മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ വാരം നടത്തിയ സര്‍വേയില്‍ വരയാടുകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായി ആകെ 1039 വരയാടുകളെയാണ് കണ്ടെത്തിത്. ഇതില്‍ 157 എണ്ണം കുഞ്ഞുങ്ങളാണ്.
2019ല്‍ വരയാടുകളുടെ എണ്ണം 723 ആയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം കൊവിഡ് എത്തിയതോടെ ഇരവികുളത്തിന് പുറത്ത് കണക്കെടുപ്പ് നടന്നിരുന്നില്ല. ഇരവികുളം, ആനമുടി, പാമ്പാടുംപാറ ദേശീയ ഉദ്യാനങ്ങള്‍, കുറിഞ്ഞമല ഉദ്യാനം, ചിന്നാര്‍ വന്യജീവി സങ്കേതം, മാങ്കുളം, മറയൂര്‍, മൂന്നാര്‍, സൈലന്റ് വാലി, മീശപ്പുലിമല, കൊളുക്കുമല എന്നിവിടങ്ങളിലാണ് സര്‍വേ നടത്തിയത്.
ഇരവികുളം ദേശീയോദ്യാനത്തില്‍ മാത്രം 785 വരയാടുകളെ കണ്ടെത്തി. ഇതില്‍ 125 കുട്ടിയാടുകളും ഉള്‍പ്പെടും. നായ്കൊല്ലി മലയിലാണ് ഏറ്റവും അധികം വരയാടുകളെ കണ്ടെത്തിയത്, 114 എണ്ണം. ആനമുടിയിലും പെരുമാള്‍ മലയിലും നൂറിന് മുകളില്‍ ആടുകളെ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ആകെ 782 വരയാടുകളെ ആണ് ഇരവികുളത്ത് കണ്ടെത്തിയത്. ഇതില്‍ 145 എണ്ണം കുട്ടികളായിരുന്നു.
ഈ വര്‍ഷം കണക്കെടുപ്പിന് മുമ്പ് തന്നെ കുഞ്ഞുങ്ങളെ ഏത് തരത്തില്‍ എണ്ണത്തില്‍ ചേര്‍ക്കണമെന്നത് തീരുമാനിച്ചിരുന്നു. ഇത് പ്രകാരം പുല്ലുതിന്നാതെ തള്ളയാടിന്റെ പാല് കുടിക്കുകയും എപ്പോഴും ഓടി നടക്കുകയും ചെയ്യുന്നവയെ മാത്രമാണ് കുട്ടിയായി കണക്കാക്കിയത്. ഒരു വര്‍ഷം പ്രായമായവയെ ഇത്തവണ കണക്കെടുപ്പില്‍ കുട്ടികളുടെ ഗണത്തില്‍ നിന്ന് ഒഴിവാക്കി.
മൂന്നാറിനെ 29 ബ്ലോക്കുകളായി തിരിച്ച് നാലു ദിവസമായാണ് സര്‍വേ നടന്നത്. 30 വോളന്റിയേഴ്സ് അടക്കം 155 പേരടങ്ങുന്ന സംഘമാണ് സര്‍വേ നടത്തിയത്. ഈ മേഖലയിലെ വിദഗ്ധനായ ഡോ. ഈസയാണ് സര്‍വേ മോനിറ്റര്‍ ചെയ്തത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് എസ്.വി. വിനോദ് ആണ് കോ-ഓര്‍ഡിനേറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: