തിരുവനന്തപുരം: കവി പി.നാരായണക്കുറുപ്പ്് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. പേരൂര്‍ക്കടയിലെ ഇന്ദിരാനഗറില്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി ചീഫ് സെക്രട്ടറി വി.പി.ജോയ് ആണ് പുരസ്കാരം കൈമാറിയത്. കവിതയ്ക്കും നിരൂപണത്തിനുമുള്ള സാഹിത്യരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പി.നാരായണക്കുറുപ്പിന് രാജ്യം പത്മശ്രീ നല്കി ആദരിച്ചത്.
പത്മശ്രീ പ്രതീക്ഷിച്ചിരുന്നില്ലെന്നും വിശിഷ്ടമായ പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കവി പറഞ്ഞു. സാഹിത്യത്തിന് ലഭിച്ച ഈ പുരസ്കാരം തനിക്കുപിന്നാലെ വരുന്നവര്‍ക്കും പ്രചോദനമാകുമെന്നും കവി കൂട്ടിച്ചേര്‍ത്തു. ആരോഗ്യപരമായ കാരണങ്ങളാല്‍ ദല്‍ഹിയില്‍ പത്മശ്രീപുരസ്കാരദാന ചടങ്ങില്‍ എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി മുഖാന്തിരം പുരസ്കാരം വീട്ടിലെത്തിച്ച് നല്‍കിയത്.
പത്തുവര്‍ഷം തപസ്യയുടെ അധ്യക്ഷനായിരുന്ന നാരായണക്കുറുപ്പ് ഇപ്പോള്‍ രക്ഷാധികാരിയാണ്. 1934 സപ്തംബര്‍ 5ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ച അദ്ദേഹം 1956 ല്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസര്‍, സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ എഡിറ്റര്‍, വിശ്വവിജ്ഞാനകോശം, സര്‍വ്വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ ഗസറ്റ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
അസ്ത്രമാല്യം, ഹംസധ്വനി, അപൂര്‍ണതയുടെ സൗന്ദര്യം, നാറാണത്തു കവിത, കുറുംകവിത, ഭൂപാളം, നിശാന്ധി, അമ്മത്തോറ്റം, സാമം സംഘര്‍ഷം, ശ്യാമസുന്ദരം, അയര്കുലത്തിലെ വെണ്ണ തുടങ്ങിയ കവിതാസമാഹാരങ്ഹളും കവിയും കവിതയും, വൃത്തപഠനം, കാവ്യബിംബം, ഭാഷാവൃത്തപഠനം, തനതുകവിത, തനതു നാടകം, കവിതയിലെ റിയലിസം തുടങ്ങിയ നിരൂപണഗ്രന്ഥങ്ങളുമുള്പ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
1986 ല്‍ കേരള സാഹിത്യ അക്കാദമിയുടെ നിരൂപണത്തിനുള്ള അവാര്‍ഡ്, 90 നിശാഗന്ധി എന്ന കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 91 ലെ ഓടക്കുഴല്‍ അവാര്‍ഡ്, 96 ല്‍ കേരളപാണിനി അവാര്‍ഡ്, 2002 ല്‍ ബാലസാഹിത്യത്തിനുള്ള സംസ്ഥാന അവാര്‍ഡ്, 2005 ലെ ഉള്ളൂര്‍ അവാര്‍ഡ്, 2014 ലെ വള്ളത്തോള്‍ പുരസ്കാരം, 2017 തപസ്യയുടെ സഞ്ജയന് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ പി.നാരായണക്കുറുപ്പിന് തന്റെ 88 ാമത്തെ വയസിലാണ് പത്മശ്രീപുരസ്കാരം ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: