കൊച്ചി : ലൈംഗികാതിക്രമ പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിനായ വിദേശത്ത് പോകേണ്ടി വന്നാല്‍ പോകുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിച്ച് വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷ.
അന്വേഷണത്തോട് സഹകരിക്കാന്‍ വിജയ് ബാബു തയ്യാറായില്ലെങ്കില്‍ നടപടി സ്വീകരിക്കും. വിദേശത്തുള്ള വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടുന്നതിനുള്ള നടപടികളും ഉടന്‍ സ്വീകരിക്കും. അദ്ദേഹം കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നത് അറസ്റ്റിന് തടസമല്ല. കേസ് അന്വേഷണത്തില്‍ കാലതാമസം വരുത്തിയിട്ടില്ല. 22നാണ് യുവതി പരാതി നല്‍കുന്നത്. അന്ന് തന്നെ കേസെടുത്തു.
കേസില്‍ യുവതിയുടെ മൊഴി എടുക്കുകയും നടനെതിരെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇനി കൂടുതല്‍ വിവരങ്ങള്‍ക്കായി നടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. പോലീസ് ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിജയ് ബാബു ഇരയേയും സാക്ഷികളേയും സ്വാധീനിക്കാതിരിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. സ്വാധീനിച്ചാല്‍ അദ്ദേഹത്തിനെതിരെ വേറെ കേസെടുക്കും. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം വിജയ് ബാബുവിനെതിരെ പുതിയതായി പുറത്തുവന്ന മീ ടൂ ആരോപണത്തില്‍ കേസെടുത്തിട്ടില്ല. യുവതിയെ കണ്ടുപിടിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പോലീസ് പരിശോധന തുടങ്ങിട്ടുണ്ട്. വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പേര് വെളിപ്പെടുത്താത്ത യുവതി വെള്ളിയാഴ്ചയാണ് വിജയ് ബാബുവിനെതിരെ ആരോപണം ഉന്നയിച്ചത്.
യുവതിയെ കണ്ടെത്താന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങള്‍ ശേഖരിക്കും. സിനിമാ മേഖലയില്‍ തന്നെയുള്ളയാളാണ് ഫേസ്ബുക്ക് പേജ് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്. ഈ വ്യക്തിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനും തയ്യാറെങ്കില്‍ പരാതി എഴുതി വാങ്ങാനുമാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: