ആലപ്പുഴ: ഒരാഴ്ചയിലേറെയായി തുടരുന്ന വേനല്‍ മഴയില്‍ നെല്‍കാര്‍ഷിക മേഖലയില്‍ കോടികളുടെ നഷ്ടം. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. കുട്ടനാട്ടില്‍ ഇന്നലെ വീണ്ടും മടവീണു. 600 ഏക്കറുള്ള കൈനകരി സി ബ്ലോക്ക് പാടശേഖരത്തിലാണ് മട വീണ് പുഞ്ച കൃഷി നശിച്ചത്. 150 കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കിയിരുന്നത്. വെള്ളപ്പാച്ചിലില്‍ മോട്ടോര്‍തറ ഉള്‍പ്പടെ തള്ളിപോകുകയായിരുന്നു. ഈ ആഴ്ച ഇവിടെ കൊയ്യാനിരുന്നതാണ്. വേനല്‍ മഴ മാറാതെ നില്ക്കുമ്പോള് കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പള്ളിപ്പാട് പള്ളിക്കല്‍ മുല്ലേമൂല പാടത്തും, ഹരിപ്പാട് കൃഷിഭവന് പരിധിയിലെ വഴുതാനം പടിഞ്ഞാറ്, തെക്ക് പാടത്തും മടവീഴ്ചയുണ്ടായിരുന്നു. അപ്പര്‍കുട്ടനാട് മേഖലകളിലാണ് ഇത്തവണ വേനല്‍ മഴയില്‍ നാശനഷ്ടം ഏറെയുണ്ടായത്. ജില്ലയില്‍ എതാണ്ട് 28,000 ഹെക്ടര്‍ പാടശേഖരങ്ങളിലാണ് പുഞ്ചക്കൃഷിയിറക്കിയത്. ഇതില്‍ കേവലം പത്തു ശതമാനത്തോളം പാടത്ത് മാത്രമാണ് വിളവെടുപ്പ് നടന്നത്. അതിനാല്‍ മഴ തുടര്‍ന്നാല്‍ നാശനഷ്ടം വര്‍ധിക്കാനാണ് സാധ്യത.
അതിനിടെ പതിവു പോലെ മില്ലൂകാരും കര്‍ഷകരെ ചൂഷണം ചെയ്യാനെത്തിയിട്ടുണ്ട്. ശക്തമായ മഴയത്ത് കൃഷിനശിക്കുന്നതു മുതലെടുത്ത് മില്ലുകാര്‍ കര്‍ഷകരെ പിഴിയുന്നു. ക്വിന്റലിന് 15 കിലോ വരെ കിഴിവ് ആവശ്യപ്പെടുന്നതായി പരാതി ഉയര്‍ന്നു. വെളിയനാട് കൃഷിഭവന് പരിധിയിലെ പള്ളിക്കണ്ടം പാടത്താണ് അന്യായ കിഴിവ് ആവശ്യപ്പെട്ടതായി പരാതി ഉയര്‍ന്നത്. കൂടാതെ വെള്ളം കെട്ടികിടക്കുന്നതിനാല്‍ കൊയ്ത്തിന്റെ ചെലവും പതിന്മടങ്ങാകും. സാധാരണ ഒന്നരമണിക്കൂര്‍ കൊണ്ട് ഒരേക്കര്‍ പാടം കൊയ്തെടുക്കാം. പക്ഷേ, നെല്‍ച്ചെടികള്‍ വീണുകിടക്കുന്നവ കൊയ്തെടുക്കാന്‍ രണ്ടര-മൂന്നു മണിക്കൂര്‍ വരെ എടുക്കും.
ശക്തമായ പുറംബണ്ട് നിര്‍മിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കാത്തതാണ് കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലെ കാര്‍ഷിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു ദശാബ്ദം മുന്‍പ് വിഎസ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കി തുടങ്ങിയ കുട്ടനാട് പാക്കേജിലെ പ്രധാന പദ്ധതിയായിരുന്നു പുറംബണ്ട് ബലപ്പെടുത്തല്‍. എന്നാല്‍ കോടികളുടെ അഴിമതി നടന്നതല്ലാതെ ബണ്ട് നിര്‍മാണം എങ്ങുമെത്തിയില്ല. എല്ലാ വര്‍ഷവും പാടശേഖരങ്ങളില്‍ ബണ്ട് വീഴ്ച തുടര്‍ക്കഥയായി. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ശത കോടികള്‍ പദ്ധതികള്‍ പോലും സമര്‍പ്പിക്കാതെ പാഴാക്കി. നടപ്പാക്കിയവയിലാകട്ടെ അഴിമതി ആരോപണങ്ങളും. മുന്‍ഗണന പ്രവര്‍ത്തികള്‍ മാറ്റിമറിച്ച് കായലില്‍ സ്ലാബിട്ട് ബണ്ട് സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. നിലവില്‍ കായലിലിട്ട പൈലുകളും, സ്ലാബുകളും എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല.
2018ലെ മഹാ പ്രളയത്തില്‍ കുട്ടനാട്ടിലെ ജലാശയങ്ങളാകെ എക്കലടിഞ്ഞ് ആഴം തീരെ കുറഞ്ഞു. ഇതോടെ ഒറ്റ മഴയില്‍ തന്നെ ജലാശയങ്ങള്‍ കരകവിയുകയും പാടശേഖരങ്ങളില്‍ വെള്ളം നിറയുകയുമാണ്. ജലാശയങ്ങളിലെ ആഴം കൂട്ടുക, അവിടങ്ങളില്‍ നിന്നെടുക്കുന്ന എക്കലും ചെളിയും ഉപയോഗിച്ച് പുറംബണ്ടുകള്‍ ബലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും പറയുന്നതല്ലാതെ പ്രവര്‍ത്തി മാത്രം ഉണ്ടാകുന്നില്ല. കുട്ടനാട്, അപ്പര്‍ കുട്ടനാട് പ്രദേശങ്ങളെ വെള്ളപ്പൊക്കത്തില്‍ നിന്ന് സംരക്ഷിക്കണമെങ്കില്‍ അവിടങ്ങളില്‍ നിന്നുള്ള വെള്ളം വേഗത്തില്‍ കടലിലേക്ക് ഒഴുക്കണം. ഇതിന് തോട്ടപ്പള്ളി ലീഡിങ് ചാനലിലൂടെയും, തണ്ണീര്‍മൂക്കം ബണ്ടിലൂടെയും ജലനിര്‍ഗമനം സുഗമമാക്കണം.
കൂടാതെ ഇവിടങ്ങളിലെ ഷട്ടര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ശാസ്ത്രീയമാക്കണം. പലപദ്ധതികളിലായി കോടികള്‍ ചെലവഴിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എല്ലാം കബളിപ്പിക്കലായി മാറുകയാണെന്നാണ് കര്‍ഷകരുടെ വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് രണ്ടായിരം കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇതുപ്രകാരം ഒരു പദ്ധതിയും നടപ്പായിട്ടില്ല.
കുട്ടനാട്ടിലെ ജല മനേജ്മെന്റ് ശാസ്ത്രീയമായി നടപ്പാക്കാന്‍ നെതര്‍ലാന്റ് മോഡല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് വിദേശ രാജ്യങ്ങള്‍ ചുറ്റിയടിച്ച ശേഷം മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഓരോ മഴക്കാലത്തും കുട്ടനാട് വെള്ളത്തില്‍ മുങ്ങും, കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ പുഞ്ചക്കൃഷിയില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് പോലും ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നതാണ് ദുരവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: