വൈവിധ്യമുണ്ട്, വൈവിധ്യമുണ്ടാകണം; പക്ഷേ അത് വൈരുദ്ധ്യമുണ്ടാക്കരുത്. ഇതാണ് അടിസ്ഥാന തത്ത്വം. ഈ തത്ത്വം ഏത് മേഖലയിലും സ്വീകാര്യമാക്കാവുന്നതേയുള്ളൂ. അത് സംഘര്ഷമില്ലാതാക്കും. യാഥാര്‍ത്ഥ്യബോധത്തോടെ വൈവിധ്യത്തെ ഉള്‍ക്കൊള്ളുക മാത്രമേ വേണ്ടൂ. അതില്‍നിന്ന് ഏകത്വം സൃഷ്ടിച്ചെടുക്കാന്‍ പ്രാപ്തിയുള്ളവര്‍ക്ക് വൈവിധ്യത്തിന്റെ പരകോടി അനുഭവിക്കാമെന്ന പ്രത്യേകതയുമുണ്ട്.
ഏകത്വം എന്നു പറയുന്നതിനും അദൈ്വതത്തിനും തമ്മില്‍ അന്തരമുണ്ട്. ആത്മീയ ഭാഷയോ വേദാന്തമോ മാത്രമല്ല അദൈ്വതം. ‘മറ്റൊന്നല്ല’ എന്ന നമ്മിലെ തിരിച്ചറിവിനെ വ്യാഖ്യാനിച്ച് വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് വേദാന്തത്തിന്റെ സ്വഭാവം വരും; അത് ഭാരതീയ ചിന്താധാരയുടെ പ്രത്യേകതകൂടിക്കൊണ്ടാണ്. ഒന്നാണെന്ന ബോധം സൃഷ്ടിക്കല്‍ തന്നെയാണ് ഏകത്വം. രാജ്യത്ത് പൗരന്മാര്ക്കിടയില് വേറിട്ട ബോധം രൂപപ്പെടുത്തുന്ന വ്യത്യസ്ത വ്യക്തിനിയമങ്ങളുടെ ഏക സ്വഭാവവല്‍ക്കരണവും ഒരര്‍ത്ഥത്തില്‍ ഏകത്വത്തിലേക്കുള്ള പോക്കാണ്. നിയമപരമായും മനോനിലകൊണ്ടും രൂപപ്പെടുന്ന ആ ഏകത്വം ഒരുപക്ഷേ വലിയ സംഘര്‍ഷങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും അറുതി വരുത്താനും മതി. എന്നാല്‍, അതിലേക്ക് എത്തിച്ചേരാനുള്ള വഴി സംഘര്‍ഷഭരിതമായിരിക്കുമെന്ന് ഉറപ്പാണ്. കാരണം, അത്രമാത്രം വൈരുദ്ധ്യമുള്ളതാക്കി മാറ്റിയിരിക്കുന്നു നമ്മള് ഏറെക്കാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വൈവിധ്യത്തിലെ സ്വാതന്ത്ര്യം.
നാനാത്വം എന്നു വിശേഷിപ്പിക്കുന്നതും വൈവിധ്യവും തമ്മില്‍ ഭേദമില്ലേ? ഉണ്ട്. നിഘണ്ടു നിര്‍വചിക്കുന്നതിനപ്പുറം, അല്ലെങ്കില്‍, കുറച്ച് പിന്നിലാണ് പ്രയോഗത്തില്‍ പലവാക്കുകളും ഉണ്ടാക്കുന്ന വികാരം. അങ്ങനെ രൂപപ്പെടുന്ന വികാരമാണ് വാക്കുകള്‍ക്ക് അര്ത്ഥമില്ലാതാക്കുകയോ അര്‍ത്ഥം തെറ്റിക്കുകയോ ചെയ്യുന്നത്. അര്‍ത്ഥ ഭേദം പ്രയോഗത്തിലും ഉള്ളതുകൊണ്ടാണല്ലോ ‘നാനാര്‍ത്ഥം’ എന്നൊരു അര്ത്ഥവിഭാഗവും ഉണ്ടായിരിക്കുന്നത്. വാക്കുകള്‍ക്ക് അങ്ങനെ നാനാര്‍ത്ഥവും പ്രയോഗാര്‍ത്ഥവും ദ്വയാര്‍ത്ഥവും ഉദ്ദേശ്യാര്‍ത്ഥവും ധാരാണാര്ത്ഥവും ധ്വന്യാര്ത്ഥവും ഉണ്ടാകുമ്പോള്‍ അത് മറ്റൊരു വൈവിധ്യമാകുകയാണ്. അവിടെയും വൈരുദ്ധ്യമായി പരിണമിക്കുമ്പോഴാണ് വക്കാണം ഉണ്ടാകുന്നത്. അങ്ങനെ നോക്കുമ്പോള്‍ നാനാത്വം അല്ല വൈവിധ്യം. ഒരു വാക്ക് മറ്റൊന്നിന് പകരമാകില്ല, ഒരു ഭാഷയിലെ വാക്പ്രയോഗം മറ്റൊരു ഭാഷയില്‍ അതേ അര്‍ത്ഥത്തില്‍, ഭാവത്തില്‍, ധ്വനിയില്‍, ഇമ്പത്തില് സുസാധ്യമല്ലാത്തതിനാല്ത്തന്നെയാണല്ലോ പരിഭാഷ എക്കാലത്തും പരിമിതിയുള്ളതായിത്തീരുന്നത്. പരിഭാഷയില്‍ ഉണ്ടാകുന്ന ചോര്‍ച്ചയുടെ തോതാണല്ലോ പരിഭാഷ മെച്ചപ്പെടുന്നതിന്റെ ഈട്.
‘നാനാത്വത്തില്‍ ഏകത്വം’ എന്ന പ്രയോഗം ഏറെ പ്രസിദ്ധമാണ്. രാഷ്ട്ര ഘടനയിലെ ‘ഫെഡറലിസത്തെ’ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും അത് വിനിയോഗിക്കാറുമുണ്ട്. പക്ഷേ, നാനാത്വം രൂപപ്പെടുന്നത് വൈവിധ്യം കൊണ്ടാണല്ലോ. അതുകൊണ്ടുതന്നെ വൈവിധ്യമാകണം വൈരുദ്ധ്യമില്ലായ്മയുണ്ടാകാനും ഏകത്വമെന്ന ബോധത്തിലേക്കുള്ള ഐക്യം ക്രമപ്പെടുത്താനും അടിസ്ഥാനം. അങ്ങനെ നോക്കുമ്പോള്‍ വൈവിധ്യം അംഗീകരിച്ചേ പറ്റൂ. അത് വൈരുദ്ധ്യമുണ്ടാക്കുന്ന വിരോധത്തിലേക്ക് നീങ്ങുമ്പോഴേ പ്രശ്നമുള്ളൂ. വ്യക്തികള്‍ക്കും സമൂഹത്തിനും നാടുകള്‍ക്കും രാജ്യത്തിനും ഈ വൈവിധ്യമുണ്ട്, അത് ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും. പ്രകൃതി സഹജമാണ്; പ്രപഞ്ച സത്യമാണ്.
റഷ്യ, അവരുടെ ‘ശരീര’ത്തിന്റെ ഭാഗമായിരുന്ന ഉക്രൈനോട് യുദ്ധം ചെയ്യേണ്ടി വരുന്നത് വൈവിധ്യം, വൈരുദ്ധ്യമാകുമ്പോഴാണ്. കാന്‍സര്‍ ചികിത്സയില്‍ ഒരവയവത്തിന് വരുന്ന രോഗം ഭേദമാക്കാന്‍ ആ പ്രദേശത്ത് ആ രോഗി അറിഞ്ഞ്, സമ്മതിച്ച്, സ്വന്തം തീരുമാനത്തില്‍ നടത്തുന്ന റേഡിയേഷനോ മുറിച്ചുമാറ്റലോ പോലെയാണ് അത്. ആ പ്രവൃത്തിയുടെ സാങ്കേതികതയിലാണ് അതിനെ ‘യുദ്ധം’ എന്ന വാക്കുകൊണ്ട് വിളിക്കുന്നത്. റഷ്യയുടെ യുദ്ധം വിശകലനം ചെയ്ത് ഉപരോധിക്കാന്‍ ഇതര രാജ്യങ്ങള്‍ തയ്യാറാകുമ്പോഴും റഷ്യയുമൊന്നിച്ച് ഗോളാന്തര യാത്ര നടത്താന്‍ തയ്യാറാകുന്ന മനോനിലയാണ് വൈവിധ്യത്തെ അംഗീകരിക്കല്‍. അത് മുമ്പുപറഞ്ഞ പ്രപഞ്ച യാഥാര്‍ത്ഥ്യമാണ്. മുഴുവന്‍ മാനവരാശിയുടെയും ആവശ്യത്തിലേക്കെത്തുമ്പോള് വൈവിധ്യങ്ങള്‍ മറക്കുന്നു, വൈരുദ്ധ്യങ്ങള്‍ ഇല്ലാതാകുന്നു. റഷ്യയും ഉക്രൈനും തമ്മില്‍ കടുത്ത യുദ്ധം നടക്കുമ്പോള്‍, അതില്‍ കക്ഷിയല്ലാത്ത ഇന്ത്യയുടെ എണ്ണത്തില്‍ 20,000 വരുന്ന പൗരന്മാരെ അവിടെനിന്ന് സുരക്ഷിതരായി നാട്ടിലേക്ക് മടക്കാന്‍ രണ്ടു രാജ്യങ്ങളും യുദ്ധം നിര്‍ത്തിവയ്ക്കുന്നത് വൈരുദ്ധ്യമായി തോന്നാം, പക്ഷേ, അതാണ് വൈവിധ്യം. ഇതിഹാസമായ മഹാഭാരതത്തിലെ, പ്രത്യേക സാഹചര്യത്തില്‍ ‘പക്ഷ’വും ‘പ്രതിപക്ഷ’വുമായി മാറിയ ഒരു വംശത്തിലെ, കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ പോരടിക്കുമ്പോഴും ‘ബാഹ്യശക്തി’യായ മറ്റൊരു രാജ്യത്തിന്റെ രാജാവ് ആക്രമിക്കാന്‍ വന്നപ്പോള്‍ ‘ വയം പഞ്ചാധികം ശതം’ ‘നമ്മള് അഞ്ചും നൂറുമല്ല നൂറ്റഞ്ചാണ്’ എന്ന് നീതി ധര്‍മം പറഞ്ഞ ധര്‍മപുത്രരുടെ നിലപാടിലെ വൈവിധ്യവും വൈരുദ്ധ്യവും വെളിപ്പെടുന്ന വികാരം അതിനാധാരമാണ്. ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് ഒരു നോവലില്‍, ഔദ്യോഗിക സേനയില്‍ രാജ്യങ്ങള്‍ വൈരുദ്ധ്യമെന്നു തോന്നാവുന്ന ഈ വൈവിധ്യം വളര്ത്തിപ്പെരുപ്പിച്ചു നിര്‍ത്തുന്നത് വിവരിക്കുന്നുണ്ട്. സേനയില്‍ പല റജിമെന്റുകള്‍ തമ്മില്‍ത്തമ്മില്‍ മത്സരമാണ്, ആരാണ് സമ്പൂര്‍ണര്‍, ആരാണ് കൂടുതല്‍ കരുത്തര്‍, മികച്ചവര്‍ എന്ന്. പക്ഷേ, രാജ്യത്തിന്റെ പൊതു ആവശ്യം വരുമ്പോള്‍ അവര്‍ തമ്മില്‍ മത്സരമില്ല, മറിച്ച് രാജ്യത്തിന്റെ പൊതു ആവശ്യമായ, നേട്ടത്തിനും വിജയത്തിനുമാണ് പ്രാധാന്യം കൊടുക്കുക. അതാണ് വൈവിധ്യം നിലനിര്‍ത്തി വൈരുദ്ധ്യമില്ലാതെയുള്ള പ്രകൃത്യനുസാരിയായ ജീവിതം.
കേരളം മഹത്തും മാതൃകയും ഒന്നാം പദവിയിടത്തിലുമായിരിക്കെ, മറ്റൊരു സംസ്ഥാനത്തിനോടുള്ള എതിര്‍പ്പോ, വിയോജിപ്പോ ഇല്ലാതെ മുന്നേറുന്ന വളര്‍ച്ചയിലാണ് വൈരുദ്ധ്യമില്ലാത്ത വൈവിധ്യമുണ്ടാകുന്നത്, പ്രസക്തമാകുന്നത്. അതു പക്ഷേ, കെട്ടുകുറ്റിയില്‍ നിന്ന് അഴിഞ്ഞുപോയി മേയുന്ന സ്വേച്ഛാ സ്വാതന്ത്ര്യമാകുമ്പോഴാണ് അപകടമാകുന്നത്. ‘കണ്ടുപഠിക്കൂ’ എന്ന് പറയുമ്പോള്‍ ക്ഷോഭം വരുന്നതും ക്ഷോഭം അടങ്ങുമ്പോള്‍ പഠിക്കാന്‍ ഒരുങ്ങുന്നതും വിദ്യാര്‍ത്ഥിയുടെ അപക്വമായ മനോനിലയുടെ പ്രശ്നമാകുന്നു. ആ പ്രശ്നം ഒരു വിദ്യാര്ത്ഥിയുടേതില് നിന്ന് ഒരു കൂട്ടം വിദ്യാര്‍ത്ഥികളിലേക്കും, ക്ലാസ് മുറിയിലേക്കും, വിദ്യാലയത്തിലേക്കും വിദ്യാര്‍ത്ഥി സമൂഹത്തിലേക്കും വ്യാപിക്കുമ്പോള്‍ ആദ്യം അത് പ്രശ്നമാകുന്നു, പിന്നീട് സമാധാനമാകുന്നു. ഇതിന് രണ്ടിനും ഇടയിലെക്കാലത്ത് സംഭവിക്കുന്ന സമയനഷ്ടമുള്പ്പെടെയുള്ള നഷ്ടം പ്രഹരമാകുന്നു. ‘ഗുജറാത്തിനേയും കണ്ടുപഠിക്കൂ’ എന്ന് പറയുമ്പോള്‍ ക്ഷോഭം ജനിക്കുകയും കാലമേറെക്കഴിഞ്ഞ് പഠിക്കാന്‍ പോകുകയും ചെയ്യുമ്പോള്‍ ‘വിരോധം’ ഉണ്ടാക്കിയ നഷ്ടങ്ങള്‍ വൈവിധ്യം അറിയാനുള്ള അവസരം അകറ്റിയകറ്റിക്കളയുകയായിരിക്കും.
വൈവിധ്യം സത്യമാണ്. വ്യക്തികളിലെ ഈ വൈവിധ്യം അതിശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നതാണ് ഡിഎന്‍എ പരിശോധന (ഡിയോക്സിറൈബോന്യുക്ലിക്ക് ആസിഡ് ടെസ്റ്റ്). മനുഷ്യന്റെ ജനിതക ഘടന കണ്ടെത്തുന്ന പരിശോധന. ഓരോരോ വ്യക്തിയും വ്യത്യസ്തര്‍. എന്നാല്‍ ഒരേ രക്തത്തിലെ പിറവിയെന്ന് തിരിച്ചറിയാനും കഴിയും. സ്വാഭാവികമായും അത്തരത്തില്‍ വ്യക്തികളുടെ സമൂഹത്തിനും വൈവിധ്യങ്ങള്‍ ഉണ്ടാകും അത് നാനാത്വമാകും. അതില്‍ ഏകത്വം കണ്ടെത്തി സ്ഥാപിച്ച് നിര്‍ബന്ധിച്ച് ഒന്നിപ്പിച്ചു കൊണ്ടുപോകേണ്ട ബാധ്യതയൊന്നും ആര്‍ക്കുമില്ല. പക്ഷേ, വൈവിധ്യം വൈരുധ്യമാകാതെ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വം ഓരോരുത്തര്‍ക്കുമുണ്ട്, അത് വീടുകള്‍ക്കുണ്ട്, ചെറിയ ആര്ക്കൂട്ടത്തിനും സമൂഹത്തിനും പ്രദേശത്തിനും രാജ്യത്തിനുമുണ്ട്. ‘രക്ഷന്തിസ്മ പരസ്പരം’ എന്ന തത്ത്വത്തില്‍, പരസ്പരാശ്രിത തത്ത്വത്തിലും പരോപകാരത്തിനും പരരക്ഷയിലും അധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥ ഇനിയും ഉണ്ടാകുന്ന കാലത്ത് ‘ഭരണകൂട’ത്തിന്റെ ആവശ്യമില്ലാതാകാം. അതുവരെ പക്ഷേ വൈവിധ്യങ്ങളെ, വൈജാത്യങ്ങളെ, നാനാത്വത്തെ വൈരുധ്യമില്ലാതാക്കി നയിക്കേണ്ടതുണ്ട്. അതും ഒരു ഭരണകൂടത്തിന് നിര്‍ബന്ധിച്ച് നടപ്പാക്കാന്‍ പറ്റുന്ന കാര്യമല്ലല്ലോ. വ്യക്തികള്‍ തിരിച്ചറിയേണ്ടുന്ന ധര്‍മ്മമാണല്ലോ.
പിന്കുറിപ്പ്:
സംവാദം തുടങ്ങും മുമ്പേ വിവാദമാക്കി ഒടുക്കുന്നതാണ് ഇക്കാലത്തെ പോരായ്മകളില്‍ പ്രധാനമായുള്ളത്. ഉള്ളിലൊന്നും പുറത്തൊന്നുമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കേണ്ടതാണ് പ്രധാന അപാകത. സ്വാധീനശക്തിയുള്ളവര്‍ പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നും ആകുന്നത് വലിയ പോരായ്മയും. ഏകത്വം എന്നു പറയുന്നത് ഭിന്നിപ്പിക്കുന്ന രണ്ടുകളെ ഒന്നിപ്പിക്കുന്ന സര്‍ഗവൈഭവമാണ്. ഭരണനിര്വഹണക്കാരന് ചീഫ് സെക്രട്ടറി ഒന്നു ചെയ്യുകയും ഭരണ നിയന്ത്രണക്കാരന്‍ മുഖ്യമന്ത്രി മറ്റൊന്ന് പറയുകയും ചെയ്യുമ്പോള്‍ അത് വൈവിധ്യമല്ല, ‘വൈരുധ്യാത്മക വിചിത്രവാദ’മാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: