പ്രതിസന്ധികളില്‍ എന്നും ഇന്ത്യക്കൊപ്പം നിന്ന ശക്തനായ മിത്രമാണ് ഫ്രാന്‍സ് പ്രസിഡന്റായി രണ്ടാംമൂഴവും തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മക്രോണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് മക്രോണ്‍. റഫാല്‍ യുദ്ധവിമാനം ഇന്ത്യക്ക് നല്‍കുന്നതിലും കൊവിഡ് പ്രതിസന്ധിയിലും മക്രോണിന്റെ സ്നേഹം ഇന്ത്യ അനുഭവിച്ചറിഞ്ഞതാണ്.
ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ സഹായ വാഗ്ദാനവുമായി ആദ്യമെത്തിയത് മക്രോണായിരുന്നു. അന്നത്തെ ഹിന്ദിയിലുള്ള അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പോസ്റ്റും ശ്രദ്ധേയമായിരുന്നു. ‘ഞങ്ങളുടെ മന്ത്രാലയങ്ങളും വകുപ്പുകളും കാര്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രഞ്ച് കമ്പനികളും ഇതിനായി ഒത്തുചേരുന്നുണ്ട്. നാം ഒരുമിച്ചു വിജയിക്കും’ എന്നായിരുന്നു ഹിന്ദിയില്‍ അദ്ദേഹം കുറിച്ചത്. മെഡിക്കല്‍ ഉപകരണങ്ങള്‍, വെന്റിലേറ്ററുകള്‍, ലിക്വിഡ് ഓക്സിജന്‍ കണ്ടയ്നറുകള്‍, ഓക്സിജന്‍ ജനറേറ്ററുകള്‍ എന്നിവ ആ പ്രതിസന്ധി ഘട്ടത്തില്‍ ഫ്രാന്‍സ് എത്തിക്കുകയും ചെയ്തിരുന്നു.
ആഗോളതലത്തില്‍ ഇസ്ലാമിക ഭീകരത ശക്തമായ അവസരത്തില്‍ തന്നെ ഫ്രാന്‍സും ഏറെ വെല്ലുവിളി നേരിട്ടിരുന്നു. പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രശ്നവും അധ്യാപകന്റെ കൊലപാതകവും കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി എബ്ദോയില്‍ 2015ല്‍ ഇസ്ലാമിക ഭീകരരുടെ ആക്രമണം കൊണ്ടുമെല്ലാം കലുഷിതമായിരുന്നു ഫ്രാന്‍സ്. ഈ കാലഘട്ടത്തിലാണ് മാക്രോണ്‍ 2017ല്‍ ആദ്യം അധികാരത്തിലെത്തുന്നത്. തുടര്‍ന്ന് ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ നടപടികളാണ് അദ്ദേഹം കൈകൊണ്ടത്.
രാഷ്ടീയക്കാരനല്ലാത്ത മക്രോണ്‍ അധികാരത്തിലെത്തുമ്പോള്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. ഉദ്യോഗസ്ഥനായിരുന്ന മക്രോണ്‍ ഭരണത്തില്‍ തികഞ്ഞ പരാജയമായിരിക്കുമെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനങ്ങള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്, ഇന്‍വെസ്റ്റുമെന്റ് ബാങ്കര്‍ എന്ന നിലകളിലായിരുന്നു മക്രോണ്‍ അറിയപ്പെട്ടിരുന്നത്. പാരീസിലെ നാന്‍ടെര്‍ സര്‍വ്വകലാശാലയില്‍ ഫിലോസഫിയും സയന്‍സ് പോയില് നിന്നു പബ്ലിക് അഫയേഴ്സില് മാസ്റ്റേഴ്സ് ബിരുദവും നേടി. ഇന്‍സ്പെക്ടറേറ്റ് ജനറല്‍ ഒഫ് ഫിനാന്‍സിന്റെ ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് റോത്ത്സ്ചില്‍ഡില്‍ ആന്‍ഡ് സി ബാന്‍ക്വുവില്‍ ഇന്‍വെസ്റ്റുമെന്റ് ബാങ്കര്‍ ആയി സേവനം അനുഷ്ഠിച്ചു. 2006 മുതല്‍ 2009 വരെ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗം. 2012 മെയില്‍ ഫ്രാന്‍സ്വ ഒലാന്തിന്റെ ആദ്യത്തെ സര്‍ക്കാരില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍. 2014 ല്‍ സാമ്പത്തിക, വ്യവസായ, ഡിജിറ്റല്‍ അഫയേര്‍സ് വകുപ്പുകളുടെ മന്ത്രി.
2017 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി അദ്ദേഹം ആ സ്ഥാനം രാജിവച്ചു. എന്‍ മാര്‍ച്ചെ എന്ന പ്രസ്ഥാനത്തിനു രൂപം നല്‍കിയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് ഉജ്ജ്വല വിജയം നേടുകയും ചെയ്തു. 1977 ഡിസംബര്‍ 21ന് ജനിച്ച മാക്രോണ്‍ 39-ാമത്തെ വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ ഫ്രാന്‍സിന്റെ പ്രസിഡന്റായി.
യൂറോപ്പില്‍ മുസ്ലിം ജനസംഖ്യ ഏറ്റുവും കൂടുതലുള്ളത് ഫ്രാന്‍സിലാണ്. തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണവിഷയങ്ങളില്‍ ഒന്ന് തന്നെ ഇസ്ലാമിക ഭീകരതയായിരുന്നു. കായിക ഇനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് മക്രോണ്‍ വിലക്കിയിരുന്നു. ഭീകരതയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും മക്രോണ്‍ ധൈര്യം കാട്ടി. ഇസ്ലാം ഒരു മതമാണെന്നും രാഷ്ട്രീയ മൂവ്മെന്റല്ലെന്നും പറഞ്ഞ മക്രോണ്‍ പൊളിറ്റിക്കല്‍ ഇസ്ലാമിനെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തു. ഭരണത്തില്‍ ക്രിസ്ത്യന്‍ പള്ളികളുടെ സ്വാധീനം കുറയ്ക്കാനുള്ള നടപടികളും അദ്ദേഹം കൈക്കൊണ്ടു. ഭരണമികവിനും ജനകീയതയ്ക്കുമുള്ള അംഗീകാരമാണ് തുടര്‍വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: