്ങാന്‍ ആദ്യമെത്തുക കണിമംഗലം ശാസ്താവാണ്. തുടര്‍ന്ന് ഘടകപൂരങ്ങളോരോന്നും വടക്കുന്നാഥന് മുന്നിലെത്തി മേളം കലാശിച്ച് മടങ്ങും. രാവിലെ പതിനൊന്ന് മണിയോടെ തിരുവമ്പാടിയുടെ പ്രസിദ്ധമായ മഠത്തില്‍വരവ് ആരംഭിക്കും. പഞ്ചവാദ്യത്തിന്റെ നാദവിസ്മയമാണ് മഠത്തില്‍ വരവ്.
ഉച്ചയ്‌ക്ക് പന്ത്രണ്ടിനാണ് പാറമേക്കാവിന്റെ പൂരം പുറപ്പാട്. രണ്ട് മണിയോടെ മുന്നൂറോളം കലാകാരന്മാര്‍ അണിനിരക്കുന്ന ഇലഞ്ഞിത്തറമേളത്തിന് തുടക്കമാകും. മേളം കലാശിച്ചാല്‍ കുടമാറ്റം. പിന്നെ പൂരങ്ങളുടെ തനിയാവര്‍ത്തനമാണ്. പുലര്‍ച്ചെ വെടിക്കെട്ട്. രാവിലെ വീണ്ടും തിരുവമ്പാടിയും പാറമേക്കാവും പതിനഞ്ചാനകളോടെയും വാദ്യ മേളങ്ങളോടെയും പൂരം എഴുന്നള്ളിക്കും. ഇത് വടക്കുന്നാഥക്ഷേത്രം ശ്രീമൂലസ്ഥാനത്ത് സംഗമിക്കുന്നതോടെ ഉപചാരം ചൊല്ലിപ്പിരിയലായി. പിന്നെ ഒരുവര്‍ഷം നീളുന്ന കാത്തിരിപ്പ്, അടുത്ത പൂരത്തിനായി.
പൂരത്തിന്റെ ഏറ്റവും സവിശേഷമായ കാഴ്ചകളിലൊന്നാണ് കുടമാറ്റം. തെക്കേഗോപുരനടയില്‍ ജനസാഗരത്തെ സാക്ഷിയാക്കി അഭിമുഖം നില്ക്കുന്ന തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ മുപ്പത് സെറ്റ് കുടകള്‍ മാറും. ഇക്കുറി ഗാന്ധിജിയും സുഭാഷ്ചന്ദ്ര ബോസും ഭഗത് സിംഗും വീരസവര്‍ക്കറും ഉള്‍പ്പെടെ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത കുടകളും വാനിലുയരും. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണിത്.
എന്നും ദേശീയതയ്‌ക്കൊപ്പം, നാടിന്റെ ഹൃദയവികാരത്തിനൊപ്പം നിന്ന പാരമ്പര്യമാണ് തൃശ്ശൂര്‍ പൂരത്തിനുള്ളത്. കൊവിഡ് മൂലം പൂരം മുടങ്ങുന്നതിന് മുന്‍പ് രണ്ട് തവണ ചരിത്രത്തില്‍ പൂരം മുടങ്ങിയിട്ടുണ്ട്. മഹാത്മാഗാന്ധി വെടിയേറ്റു മരിച്ച 1948ലാണ് ആദ്യം പൂരം മുടങ്ങിയത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് അക്കൊല്ലം പൂരം വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. 1962 ല്‍ ഇന്ത്യാ-ചൈന യുദ്ധത്തെ തുടര്‍ന്നും പൂരം മുടങ്ങി. രാജ്യം യുദ്ധത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ പൂരാഘോഷം വേണ്ടെന്ന നിലപാടിന്റെ ഭാഗമായിരുന്നു ആ തീരുമാനം. മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ അണിചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും പൂരം ചടങ്ങ് മാത്രമാക്കി. ഇക്കുറി ഭാരതസ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ഉജ്ജ്വലമായി ആഘോഷിച്ചുകൊണ്ട് പൂരം തിരിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: