തിരുവനന്തപുരം: ടോള്‍ പിരിവിന് അടിമുടി മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പുറത്ത് വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇനി സഞ്ചരിക്കുന്ന ദൂരം കണകാക്കി മാത്രമായിരിക്കും തുക ഈടാക്കുന്നത്. ഇതിനായി ഉപഗ്രഹ സംവിധാനം ഉപയോഗിക്കും.
വാഹനങ്ങള്‍ ദേശീയപാതകളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കി ടോള്‍ ഈടാക്കാനാണ് തീരുമാനം. ഉപഗ്രഹ സംവിധാനം ഉപയോഗിച്ചായിരിക്കും ടോള്‍ പിരിവെന്നും 1.37 ലക്ഷത്തിലേറെ വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്.
നിലവില്‍ രണ്ട് ടോളുകള്‍ക്കിടയില്‍ പിന്നിടുന്ന ദൂരത്തിന് മുഴുവനും നിശ്ചിത ടോള്‍ നല്കുന്ന രീതിയാണ് പിന്തുടരുന്നത്. ഇത് പരിഷ്കരിച്ച് യാത്ര ചെയ്യുന്ന കിലോമീറ്റര്‍ കണക്കാക്കി തുക ഈടാക്കാനാണ് ശ്രമം. അങ്ങനെ വരുമ്പോള്‍ നികുതി പിരിവ് കാര്യക്ഷമമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ഗതാഗത നയത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തേണ്ടി വരും. റഷ്യയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള വിദഗ്ദ്ധരുടെ സഹായത്തോടെ ഇതിന്റെ പഠനങ്ങള്‍ നടക്കുകയാണ്. അധികം വൈകാതെ തന്നെ റിപ്പോര്‍ട്ട് പുറത്തുവിടും.
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പുതിയ ടോള്‍ പദ്ധതി നടപ്പായാല്‍ നിരത്തുകളില്‍ നിന്ന് ടോള്‍ പ്ലാസകള്‍ ഒഴിവാകും. നിലവിലുള്ള ഫാസ് ടാഗ് രീതി ഇല്ലാതാകുന്നതിനൊപ്പം വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ നല്കിയാല് മതിയെന്നതും നേട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: