തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിനുള്ള പണം നല്കാന് സര്‍ക്കാരിന് കഴിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം വാങ്ങണമെങ്കില്‍ വരുമാനം സ്വയം കണ്ടെത്തണമെന്നും അദേഹം പറഞ്ഞു. അതേസമയം, കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകളുമായി സിഎംഡി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.
മെയ് അഞ്ചിന് മന്ത്രിതല ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. ശമ്പളം കൃത്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് പണിമുടക്കിന് കെഎസ്ടി സംഘ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഇന്നലെ സിഎംഡിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്. ഇതിനിടെ ജോലി സമയം എട്ടില്‍ നിന്ന് 12 മണിക്കൂര്‍ ആക്കി ഉത്തരവും ഇറക്കിയിരുന്നു. ഇതും പിന്‍വലിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
ജോലി സമയം മാറ്റിയ ഉത്തരവ് തല്ക്കാലം മരവിപ്പിച്ചെങ്കിലും ശമ്പളം സംബന്ധിച്ച് തീരുമാനം ആയില്ല. മന്ത്രിയുമായി ചര്‍ച്ച ചെയ്ത് അന്തിമ തിരുമാനം എടുക്കാമെന്ന് സിഎംഡി അറിയിച്ചു. ശമ്പളവിതരണവുമായി ബന്ധപ്പെട്ട് 28ന് പണിമുടക്കാന്‍ കെഎസ്ടി സംഘ് നോട്ടീസ് നല്‍കിയിരുന്നു. ഇത് മെയ് 5 ലേക്ക് മാറ്റിവച്ചതായും തീരുമാനം ഉണ്ടായില്ലെങ്കില്‍ അന്ന് അര്‍ധരാത്രി മുതല്‍ ജീവനക്കാര്‍ പണിമുടക്കുമെന്ന് കെഎസ്ടി സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: