തിരുവന്നതപുരം: ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നതായി തൃശൂര്‍ സിറ്റി പോലീസ് സൈബര്‍ ക്രൈം വിഭാഗവും സമൂഹ മാധ്യമവിഭാഗവും ചേര്‍ന്ന് കണ്ടെത്തിയെന്നു കേരള പോലീസ്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഫിഷിങ്ങ് എന്നറിയപ്പെടുന്ന രീതിയാണ് തട്ടിപ്പുകാര്‍ നടത്തുന്നത്. ഇന്ത്യാ പോസ്റ്റിന്റെ യഥാര്‍ത്ഥ വിവരങ്ങളാണെന്നു കരുതി, തട്ടിപ്പുകാര്‍ പുറത്തുവിട്ടിരിക്കുന്ന വെബ് സൈറ്റിന്റെ ലിങ്ക് വ്യാപകമായി വാട്സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.
തട്ടിപ്പു രീതി ഇങ്ങനെ :
ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് മുഖാന്തിരം ഗവണ്മെന്റ് സബ്സിഡികള്‍ വിതരണം ചെയ്യുന്നു എന്ന തരത്തില്‍ ഒരു ലിങ്ക് വാട്സ് ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ തട്ടിപ്പുകാര്‍ പുറത്തുവിടുന്നു.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇന്ത്യാ പോസ്റ്റിന്റെ ലോഗോയും, ചിത്രങ്ങളും അടങ്ങിയ വെബ്സൈറ്റ് തെളിയുന്നു. ഇതില്‍ നിങ്ങള്‍ക്ക് 6000 രൂപ ഗവണ്മെന്റ് സബ്സിഡി ഇനത്തില്‍ ലഭിക്കാനുണ്ട് എന്ന സന്ദേശം ലഭിക്കുന്നു.അവര്‍ നല്‍കിയിട്ടുള്ള ലളിതമായ ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന്റെ യഥാര്‍ത്ഥ വെബ്സൈറ്റ് ആണെന്നു കരുതി സാധാരണക്കാര്‍ ഇതെല്ലാം ചെയ്തു കഴിയുമ്പോള്‍, സമ്മാനം ലഭിക്കുന്നതിനുവേണ്ടി അതില്‍ തന്നിട്ടുള്ള ചിത്രങ്ങള്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നു. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വമ്പന്‍ തുക അല്ലെങ്കില്‍ കാര്‍ തുടങ്ങിയവയായിരിക്കും നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചതായി കാണുന്നത്.
സമ്മാനം ലഭിക്കുന്നതിനുവേണ്ടി അവര്‍ നല്കുന്ന ലിങ്ക് 4 വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കോ, അല്ലെങ്കില്‍ 20 വാട്സ് ആപ്പ് നമ്പറിലേക്കോ അയച്ചു നല്കാന് ആവശ്യപ്പെടുന്നു. തുടര്‍ന്ന്, നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍ തുടങ്ങിയവ നല്കാന് ആവശ്യപ്പെടുന്നു.
ഇതെല്ലാം അയച്ചു നല്കുന്ന നിങ്ങളെ പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും, സമ്മാനത്തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതിനുവേണ്ടി പ്രോസസിങ്ങ് ചാര്‍ജ്, രജിസ്ട്രേഷന് ഫീസ് തുടങ്ങിയ തട്ടിപ്പുകള്‍ പറഞ്ഞ് ചെറിയ തുകകളായി പണം കൈപ്പറ്റുന്നു.
വലിയ തുക ലഭിക്കാനുണ്ടെന്നു കരുതി, നിങ്ങള്‍ പലപ്പോഴായി അവര്‍ക്ക് ചെറിയ തുകകള്‍ അയച്ചു നല്‍കും.അങ്ങിനെ പണം നിങ്ങള്‍ക്കു നഷ്ടപ്പെടാം. അതല്ലെങ്കില്‍, നിങ്ങളുടെ ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകള്‍ അയച്ചു നല്കി, അതില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കുറ്റവാളികള്‍ നിങ്ങളുടെ ഫോണിന്റേയും, കമ്പ്യൂട്ടറിന്റേയും നിയന്ത്രണം കൈക്കലാക്കി, അവര്‍ നിങ്ങളറിയാതെത്തന്നെ നിങ്ങളുടെ എക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കും.
സുരക്ഷാ മുന്‍കരുതലുകള്‍.
1. ഇന്ത്യാ പോസ്റ്റിന്റെ പേരില്‍ പ്രചരിക്കുന്ന ലിങ്ക് അവഗണിക്കുക. അതില്‍ ക്ലിക്ക് ചെയ്യുകയോ, ആര്‍ക്കും അയച്ചു കൊടുക്കുകയോ അരുത്. ഇന്ത്യന്‍ തപാല്‍ വകുപ്പ് ഇപ്രകാരത്തില്‍ ആര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നില്ല.
2. യഥാര്‍ത്ഥ ഇന്ത്യന്‍ തപാല്‍ വകുപ്പ് (ഇന്ത്യാ പോസ്റ്റ്) വെബ്സൈറ്റിന്റെ ശരിയായ വെബ് വിലാസം ശ്രദ്ധിക്കുക. ഇപ്പോള്‍ പ്രചരിക്കുന്ന വ്യാജ വെബ്സൈറ്റിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വെബ് വിലാസം തിരിച്ചറിയുക.
3.എന്താണ് ഫിഷിങ്ങ്?
ഒരു വ്യക്തിയെ കബളിപ്പിച്ച് തന്ത്രപ്രധാന വിവരങ്ങള്‍ തട്ടിയെടുക്കുന്നതിനോ, അവരുടെ കമ്പ്യൂട്ടറുകളില്‍ ആക്രമണകാരികളായ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുന്നതിനോ ഉപയോഗിക്കുന്ന സോഷ്യല്‍ എഞ്ചിനീയറിങ്ങ് രീതിയാണ് ഫിഷിങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: