ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നടക്കാനിരിക്കുന്ന സ്ഥലത്തിന് സമീപം സ്ഫോടനം. പ്രധാനമന്ത്രിയുടെ റാലി കടന്ന് പോകുന്ന സ്ഥലത്തിന് 8 കിലോമീറ്റര്‍ അപ്പുറത്തായാണ് സ്ഫോടനം നടന്നത്. ജമ്മുവിലെ ലാലിയാന ഗ്രാമത്തിലായിരുന്നു സംഭവം.
പുലര്‍ച്ചെ 4.30 ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്നയുടന്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവത്തിന് ഭീകരബന്ധമുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ് അറിയിച്ചു. കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി. പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കാനിരിക്കേ കശ്മീരിലുണ്ടായ സ്ഫോടനം, അതും റാലി കടന്നു പോകുന്ന വേദിക്ക് സമീപത്തായി നടന്നത് അതീവ ഗൗരവമായാണ് പോലീസ് കാണുന്നത്. ഇതോടെ പ്രധാനമന്ത്രിയുടെ സുരക്ഷ ഒന്നുകൂടി കടുപ്പിക്കാന്‍ തീരുമാനിച്ചു.
ദേശീയ പഞ്ചായത്തി രാജ് ദിനാഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നത്. രാജ്യത്ത് ഉടനീളമുള്ള പഞ്ചായത്തുകളെ പ്രധാനമന്ത്രി ഇന്ന് കശ്മീരില്‍ നിന്ന് അഭിസംബോധന ചെയ്ത് സംസാരിക്കാനായിരുന്നു തീരുമാനം. ജമ്മു കശ്മീരിലെ 30,000 പഞ്ചായത്തി രാജ് അംഗങ്ങളുമായി പ്രധാനമന്ത്രി നേരിട്ട് സംവദിക്കും.
സന്ദര്‍ശന വേളയില്‍ 20,000 കോടി ചെലവ് വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ഇതോടൊപ്പം 3100 കോടി രൂപയുടെ ചെലവില്‍ നിര്‍മിച്ച ബനിഹാല്‍ ഖാസി ഗുണ്ട് റോഡ് ടണലും ഉദ്ഘാടനം ചെയ്യും. അറ്റകുറ്റപ്പണികള്‍ക്കും അടിയന്തിര പലായനത്തിനും ജമ്മുവിനും കശ്മീരിനും ഇടയില്‍ എല്ലാ കാലാവസ്ഥയിലും ബന്ധം സ്ഥാപിക്കുന്നതിനും രണ്ട് പ്രദേശങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതിനും സഹായിക്കുന്നതാണ് ഈ തുരങ്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: