കീവ്: റഷ്യയില്‍ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്ന ജര്‍മ്മനിയ്ക്കെതിരെ ഉക്രൈന് വിമര്‍ശനം ഉന്നയിച്ചതില്‍ ജര്‍മ്മനിയ്ക്ക് അമര്‍ഷം. ജര്‍മ്മനിയുടെ ഗ്യാസ് ഉപഭോഗത്തിന്റെ 32 ശതമാനവും റഷ്യയില്‍ നിന്നും പൈപ്പ് ലൈന്‍ വഴി എത്തുന്നു. പൈപ്പ് ലൈന്‍ വഴിയല്ലാതെ കപ്പലിലും റഷ്യയില്‍ നിന്നും ഗ്യാസ് ജര്‍മ്മനിയില്‍ എത്തുന്നു. ജര്‍മ്മനിയ്ക്ക് ആവശ്യമായ 50 ശതമാനം ഗ്യാസും നല്‍കുന്നത് റഷ്യയാണ്. ഈ ഗ്യാസില്ലാതെ ജര്‍മ്മന്‍ ജനതയ്ക്ക് മുന്നോട്ട് പോകാനാവില്ല.
അതുപോലെ എണ്ണയുടെ കാര്യമാണെങ്കില്‍ ജര്മ്മനിയ്ക്കാവശ്യമായ 33 ശതമാനം എണ്ണയും റഷ്യയില്‍ നിന്നാണ് വരുന്നത്. റഷ്യ ഉക്രൈനെ ആക്രമിച്ച ശേഷം റഷ്യയ്ക്കെതിരെ കടുത്ത ഉപരോധം വേണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നുണ്ടെങ്കിലും ജര്‍മ്മനി ഒറ്റയടിക്ക് റഷ്യയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഒരുക്കമല്ല. ഉക്രൈന് വംശജരുടെ വംശഹത്യ തടയാന്‍ ജര്‍മ്മനി ത്യാഗം ചെയ്യാന്‍ തയ്യാറില്ലെന്ന ആത്മരോഷം ഉക്രൈനില്‍ പരക്കെയുണ്ട്. ഇതാണ് ഉക്രൈനെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഉക്രൈന് ജര്‍മ്മനിയെ വിമര്‍ശിക്കുകയും ചെയ്തു. ഇതില്‍ ജര്‍മ്മനിക്ക് അങ്ങേയറ്റം അമര്‍ഷമുണ്ട്.
ബുധനാഴ്ച പോളണ്ട്, എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ കീവ് സന്ദര്‍ശിക്കുമ്പോള്‍ ജര്‍മ്മനിയുടെ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്മെയര്ക്കും കീവ് സന്ദര്‍ശിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ജര്‍മ്മനിയുടെ സന്ദര്‍ശനത്തെ ഉക്രൈന് വിലക്കുകയായിരുന്നു. ഇത് ജര്‍മ്മനിക്ക് വലിയ ആഘാതമായി. ഉക്രൈന് തങ്ങളെ ആവശ്യമില്ലാതിരുന്നതുകൊണ്ടാണ് സന്ദര്‍ശനം വിലക്കിയതെന്ന് നിരാശയോടെ ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മെയര്‍ പറഞ്ഞു. റഷ്യയുമായി ജര്‍മ്മന്‍ പ്രസിഡന്റിന് ആഴത്തിലുള്ള ബന്ധമുള്ളതിനാലാണ് കീവിലേക്കുള്ള സന്ദര്‍ശനം വിലക്കിയതെന്ന് ഉക്രൈന് ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്തായാലും റഷ്യയ്ക്കെതിരായ ഉപരോധത്തില്‍ വിള്ളല്‍ വീഴുക മാത്രമല്ല, ഉക്രൈനെതിരെ ചില അസ്വാരസ്യങ്ങളും യൂറോപ്പില്‍ നിന്നുയരുകയാണ്. ഇത് തീര്‍ച്ചയായും യുഎസിന്റെയും നാറ്റോയുടെയും റഷ്യയ്ക്കെതിരായ നീക്കങ്ങള്‍ക്കുള്ള തിരിച്ചടി തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: