കൊല്ലം: നഗരങ്ങളെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യവുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ്ഭാരത് മിഷന്‍ 2.0 പദ്ധതികളുടെ നടത്തിപ്പിന് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. 2026 ഒക്‌ടോബര്‍ ഒന്നിന് പൂര്‍ത്തിയാകുന്ന രീതിയിലാണ് പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ കോര്‍പ്പറേഷന്‍, നഗരസഭകളില്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
പദ്ധതി പ്രകാരം വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം ജൈവം-അജൈവമായി തരംതിരിക്കുക, 100 ശതമാനം വാതില്‍പ്പടി ശേഖരണം, ശാസ്ത്രീയ സംസ്‌കരണം, പരിപാലനം, കക്കൂസ് മാലിന്യ ജലത്തിന്റെ സുരക്ഷിതമായ സംസ്‌കരണം എന്നിവ മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണ് നിര്‍ദേശിച്ചിട്ടുള്ളത്.
സ്വച്ഛ് ഭാരത് മിഷന്‍ 2.0ലൂടെ കോര്‍പ്പറേഷന്‍, നഗരസഭകളില്‍ അഞ്ച് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കും. എല്ലാ നഗരങ്ങളും മാലിന്യമുക്ത പദവിയിലെ മൂന്ന് സ്റ്റാര്‍ റേറ്റിങ്ങും വലിയ നഗരങ്ങള്‍, കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങും കൈവരിക്കണം.
എല്ലാ നഗരങ്ങളും ഒഡിഎഫ് പ്ലസ് പദവിയും ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങള്‍ ഒഡിഎഫ് പ്ലസ്പ്ലസ് പദവിയും കൈവരിക്കുക, ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള 50 ശതമാനം നഗരങ്ങളെങ്കിലും വാട്ടര്‍ പ്ലസ് പദവിയില്‍ എത്തിച്ചേരുക എന്നിവയ്‌ക്കുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടത്. പദ്ധതി പൂര്‍ത്തീകരണത്തിനുള്ള മുന്നൊരുക്കങ്ങളും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്കിയതായും കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് നഗരങ്ങള്‍ സ്റ്റാര്‍ റേറ്റിങ് നേടിയെടുക്കുന്നത് ഉറപ്പാക്കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്.
50 ശതമാനം കേന്ദ്ര വിഹിതം
പദ്ധതി നടത്തിപ്പിനുള്ള കേന്ദ്ര-സംസ്ഥാന-നഗരസഭ വിഹിതവും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്. സംസ്ഥാനം 33, നഗരസഭ 17 ശതമാനം. 1-10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ കേന്ദ്ര, സംസ്ഥാന, നഗരസഭ വിഹിതം യഥാക്രമം 33, 22, 45 ശതമാനമാണ്. 2011 സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയാണ് പദ്ധതി നിര്‍വഹണത്തിന് പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: