കന്യാകുമാരി: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ മതംമാറാന്‍ പ്രേരിപ്പിച്ച അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ട് തമിഴ്നാട് സര്‍ക്കാര്‍. കന്യാകുമാരി ജില്ലയിലെ ഇരണിയല്‍ കണ്ണാട്ടുവിള ഗവണ്മെന്റ് ഹൈസ്കൂളിലെ തയ്യല്‍ അധ്യാപിക പിയാട്രിസ് തങ്കത്തിനെതിരെയാണ് നടപടി. ഹിന്ദു വിദ്യാര്‍ത്ഥിനികളോട് അധ്യാപിക മതംമാറാന്‍ ആവശ്യപ്പെട്ടതായി വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയ വീഡിയോ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
ബൈബിള്‍ സത്യമാണ് പറയുന്നതെന്നും ഗീത പഠിക്കേണ്ടതില്ലെന്നും ഹിന്ദു വിദ്യാര്‍ത്ഥിനികളോട് പിയാട്രിസ് തങ്കം പറഞ്ഞു. ഹിന്ദുക്കള്‍ സാത്താന്മാരാണെന്ന തരത്തില്‍ ക്ലാസില്‍ കഥകള്‍ പറഞ്ഞു. തയ്ക്കാന്‍ പഠിപ്പിക്കണമെന്ന് ക്ലാസില്‍ കുട്ടികള്‍ ആവശ്യപ്പെട്ടാലും പഠിപ്പിക്കുന്നത് കുരുശിന്റെ രൂപം തയ്ക്കാനാണെന്നും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തി.
കുട്ടികള്‍ വീട്ടിലെത്തി പരാതിപ്പെട്ടതോടെ രക്ഷിതാക്കള്‍ അധികൃതരെ സമീപിക്കുകയായിരുന്നു. ജില്ലാ കളക്ടര്‍ അരവിന്ദ് ആരോപണ വിധേയയായ അധ്യാപികക്ക് എതിരെ അന്വേഷണം നടത്താന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസറോട് ഉത്തരവിട്ടു.
വിദ്യാഭ്യാസ വകുപ്പ് തക്കല റീജിയണല്‍ ഓഫീസര്‍ സ്കൂള്‍ അധികൃതരോടും ആരോപണ വിധേയയായ പിയാട്രിസ് തങ്കത്തോടും വിശദീകരണം തേടി. തുടര്‍ന്ന് പിയാട്രിസ് തങ്കത്തെ ബുധനാഴ്ച വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: