കാഞ്ഞാണി: ജോലിക്കിടെ ജീവന് നഷ്ടമായ സഹപ്രവര്‍ത്തകന്റെ ഓര്മക്കായ് നിര്‍ധന കുടുംബത്തിന് കാരുണ്യ ഭവനം നിര്‍മിച്ചു നല്കി സ്നേഹത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകയാകുകയാണ് ഒരു വിഭാഗം അഗ്നിരക്ഷാ സേനാംഗങ്ങള്‍. നന്മയുള്ള ഈ പ്രവൃത്തിക്ക് വീട് നിര്‍മിക്കാനാവശ്യമായ ഭൂമി സൗജന്യമായി വിട്ടുനല്‍കി മേലുദ്യോഗസ്ഥനും. നിര്‍മ്മാണം പൂര്‍ത്തിയായ വീട് ഇന്ന് പാറളം നിവാസികളായ ദമ്പതികള്‍ക്ക് കൈമാറും. കേരള ഫയര്‍ സര്‍വീസ് ഡ്രൈവേഴ്സ് & മെക്കാനിക്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നിരാലംബരായ കുടുംബത്തിന് വീട് വച്ച് നല്‍കുന്നത്. അഗ്നിശമന സേനാംഗമായിരിക്കെ മരണപ്പെട്ട പി. വിനോദ് കുമാറിന്റെ ഓര്‍മക്കായാണ് ഈ പുണ്യകര്‍മം.
തൃശൂര്‍ കോളങ്ങാട്ടുകരയില്‍ വച്ച് വൈദ്യുതി ലൈനില്‍ കുടുങ്ങിയ കെ.എസ്.ഇ.ബി. ജീവനക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഗ്നിരക്ഷാ സേനാംഗമായ വിനോദ്കുമാര്‍ മരണപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ഓര്‍മക്കായി ഡ്രൈവര്‍മാരും മെക്കാനിക്കുകളും അടങ്ങുന്ന മറ്റു സേനാംഗങ്ങളാണ് പാറളം സ്വദേശികളായ ഓമന – റപ്പായി ദമ്പതികള്‍ക്ക് വീട് വെച്ച് നല്‍കിയത്. സേനാംഗങ്ങളുടെ സല്പ്രവൃത്തിക്ക് പ്രചോദനമായി നാട്ടിക ഫയര്‍ സ്റ്റേഷന് ഓഫീസര്‍ എ.എല്‍. ലാസര്‍ കോടന്നൂരിലുള്ള തന്റെ വസ്തുവില്‍ നിന്ന് 3 സെന്റ് സൗജന്യമായി നല്‍കിയതോടെ വീട് നിര്‍മാണം വേഗത്തിലായി. ഒഴിവു സമയങ്ങളില്‍ സേനാംഗങ്ങള്‍ സ്ഥലത്തെത്തി ഭവന നിര്‍മാണത്തില്‍ പങ്കാളികളായി.
അഗ്നിരക്ഷാ സേനയില്‍ 27 വര്‍ഷമായി ജോലി നോക്കിവരികയാണ് നാട്ടിക ഫയര്‍ & റസ്ക്യൂ സ്റ്റേഷന് ഓഫീസര്‍ എ.എല്‍. ലാസര്‍. സേനാംഗങ്ങളുടെ കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ 3 സെന്റ് ഭൂമി സൗജന്യമായി വിട്ടുനല്‍കി. ഗുരുവായൂരിലും 6 വര്‍ഷം തൃശൂരിലും അഗ്നിരക്ഷാ സേനയെ നയിച്ചു. അടുത്ത മാസം ഇദ്ദേഹം വിരമിക്കും.
വീടിന്റെ താക്കോല്‍ ദാനം ഇന്ന് രാവിലെ 9.30 ന് മന്ത്രി കെ. രാജന് നിര്‍വഹിച്ചു. ഫയര്‍ & റസ്ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ബി. സന്ധ്യ മുഖ്യപ്രഭാഷണം നടത്തി. സി.സി. മുകുന്ദന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: