ന്യൂദല്‍ഹി: ഹലാല്‍ ഉല്‍പ്പന്നങ്ങളും ഹലാല്‍ സര്‍ട്ടിഫിക്കേഷനും പൂര്‍ണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന 15% ജനസംഖ്യയുടെ പേരില്‍ 85% പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ജി. ഹലാല്‍ സാക്ഷ്യപ്പെടുത്തിയ എല്ലാ ഭക്ഷ്യവസ്തുക്കളും മള്‍ട്ടിനാഷണല്‍ കമ്പനികള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്നും പകരം, ഇത്തരമൊരു സര്ട്ടിഫിക്കേഷന് ആവശ്യമാണെങ്കില്‍, അത് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ പോലുള്ള നിയമാനുസൃത സംഘടനകളാണ് ചെയ്യേണ്ടതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
‘ജനസംഖ്യയുടെ 15% വരുന്ന മുസ്ലീം ന്യൂനപക്ഷം ‘ഹലാല്‍’ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ മാത്രമാണ്, ബാക്കി 85% ആളുകളില്‍ അത് നിര്‍ബന്ധിതരാക്കുന്നതെന്ന് അഭിഭാഷകനായ വിഭോര്‍ ആനന്ദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഹലാല്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഇസ്ലാമില്‍ അനുവദനീയമായത് അല്ലെങ്കില്‍ നിയമാനുസൃതം എന്നാണ്.
അറുക്കുന്ന മാംസത്തിന് 1974ലാണ് ആദ്യമായി ‘ഹലാല്‍’ സര്ട്ടിഫിക്കേഷന് ഏര്‍പ്പെടുത്തിയതെന്നും 1993 വരെ മാംസ ഉല്പന്നങ്ങള്ക്ക് മാത്രമാണ് ഹലാല്‍ സര്ട്ടിഫിക്കേഷന് ബാധകമാക്കിയതെന്നും ആനന്ദ് തന്റെ ഹര്‍ജിയില്‍ പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മരുന്നുകള്‍, ആശുപത്രികള്‍, ഹൗസിംഗ് സൊസൈറ്റികള്‍, മാളുകള്‍ എന്നിവ പോലും ഇപ്പോള്‍ ഹലാല്‍ വത്കരിക്കപ്പെട്ടിരിക്കുന്നു.
ജമിയത്ത് ഉലമ ഇ മഹാരാഷ്ട്ര, ജമിയത്ത് ഉലമ ഇ ഹിന്ദ് ഹലാല്‍ ട്രസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന അഞ്ചോ ആറോ പ്രമുഖ സംഘടനകളാണ് ഹലാല്‍ സര്ട്ടിഫിക്കേഷന് നടത്തുന്നത്. ‘നമ്മുടെ ഭരണഘടനയില്‍ സെക്കുലര്‍ എന്ന വാക്കിനെക്കുറിച്ച് നമ്മള് തുടരുമ്പോള്‍, ഒരു മതത്തിന്റെ വിശ്വാസങ്ങള്‍ എല്ലാവരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്നത് മതേതരമെന്ന് വിളിക്കാനാവില്ല. പരോക്ഷമായി, ബിസിനസ്സുകള്‍ അവരുടെ ചെലവ് ചുരുക്കാന്‍ ഹലാല്‍ മാത്രമുള്ള ഉല്‍പ്പന്നങ്ങളിലേക്ക് മാറുന്നതോടെ, ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം കഴിക്കാനുള്ള ഈ വിശ്വാസം എല്ലാവരിലും അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്.
ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായ അമുസ്ലിംകളുടെ ചെലവില്‍ സര്ട്ടിഫിക്കേഷന് ഏജന്‍സികള്‍ വലിയ തുക സമ്പാദിക്കുന്നുണ്ടെന്നും അതില്‍ പറയുന്നു. ‘ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21 പ്രകാരം നല്‍കിയിട്ടുള്ള അവരുടെ മൗലികാവകാശങ്ങള്‍ നടപ്പിലാക്കുന്നതിനായി രാജ്യത്തെ 85% പൗരന്മാര്ക്ക് വേണ്ടിയാണ് ഹര്‍ജിയെന്നും ആനന്ദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: