കൊച്ചി : കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിന്റെ പദവികള്‍ പിന്‍വലിക്കാന്‍ ശുപാര്‍ശയുമായി അച്ചടക്ക സമിതി. കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സെമിനാറില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കെ.വി. തോമസിനെതിരെ പാര്‍ട്ടിയില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തത്.
പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കെ.വി. തോമസിനെതിരെ നിരവധി വമര്‍ശനങ്ങള്‍ ഉയരുകയും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പടെയുള്ള നേതാക്കള്‍ നടപടി സ്വീകരിക്കുമെന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നതാണ്.
നിലവില്‍ കെ.വി. തോമസിനെ തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍നിന്ന് നീക്കാനും താക്കീത് നല്‍കാനുമാണ് അച്ചടക്ക സമിതിയുടെ തീരുമാനം. ചൊവ്വാഴ്ച ചേര്‍ന്ന അച്ചടക്ക സമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. നേരിട്ട് വിശദീകരണം നല്കാന് അനുവദിക്കണമെന്ന കെ.വി. തോമസിന്റെ ആവശ്യം അച്ചടക്കസമിതി തള്ളിക്കൊണ്ടാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നടപടിക്കുള്ള ശുപാര്‍ശ സോണിയ ഗാന്ധിക്ക് കൈമാറിയതായി എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ അറിയിച്ചു. ഇതുസംബന്ധിച്ച അന്തിമതീരുമാനം സോണിയ ഗാന്ധി പ്രഖ്യാപിക്കും.
അതേസമയം ഇത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ല. താന്‍ എന്നും കോണ്ഗ്രസുകാരന് ആയിരിക്കുമെന്ന് കെ.വി. തോമസും പ്രതികരിച്ചു. ഇത്രനാള്‍ കാത്തിരുന്നില്ലേ, നടപടി വരട്ടേ, അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്ക സമിതിക്കും സോണിയ ഗാന്ധിക്കും കത്തയച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷയെ കണ്ട് വിശദീകരണം നല്കാന് അവസരം കിട്ടുകയാണെങ്കില്‍ വിശദീകരണം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ എഐസിസിയിലും രാഷ്ട്രീയ കാര്യ സമിതിയിലും അംഗമാണ് നിലവില്‍ കെ.വി. തോമസ്. നടപടി സ്വീകരിച്ചാല്‍ ഈ പദവി അദ്ദേഹത്തിന് നഷ്ടമാകും. എ.കെ. ആന്റണി ഉള്‍പ്പടെയുള്ള സമിതിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: