കൊച്ചി: രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനം നടത്തുന്നവരുടെ പ്രധാന താവളങ്ങളില്‍ ഒന്നായി കേരളം മാറിയ സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങുന്നു.
ഈരാറ്റുപേട്ട, പെരുമ്പാവൂര്‍, പത്തനംതിട്ട, കരുനാഗപ്പള്ളി, കൊടുവള്ളി, ആലപ്പുഴ മണ്ണഞ്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഐബി യൂണിറ്റുകള്‍ വരുന്നത്. ഇവയില്‍ ചിലതു പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. സാധാരണനിലയില്‍ ജില്ലാ അടിസ്ഥാനത്തിലാണ് ഐബി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഭീകരപ്രവര്‍ത്തനത്തിനുള്ള ആസൂത്രണം, പരിശീലനം, സാമ്പത്തിക സഹായം, കൃത്യം നടത്തിയശേഷമുള്ള ഒളിത്താവളം എന്നിവയ്ക്കു കേരളത്തിലെ ചില ഉപനഗരങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നു വ്യക്തമായി തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അവിടങ്ങളിലും യൂണിറ്റ് തുടങ്ങുകയെന്ന തീരുമാനം ഐബി കൈക്കൊണ്ടത്.
മാസങ്ങള്‍ക്ക് മുമ്പ്, പാക് പരിശീലനം നേടിയ ബംഗ്ലാദേശികളായ മൂന്ന് അല്‍ ഖ്വയ്ദ ഭീകരരെ കേരളത്തിലെ ഒരു ചെറുനഗരത്തില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടിയത്.
ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ സ്ഫോടനം നടത്തിയ ഭീകരര്‍ പോലും കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. മാവോയിസ്റ്റുകളും വടക്കുകിഴക്കന്‍ വിഘടനവാദികളും കേരളത്തിലെ ചെറു നഗരങ്ങള്‍ ഒളിത്താവളമാക്കുന്നുണ്ട്. ഇവയെല്ലാം ഫലപ്രദമായി നേരിടുന്നതിനാണ് കൂടുതല്‍ ഐബി ഓഫീസുകള്‍ തുറക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ട് മാനേജരായ മുവാറ്റുപുഴ സ്വദേശി തമര് അഷറഫിന്റെ അനധികൃത സ്വത്ത് വിവരങ്ങള്‍ കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇ ഡി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ സംസ്ഥാനത്ത് എത്തിയിരിക്കുന്നതില്‍ പലരും ഭീകരപ്രവര്‍ത്തകരാണെന്നും ഇവര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ചു കൊടുക്കുന്ന സംഘങ്ങള്‍ ഇവിടുണ്ടെന്നും ഐബി കണ്ടെത്തിയിട്ടുണ്ട്.
ഭീകരതയെ ചെറുക്കുന്ന പ്രവര്‍ത്തനത്തില്‍ സംസ്ഥാന പോലീസിന്റെ പിന്തുണ ലഭിക്കുന്നില്ലെന്ന പരാതി ഐബിക്കുണ്ട്. സംസ്ഥാന പോലീസിനെ സാമ്പത്തിക നിയന്ത്രണത്തിലാക്കിയാണ് ഭീകരരുടെ കേരളത്തിലെ പ്രവര്‍ത്തനമെന്നാണ് ഐബിയുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: