ന്യൂദല്‍ഹി: അമൃതമഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ ജില്ലയിലും 75 അമൃതസരോവരം ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചരിത്രമോ, സ്വാതന്ത്ര്യസമരസേനാനിയുമായി ബന്ധപ്പെട്ട ഓര്‍മ്മകളോ ഉണ്ടെങ്കില്‍ അവയെ അമൃതസരോവരവുമായി ബന്ധിപ്പിക്കാമെന്നും ആകാശവാണിയിലൂടെ നടത്തിയ മന് കി ബാത്ത്പ്രക്ഷേപണത്തില്‍ പ്രധാമന്ത്രി പറഞ്ഞു. വെള്ളം കരുതലോടു കൂടി ഉപയോഗിക്കുന്നതും കുളങ്ങള്‍, തടാകങ്ങള്‍ മുതലായവ ഉണ്ടാക്കുന്നതും മനുഷ്യന്റെ സാമൂഹ്യമായ, ആദ്ധ്യാത്മികമായ കര്‍ത്തവ്യമായി വേദങ്ങള്‍ മുതല്‍ പുരാണങ്ങള്‍ വരെ ഉദ്ഘോഷിക്കുന്നു. കര്‍ത്തവ്യമനോഭാവം എല്ലാവരുടെയും മനസ്സിലുണ്ടായാല്‍ ജലവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ നിന്നുള്ള വെല്ലുവിളികള്‍ക്ക് പരിഹാരം ഉണ്ടാകും . പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
നരേന്ദ്രമോദിയുടെ വാക്കുകള്‍
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചൂട് വളരെ വേഗം വര്‍ദ്ധിക്കുന്നു. ഇത് വെള്ളം സംരംക്ഷിക്കുന്നതിനുള്ള നമ്മുടെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ എവിടെയാണോ അവിടെ ഒരുപക്ഷേ, ആവശ്യത്തിനു വെള്ളം നിങ്ങള്‍ക്കു ലഭിക്കുന്നുണ്ടാകും. പക്ഷേ, നിങ്ങള്‍ ജലദൗര്‍ലഭ്യം അനുഭവിക്കുന്ന കോടിക്കണക്കിന് ആളുകളെയും ഓര്‍ക്കണം. അവര്‍ക്ക് ജലത്തിന്റെ ഓരോ തുള്ളിയും അമൃതിനു സമമാണ്.
സുഹൃത്തുക്കളെ, സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം കൊണ്ടാടുമ്പോള്‍ രാജ്യം ഏതൊക്കെ പ്രതിജ്ഞകളും ആയിട്ടാണോ മുന്നേറുന്നത് അവയിലൊന്നാണ് ജലസംരക്ഷണം. അമൃതമഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ ജില്ലയിലും 75 അമൃതസരോവരം ഉണ്ടാക്കും. ഇതെത്ര വലിയ യജ്ഞമാണെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതാണ്. നിങ്ങളുടെ സ്വന്തം പട്ടണത്തില്‍ 75 അമൃതസരോവരം ഉണ്ടാക്കുന്ന ദിനം വിദൂരമല്ല. നിങ്ങള്‍ ഏവരും, പ്രത്യേകിച്ച് യുവാക്കള്‍ ഈ യജ്ഞത്തെപ്പറ്റി അറിയണമെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രദേശത്ത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചരിത്രമോ, സ്വാതന്ത്ര്യസമരസേനാനിയുമായി ബന്ധപ്പെട്ട ഓര്‍മ്മകളോ ഉണ്ടെങ്കില്‍ അവയെ അമൃതസരോവരവുമായി ബന്ധിപ്പിക്കാവുന്നതാണ്. അമൃതസരോവരത്തിന്റെ പ്രതിജ്ഞ എടുത്തതിനുശേഷം പലയിടങ്ങളിലും അതുമായി ബന്ധപ്പെട്ട ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നു എന്നറിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എനിക്ക് യു പിയിലെ രാംപുര്‍ ഗ്രാമപഞ്ചായത്തിലെ പാര്‍വത്ത്യാരെ കുറിച്ചുള്ള വിവരം ലഭിച്ചു. അവിടെ ഗ്രാമസഭയുടെ ഭൂമിയില്‍ ഒരു കുളം ഉണ്ടായിരുന്നു. എന്നാല്‍ അത് അഴുക്കിന്റെയും ചപ്പുചവറിന്റെയും കൂമ്പാരം കൊണ്ട് നിറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ വളരെ പരിശ്രമിച്ച് ആ പ്രദേശത്തുള്ള ആളുകളുടെയും സ്കൂള്‍ കുട്ടികളുടെയും സഹായത്തോടെ ആ കുളത്തിന്റെ രൂപം തന്നെ മാറി. ഇപ്പോള്‍ ആ കുളത്തിന്റെ തീരത്ത് റീട്ടെയ്നിംഗ് വാള്, ചുറ്റുമതില്‍, ഫുഡ്കോര്‍ട്ട്, ഫൗണ്ടന്, ദീപാലങ്കാരം എന്നുവേണ്ട എന്തൊക്കെ ഏര്‍പ്പാടുകളാണുള്ളത്. ഈ യജ്ഞത്തില്‍ പങ്കുചേര്‍ന്ന രാംപുരിലെ പാര്‍വത്ത്യാര്‍ക്കും ഗ്രാമപഞ്ചായത്തിനും അവിടത്തെ കുട്ടികള്‍ക്കും എന്റെ ആശംസകള്‍.
സുഹൃത്തുക്കളെ വെള്ളത്തിന്റെ ലഭ്യതയും കുറവും ഒരു രാജ്യത്തിന്റെ പുരോഗതിയെയും മുന്നോട്ടുള്ള പോക്കിനെയും നിര്‍ണ്ണയിക്കുന്നു. ഞാന്‍ മന് കി ബാത്തില്‍ ശുചിത്വം പോലുള്ള വിഷയത്തോടൊപ്പം പലതവണ ജലസംരക്ഷണത്തെ കുറിച്ചും പറഞ്ഞത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. നമ്മുടെ ഗ്രന്ഥങ്ങളില്‍ വളരെ സ്പഷ്ടമായി ഇങ്ങനെ പറഞ്ഞിരിക്കുന്നു,
‘പാനീയം പരമം ലോകേ, ജീവാനാം ജീവനം സമൃതം’ അതായത് ലോകത്ത് ജലമാണ് ഒരു ജീവിയുടെ, ജീവന്റെ ആധാരം. മാത്രമല്ല, ഏറ്റവും വലിയ വിഭവശേഷിയും ജലം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് നമ്മുടെ പൂര്‍വ്വികര്‍ ജലസംരക്ഷണത്തിന് ഇത്രയും പ്രാധാന്യം നല്‍കിയത്.
ഓരോ സ്ഥലത്തും വെള്ളം കരുതലോടു കൂടി ഉപയോഗിക്കുന്നതും കുളങ്ങള്‍, തടാകങ്ങള്‍ മുതലായവ ഉണ്ടാക്കുന്നതും മനുഷ്യന്റെ സാമൂഹ്യമായ, ആദ്ധ്യാത്മികമായ കര്‍ത്തവ്യമായി വേദങ്ങള്‍ മുതല്‍ പുരാണങ്ങള്‍ വരെ ഉദ്ഘോഷിക്കുന്നു. രാമായണത്തില്‍ വാല്മീകി മഹര്‍ഷി ജലസ്രോതസ്സുകളെ കൂട്ടിയോജിപ്പിക്കുന്നതിലും ജലസംരക്ഷണത്തിലും പ്രത്യേക ഊന്നല്‍ നല്കുന്നു. അതുപോലെ സിന്ധു, സരസ്വതി, ഹാരപ്പ സംസ്കാരത്തില്‍ ജലവുമായി ബന്ധപ്പെട്ട് എത്ര വികസിതമായ എഞ്ചിനീയറിംഗാണ് നിലനിന്നിരുന്നതെന്ന് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് അറിയാമായിരിക്കുമല്ലോ? പുരാതനകാലത്ത് ധാരാളം നഗരങ്ങളിലെ ജലസ്രോതസ്സുകള്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സമ്പ്രദായം നിലനിന്നിരുന്നു. അക്കാലത്ത് ജനസംഖ്യ അത്രയധികം ഉണ്ടായിരുന്നില്ല. പ്രകൃതിദത്തമായ വിഭവങ്ങള്‍ക്ക് യാതൊരു കുറവും ഇല്ലായിരുന്നു. ഒരുവിധത്തില്‍ പറഞ്ഞാല്‍ വളരെ വിപുലമായ അവസ്ഥ. എന്നിട്ടും ജലസംരക്ഷണവുമായി ബന്ധപ്പെട്ട് വളരെ വലിയ ജാഗ്രത അക്കാലത്തുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി വിപരീതമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രദേശത്തുള്ള പഴയ കുളങ്ങളേയും കിണറുകളേയും തടാകങ്ങളെയും കുറിച്ച് അറിവ് ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അമൃതസരോവര യജ്ഞത്തിലൂടെ ജലസംരക്ഷണത്തോടൊപ്പം നിങ്ങളുടെ പ്രദേശത്തെ എല്ലാവരും തിരിച്ചറിയുകയും ചെയ്യും. ഇതിലൂടെ നഗരങ്ങളും തെരുവുകളും പ്രാദേശിക പര്യടന കേന്ദ്രങ്ങളും വികസിക്കും. ജനങ്ങള്‍ക്ക് ചുറ്റിനടക്കാനുള്ള ഒരിടവും ലഭിക്കും.
സുഹൃത്തുക്കളേ, ജലവുമായി ബന്ധപ്പെട്ട എല്ലാ പ്രയത്നങ്ങളും നമ്മുടെ നാളെയുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. ഇത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. ഇതിനുവേണ്ടി നൂറ്റാണ്ടുകളായി ഓരോ സമൂഹവും പല പല പ്രയത്നങ്ങളും നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നതായി കാണാം. റാന്‍ ഓഫ് കച്ചിലെ ‘മാല്‍ധാരി’ എന്ന ജനസമൂഹം ജലസംരക്ഷണത്തിനായി ‘വൃദാസ്’ എന്ന ഒരു രീതിയാണ് ഉപയോഗിക്കുന്നത്. ഈ രീതിയില്‍ ആദ്യം ചെറിയ കിണറുകള്‍ ഉണ്ടാക്കുന്നു. പിന്നെ അവയെ സംരക്ഷിക്കാനായി ചുറ്റും ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുന്നു. ഇതുപോലെ തന്നെ മദ്ധ്യപ്രദേശിലെ ‘ഭീല്‍’ ജനവിഭാഗം ‘ഹല്‍മയെ’ അതായത് തങ്ങളുടെ ഐതിഹാസികമായ പാരമ്പര്യത്തെ ജലസംരക്ഷണത്തിനായി പ്രയോജനപ്പെടുത്തുന്നു. ഈ ജനസമൂഹം തങ്ങളുടെ പാരമ്പര്യമനുസരിച്ച് ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ഒരു സ്ഥലത്ത് ഒത്തുചേരുന്നു. ഹല്‍മ പാരമ്പര്യത്തില്‍ നിന്നു കിട്ടിയ നിര്‍ദ്ദേശപ്രകാരം ഈ മണ്ഡലങ്ങളില്‍ ജലവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ തുലോം കുറഞ്ഞിട്ടുള്ളതായി കാണാം. മാത്രല്ല, ഭൂഗര്‍ഭജലത്തിന്റെ തോത് ഉയരുന്നുമുണ്ട്.
സുഹൃത്തുക്കളേ, ഇങ്ങനെയുള്ള കര്‍ത്തവ്യമനോഭാവം എല്ലാവരുടെയും മനസ്സിലുണ്ടായാല്‍ ജലവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ നിന്നുള്ള വെല്ലുവിളികള്‍ക്ക് പരിഹാരം ഉണ്ടാകും. വരുവിന്‍ സ്വാതന്ത്ര്യത്തിന്റെ ഈ അമൃതമഹോത്സവത്തില്‍ നമുക്ക് ജലസംരക്ഷണത്തിനായി, ജീവന്റെ സംരക്ഷണത്തിനായി പ്രതിജ്ഞയെടുക്കാം. നാം ഓരോ തുള്ളി ജലവും സംരക്ഷിക്കും, ഓരോ ജീവനും രക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: