കൊച്ചി; വിവാദമായ കോടഞ്ചേരി മിശ്രവിവാഹ വിഷയത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തീര്‍പ്പാക്കി. ഷെജിനും ഭാര്യ ജോയ്സ്നയും ഇന്നു ഹൈക്കോടതിയില്‍ ഹാജരായി. മാതാപിതാക്കളെ കാണാനും സംസാരിക്കാനും താത്പര്യമില്ലെന്നും ഷെജിനൊപ്പം പോയാല്‍ മതിയെന്നും ജോയ്സ്ന കോടതിയെ അറിയിച്ചു. ഇന്നു രാവിലെ പത്തേകാലിന് പിതാവ് ജോസഫിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സതീഷ് നൈനാന്, ജസ്റ്റിസ് സി എസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ജോയ്സ്നയുമായി സംസാരിച്ചു. തുടര്‍ന്നാണ് തീരുമാനം ജോയ്സ്ന അറിയിച്ചത്. എന്നാല്‍, മകളെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും വിദേശത്ത് ജോലി ചെയ്യുന്ന പ്രായപൂര്‍ത്തിയായ ഒരു യുവതിയെ ഇത്തരം കാര്യങ്ങളില്‍ നിന്ന് വിലക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തേ, ജോയ്സ്നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
നേരത്തേ, ജോയ്സ്ന ഭര്‍ത്താവ് ഷെജിനൊപ്പം താമരശ്ശേരി കോടതിയില്‍ ഹാജരായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും, തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും വ്യക്തമാക്കിയ ജോയ്സ്ന തനിക്ക് ഷെജിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും കോടതിയില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ജോയ്സ്നക്ക് കോടതി അനുമതി നല്‍കുകയും ചെയ്തു.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് മകളെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് പിതാവിന്റെ വാദം. മകളെ തട്ടിക്കൊണ്ടു പോയതാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പിതാവ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഡി.വൈ.എഫ്.ഐ നേതാവായ ഷെജിനും ജോയ്സനയും തമ്മിലുള്ള മിശ്രവിവാഹം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ജോയ്സ്നയുടെ പിതാവ് ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അല്ലെങ്കില്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നും പിതാവ് പറഞ്ഞിരുന്നു. ക്രൈസ്തവ സംഘടനകളും ഇതൊരു ലൗ ജിഹാദ് ആണെന്ന ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: