പി. രാജേന്ദ്രപ്രസാദ്
കേരളത്തില്‍ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ദുരന്തകാലമാണ് ഇപ്പോള്‍ കടന്നുപോകുന്നത്. 2018 ലെ മഹാപ്രളയവും പിന്നീട് തുടര്‍ച്ചയായ നിരവധി പ്രകൃതിക്ഷോഭങ്ങളും മൂലം സംജാതമായ നിരവധി ദുരിതങ്ങളും, കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് അതിവ്യാപനത്തിന്റെ നാനാവിധ കെടുതികളും പരിഗണിച്ച് കാര്‍ഷിക മേഖലയില്‍ സംസ്ഥാനം യാതൊരു സമാശ്വാസ പദ്ധതികളും നടപ്പാക്കിയില്ല. 2021 ഡിസംബര്‍ വരെ പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം പോലും പ്രഹസനമായി. കടക്കെണിയില്‍ അകപ്പെട്ട കര്‍ഷകരുടെ പേരില്‍ സഹകരണ ബാങ്കുകള്‍ മനുഷ്യത്വരഹിത നടപടികള്‍ പോലും സ്വീകരിക്കുന്നു. വ്യവസായ-വാണിജ്യ-സേവന നിര്‍മാണ മേഖലകളിലും ബാറുടമകള്‍ക്കും നക്ഷത്രഹോട്ടലുകള്‍ക്കും ഐടി സംരംഭങ്ങള്‍ക്കും വന്‍കിട സംരംഭകര്ക്കുംവരെ സംസ്ഥാന സര്‍ക്കാര്‍ വിവിധ കൊവിഡ് സഹായ പദ്ധതികള്‍ നടപ്പാക്കുകയുണ്ടായി. എന്നാല്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കേണ്ട കാര്‍ഷിക മേഖല കേരളത്തില്‍ പാടേ അവഗണിക്കപ്പെട്ടു.
കേന്ദ്രസര്‍ക്കാരാകട്ടെ പൊതുമേഖലാ-വാണിജ്യ സ്വകാര്യ ബാങ്കുകളിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലും മൈക്രോ ഫിനാന്‍സ് മേഖലയിലും കൊവിഡ് ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ കടാശ്വാസ പദ്ധതികളാണ് നടപ്പാക്കിയത്. കാര്‍ഷിക കടം ഉള്‍പ്പെടെയുള്ള എല്ലാ വായ്പകളും ആവശ്യപ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷ മൊറട്ടോറിയം വായ്പാ കാലാവധി ദീര്‍ഘിപ്പിച്ച് പുനഃക്രമീകരണം അനുവദിക്കുകയും അനുഭാവപൂര്‍വ്വം നടപ്പാക്കുകയും ചെയ്തു. റിസര്‍വ് ബാങ്ക് 2021 മെയില്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം സഹകരണ മേഖലയിലും കര്‍ഷകര്‍ക്ക് ഗുണകരമായ വായ്പ പുനക്രമീകരണം അനുവദിക്കേണ്ടതാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും മുന്‍ഗണന കല്‍പ്പിക്കേണ്ട കാര്‍ഷികമേഖലയില്‍ പോലും ദുരിത ബാധിതര്‍ക്ക് സഹായകരമാകുന്ന യാതൊരു കടാശ്വാസ പദ്ധതിയും നടപ്പാക്കിയിട്ടില്ല. വിളനാശത്തിന്റെ പേരില്‍ വല്ലപ്പോഴും കിട്ടുന്ന നാമമാത്ര നഷ്ടപരിഹാരം കൊണ്ടുമാത്രം വന്ദുരിതങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് കരകയറാന്‍ കഴിയില്ല. തന്മൂലം കടക്കെണിയില്‍ നിന്ന് കരപറ്റാന്‍ കഴിയാതെ ചിലര്‍ ജീവനൊടുക്കി. ഒരു വലിയ വിഭാഗം കാര്‍ഷികവൃത്തി ഉപേക്ഷിച്ച് ഉപജീവനത്തിന് മറ്റു തൊഴിലുകള്‍ തേടി പലായനം ചെയ്തു. അഭിമാനകരവും ആശ്വാസകരവുമായ അന്തരീക്ഷം കേരളത്തിലെ കാര്‍ഷികമേഖലയ്ക്ക് നഷ്ടപ്പെട്ടു.
പ്രഹസനമായ സഹായപദ്ധതികള്‍
കര്‍ഷക സമൂഹത്തെ സംരക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുന്നില്ല. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച പഴം, പച്ചക്കറി താങ്ങുവില പദ്ധതി നടപ്പാക്കിയില്ല. സംഭരണ നടപടി പ്രസ്താവനയില്‍ ഒതുങ്ങി. ഇതോടെ പച്ചക്കറി- പഴവര്‍ഗ്ഗ കൃഷികളില്‍ നിന്ന് കര്‍ഷകര്‍ വ്യാപകമായി പിന്തിരിയുകയാണ്. നാളികേരത്തിന്റെ അതിരൂക്ഷമായ വിലയിടിവിന് മുന്നില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്ക്കുന്നു. വേനല്‍മഴയില്‍ നെല്‍കൃഷിക്കും മറ്റെല്ലാ വിളകള്‍ക്കും മുമ്പൊരിക്കലുമില്ലാത്ത വന്‍ നാശനഷ്ടമാണ് സംഭവിച്ചത്. സ്ഥിതിഗതി അത്യന്തം വഷളായിട്ടും കൃഷി വകുപ്പ് ഫലപ്രദവും കാര്യക്ഷമവുമായി ഇടപെട്ടില്ല. അധ്വാനിക്കുന്ന കര്‍ഷകരുടെ മുന്നില്‍ നിരന്നുനിന്ന് വിത്തിടലും വിളവെടുപ്പും നടത്തി ഫോട്ടോഷൂട്ട് പ്രസിദ്ധപ്പെടുത്തുന്ന പ്രദര്‍ശന കൗശലത്തിലാണ് അധികാരികളുടെ കണ്ണ്.
ഒരിക്കലും നടക്കാത്ത നെടുങ്കന്‍ പ്രഖ്യാപനങ്ങള്‍ വാരിവിളമ്പുന്ന അധികൃതര്‍ പുതുപുത്തന്‍ പദ്ധതികള്‍ പൊലിപ്പിച്ച് പറഞ്ഞ് മുഖം മിനുക്കി തിളങ്ങുന്നു. കൃഷിമന്ത്രി മുതല്‍ കൃഷിഭവന് വരെയുള്ള ഔദ്യോഗിക സംവിധാനം ഈ ഗുരുതരവീഴ്ചയുടെ ഉത്തരവാദികളാണ്. കൃത്യനിര്‍വ്വഹണത്തില്‍ അമ്പേ പരാജയപ്പെട്ടാലും പ്രചാരണ മികവില്‍ ഇവര്‍ മുന്നിലുണ്ട്. കാര്‍ഷികമേഖലയില്‍ വന്നുപെട്ട നാനാവിധ പ്രതിസന്ധികളില്‍ താങ്ങും തണലുമാകേണ്ട സ്ഥാപനങ്ങളാണ് നാടെമ്പാടും പടര്‍ന്നു പന്തലിച്ച സഹകരണ പ്രസ്ഥാനം. എന്നാല്‍ സഹകരണ വകുപ്പ് മുഖേന വായ്പക്കാര്‍ക്ക് ദുരിതകാലത്തില്‍ ആശ്വാസം പകരുന്ന കൊവിഡ് സഹായ പദ്ധതികള്‍ യാതൊന്നും നടപ്പാക്കാന്‍ തയ്യാറായില്ല.
കടാശ്വാസത്തിലെ ക്രമക്കേടുകള്‍
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ നടക്കുന്ന ഒറ്റത്തവണ പകല്‍ക്കൊള്ളയാണ്. കാലാവധി കഴിഞ്ഞ കുടിശ്ശികക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഈ ആനുകൂല്യം പോലും രാഷ്ട്രീയ പരിഗണനയിലാണ് അനുവദിക്കുന്നത്. കാലാവധി അവസാനിക്കും മുമ്പേ തന്നെ വര്‍ഷങ്ങളായി മുതലും പലിശയും യഥാസമയം അടയ്ക്കാതെ കുടിശ്ശികയുള്ള കാര്‍ഷിക അനുബന്ധ മേഖലകളിലെ എല്ലാ വായ്പകളിലും കഴിയുന്നത്ര സംഖ്യ അടയ്ക്കുന്നവര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന കടാശ്വാസ പദ്ധതി ഇപ്പോള്‍ അനിവാര്യമാണ്. കടാശ്വാസ പദ്ധതികളുടെ ആനുകൂല്യം പലപ്പോഴും ഭരണസമിതിക്കാരുടെ പാര്‍ശ്വവര്‍ത്തികള്‍ക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. കടാശ്വാസ നടപടി പൂര്‍ണ്ണമായും സുതാര്യമാക്കണം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി ബാങ്കുകളില്‍ കിട്ടുന്ന വന്‍തുക വിനിയോഗിച്ച് കൂടുതല്‍ പുതിയ വായ്പകള്‍ നല്കി ബാങ്കിന് അധിക വരുമാനം തരപ്പെടുത്തുവാനും അതിന്റെ അടിസ്ഥാനത്തില്‍ ക്ലാസിഫിക്കേഷന്‍ മെച്ചപ്പെടുത്തി ജീവനക്കാര്‍ക്കും ഭരണസമിതിക്കും നേട്ടമുണ്ടാക്കുവാനും വേണ്ടി മാത്രമായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കാന്‍ പാടില്ല.
പദ്ധതിയുടെ ആശ്വാസം കാലാവധിക്കു മുമ്പ് വായ്പ തിരിച്ചടയ്ക്കാന്‍ വിഷമിക്കുന്നവര്ക്കുകൂടി ലഭ്യമാക്കണം. അമിതമായ നിരക്കിലും ഗുണഭോക്താക്കള്‍ക്ക് ബോധ്യപ്പെടാന്‍ അവസരം നിഷേധിച്ചും കര്‍ഷകരില്‍ നിന്നും മറ്റ് സാധാരണക്കാരില്‍ നിന്നും അന്യായമായ പലിശ, ഇതര സേവനങ്ങള്‍ക്ക് അമിതഫീസ്, കൂടിയ അനുപാതത്തില്‍ ഓഹരി നിക്ഷേപം തുടങ്ങിയവ പല സഹകരണ സ്ഥാപനങ്ങളും നിര്‍ബന്ധിതമായി പിരിക്കുകയാണ്. സഹകരണ വകുപ്പിന്റെ ‘സഹകരണ’ത്തോടെയാണ് ഇത്തരം ക്രമക്കേടുകള്‍ നടത്തുന്നത്. വായ്പകളുടെ പലിശയും മറ്റ് ഫീസുകളുടെ നിരക്കുകളും ഏകീകരിച്ച് സ്ഥാപനങ്ങളില്‍ പരസ്യപ്പെടുത്തുകയും വായ്പ അപേക്ഷയോട് ചേര്‍ത്തു നല്‍കുകയും വേണം.
വകുപ്പുകളുടെ പ്രചാരവേല
നിലവിലുള്ള പ്രതിസന്ധിയുടെ ആഴം കണ്ടറിയാന്‍ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല. കൊട്ടിഘോഷിക്കപ്പെട്ട പ്രധാന പദ്ധതികള്‍ പോലും പ്രായോഗികതലത്തില്‍ നടപ്പാക്കുന്നില്ല. സര്‍ക്കാരിന്റെ പ്രചാരവേലയുടെ ഭാഗമായി ആസൂത്രിതമായി അവതരിപ്പിക്കുന്ന പൊതുജനസമ്പര്‍ക്ക യജ്ഞങ്ങളാണ് കൃഷി- സഹകരണ വകുപ്പുകളുടെ പ്രധാന പ്രവര്‍ത്തനപരിപാടി. നിര്‍ഭാഗ്യമെന്ന് പറയട്ടെ, കൃഷി വകുപ്പിന്റെ കെടു കാര്യസ്ഥതയും അഴിമതിയും അനാസ്ഥയും ഇക്കാലത്ത് പത്ര ദൃശ്യമാധ്യമങ്ങളില്‍ പലപ്പോഴും പ്രധാന വാര്‍ത്തയാണ്. കാര്‍ഷിക പുരോഗതിയുടെ അടിത്തറയായി നിലയുറപ്പിച്ച കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ ഈ മഹാദുരിതങ്ങളുടെ തിരിച്ചടി കണ്ടില്ലെന്ന് നടിക്കുന്നു. രാഷ്ട്രീയം ഉപജീവനമാര്‍ഗ്ഗമാക്കിയ സ്വാര്‍ത്ഥമോഹികളും ഉദ്യോഗസ്ഥമേധാവികളും സഹകരണപ്രസ്ഥാനത്തെ ജനവിരുദ്ധമായി കൊണ്ടുനടക്കുന്നു.
കേരളത്തില്‍ സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയും അന്യായവും ക്രമക്കേടുകളും ഭരണപക്ഷ-പ്രതിപക്ഷ ധാരണയിലാണ് തുടര്‍ന്നുപോകുന്നത്. 1600 പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ പലതും സ്വകാര്യ പണമിടപാടുകാരെപ്പോലെ ഉയര്‍ന്ന പലിശയും വായ്പ അനുവദിക്കുവാന്‍ അധിക ഫീസുകളും വസൂലാക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് ആശ്വാസകരമായി പ്രവര്‍ത്തിക്കേണ്ട സഹകരണ പ്രസ്ഥാനം ഇപ്പോള്‍ ഗുരുതര സാമ്പത്തിക ക്രമക്കേടുകളുടെയും രാഷ്ട്രീയ സ്വാര്‍ത്ഥലാഭ േ്രപരിതമായ ദുര്‍നടപടികളുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: