”ബസ്, ടാക്സി, ഓട്ടോ നിരക്കുകളില്‍ മാറ്റം”- വാര്‍ത്തയുടെ ഈ തലക്കെട്ടു കണ്ടപ്പോള്‍ സംശയം. നിരക്കു കൂട്ടുകയാണോ കുറയുകയാണോ ചെയ്തത്? വായിച്ചപ്പോള്‍ കാര്യം മനസ്സിലായി. നിരക്കു കൂട്ടിയിരിക്കുന്നു. കൂട്ടലിനെ ‘മാറ്റ’മാക്കിയതിനു പിന്നിലെ ചേതോവികാരം സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം മനസ്സിലാകും. ആരുടെയൊക്കെയോ കണ്ണില്‍ പൊടിയിടാന്‍ ഭാഷകൊണ്ടുള്ള ഒരുതരം അഭ്യാസം! എേന്താ, പെട്രോളിനും ഡീസലിനുമൊക്കെ വില കൂട്ടുമ്പോള്‍ പകരം നില്ക്കാന് ‘മാറ്റ’ത്തെ കാണാറില്ല!
മുഖപ്രസംഗങ്ങളില്‍ നിന്ന്:
”അധികാരത്തിലുള്ള കേരളത്തില്‍ നില ഭദ്രമായി തുടരുന്നതിനും മറ്റു സംസ്ഥാനങ്ങൡ കരുത്തു വര്‍ധിപ്പിച്ചും ദേശീയരാഷ്ട്രീയത്തില്‍ തങ്ങളുടേതായ പങ്കു വഹിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടിയുടെ ആവേശമാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കണ്ടത്.”
”അധികാരത്തിലുള്ള കേരളത്തില്‍ നില ഭദ്രമായി തുടര്‍ന്നും’ എന്നാണു വേണ്ടത്.
”ഭാഷ എന്നത് കേവലമായ ആശയ വിനിമയോപാധി മാത്രമല്ല ഒരു ജനതയുടെ പാരമ്പര്യത്തിന്റെയും സാംസ്കാരിക സ്വത്വത്തിന്റെയും സഞ്ചിതനിധി കൂടിയാണ്.”
‘കേവലവും’ ‘മാത്ര’വും കൂടി വേണ്ട. ‘കേവലമായ ആശയവിനിമയോപാധിയല്ല’ എന്നോ ‘ആശയവിനിമയോപാധി മാത്രമല്ല’ എന്നോ മതി.
”വിവിധ വിഷയങ്ങളിലായി ചുരുങ്ങിയത് മൂവായിരം വിദ്യാര്‍ഥികളെയെങ്കിലും പ്രവേശിപ്പിക്കുക…”
‘ചുരുങ്ങിയ’തും ‘എങ്കിലും’ കൂടി വേണ്ട.
‘ചുരുങ്ങിയത് മൂവായിരം വിദ്യാര്‍ഥികളെ’ എന്നോ ‘മൂവായിരം വിദ്യാര്‍ഥികളെയെങ്കിലും’ എന്നോ മതി.
ചരമവാര്‍ത്തകളില്‍ ആവര്‍ത്തനം അഭംഗുരം തുടരുകയാണ്! തലക്കെട്ടുതന്നെ വാര്‍ത്തയുടെ ആദ്യവാക്യമാക്കിയാലേ പല ലേഖകര്‍ക്കും തൃപ്തിയാകൂ. ആരും അത് തിരുത്തിക്കാണുന്നില്ല. അതോ ഇങ്ങനെതന്നെ എഴുതണമെന്നാണോ അവരെ പഠിപ്പിച്ചിരിക്കുന്നത്? നോക്കുക:
കെ.എസ്.ആര്.ടി.സി ബസ്സിടിച്ച്പിക്കപ്പ്വാന് ഡ്രൈവര്‍ മരിച്ചു
പെരുമ്പാവൂര്‍: കെ.എസ്.ആര്.ടി.സി ബസ്സിടിച്ച് പിക്കപ്പ്വാന്‍ ഡ്രൈവര്‍ മരിച്ചു. മലയിടംതുരുത്ത് മണ്ണേപറമ്പില്‍ വീട്ടില്‍ ഷിഹാബ് (30) ആണ് മരിച്ചത്….
പ്രസവത്തെതുടര്ന്ന്അമ്മയും കുഞ്ഞും മരിച്ചു
ഓച്ചിറ: പ്രസവത്തെതുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. കുലശേഖരപുരം ആദിനാട് വടക്ക്…
പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍
കയ്പമംഗലം: പോക്കോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍. ചാമക്കാല കൊടുങ്ങൂക്കാരന്‍…..
ബൈക്കിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു
അടൂര്‍: ബൈക്കിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. പറക്കോട് സെന്റ് പീറ്റേഴ്സ്….
ബോട്ടില്‍ തലയടിച്ചു വീണ് മത്സ്യത്തൊഴിലാളി മരിച്ചു
പൂവാര്‍: മീന്‍പിടിത്ത ബോട്ടില്‍ തലയടിച്ചു വീണ് മത്സ്യത്തൊഴിലാളി മരിച്ചു. കരുംകുളം പള്ളം പുരയിടത്തില്‍…
കഷ്ടം! സാധാരണ വായനക്കാരുടെപോലും ശ്രദ്ധയില്‍പ്പെടുന്ന അനൗചിത്യങ്ങളാണിവ. അല്പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതേയുള്ളൂ.
പിന്കുറിപ്പ്:
പരിഷ്കരണത്തിന് അംഗീകാരം: മലയാളം ഭാഗികമായി പഴയ ലിപിയിലേക്ക്- വാര്‍ത്ത.
പരിഷ്കരിച്ചു പരിഷ്കരിച്ച് ലിപി ഇല്ലാതാകുമോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: