സ്വാമി ഗുരുപ്രസാദ്
ജീവരാശിയുടെ ഗതിവിഗതികളെ കണ്ടറിഞ്ഞ ഏറ്റവും വലിയ ആസൂത്രണ വിചക്ഷണനായിരുന്നു ശ്രീനാരായണഗുരുദേവന്‍. ജീവിതത്തിന്റെ അസ്ഥിത്വം ഉറപ്പിച്ചിരിക്കുന്നത് മതനിഷ്ഠമായ ജീവിതത്തിലാണെന്നും വിഭിന്നമതങ്ങളുടെ സാരതത്വം ഒന്നാണെന്നും പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേദിയൊരുക്കുന്നതിന് 1925 ല്‍ മതമഹാപാഠശാലക്കു ശിവഗിരിക്കുന്നിന്റെ നെറുകയില്‍ ശിലാസ്ഥാപനം ചെയ്ത് പ്രാരംഭം കുറിച്ചു.
ആത്മീയവും ഭൗതികവുമായ സര്‍വ്വമേഖലകളിലും മനുഷ്യന്റെ സൈ്വര്യവിഹാരം നടത്തുന്നത് അവന്റെ വിജ്ഞാനതലത്തെ ആശ്രയിച്ചുകൊണ്ടാണ്. സാമാന്യവും വിശേഷവുമായ പരിജ്ഞാനം താന്‍ വ്യവഹരിക്കുന്ന മേഖലകളില്‍ ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ്. വ്യക്തിജീവിതം ചിട്ടപ്പെടുത്തേണ്ടത് അതിലൂടെയാണ്. അതിന് ഗുരു അഷ്ടാംഗങ്ങളെ വിശദമാക്കുന്നു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, സംഘടന, കച്ചവടം, കൈത്തൊഴില്‍, സാങ്കേതികവിദ്യ ഇവയാണ്. മനുഷ്യജീവിതത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് എന്നും നിദാനമായിരുന്നു ഇതെല്ലാം. ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ ഭാഷയുടെയോ ഭേദചിന്തകളില്ലാതെ മനുഷ്യകുലത്തിന്റെ സമഗ്രതയുടെ ഉദ്ബോധനങ്ങളായിരുന്നു ഇവയെന്നു കാണുവാന്‍ സാധിക്കും. സ്വച്ഛതയില്‍ നിന്നുമാണ് സ്വാതന്ത്യം ഉണ്ടാകുന്നതെന്ന ദാര്‍ശനിക കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് ഗുരുദേവന് സമൂഹത്തെ പരിവര്‍ത്തനപ്പെടുത്തിയിരുന്നത്. മനുഷ്യസമൂഹം ജാതിസമൂഹമായും മതസമൂഹമായും തരംതിരിഞ്ഞു വിവേചനത്തിന്റെ ചുഴിക്കുത്തുകളിലേക്കു കൂപ്പുകുത്തുന്ന കാഴ്ച കണ്ടിരിക്കുവാന്‍ ഗുരുവിലെ ദാര്‍ശനികനും നവോത്ഥാനനായകനും ആകുമായിരുന്നില്ല. കാരണം ഗുരുദേവന് മാനവികതയുടെ മഹാപ്രവാചകനായിരുന്നു. ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കി വച്ചിരിക്കുന്നതിലെ അയുക്തികതയേയും അശാസ്ത്രീയതയെയും ദാര്‍ശനികത്തികവോടെ തുറന്നുകാട്ടുന്ന ശാസ്ത്രീയസമീപനമായിരുന്നു ഗുരുവിനുണ്ടായിരുന്നത്. ഏതുതര്ക്കത്തെയും ഇണക്കി ഇല്ലാതാകുവാന്‍ ഗുരുവിനു അനായാസം കഴിഞ്ഞിരുന്നു.
മനുഷ്യനെ അസ്വതന്ത്രനും അസന്തുഷ്ടനും അജ്ഞാനിയുമാക്കിത്തീര്‍ക്കുന്ന ജാതിയിലെ ജാതിയില്ലായ്മ വെളിവാക്കുന്നതിനായി ഗുരുദേവന് ഒട്ടേറെ ഉപദേശങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി നമുക്ക് നല്‍കിയിട്ടുണ്ട്. അതിനെല്ലാം പുറമെ എന്താണു ജാതിയെന്നും ഒരു ജീവിവര്‍ഗ്ഗത്തിന്റെ ജാതി എങ്ങനെയാണു നിര്‍ണ്ണയിക്കേണ്ടതെന്നും എന്തെല്ലാമാണു ജാതിയുടെ ലക്ഷണങ്ങളെന്നും ജീവശാസ്ത്രപരമായും തത്വശാസ്ത്രപരമായും ഗുരു ജാതിനിര്‍ണ്ണയവും ജാതിലക്ഷണവുമെന്ന കൃതികളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യനെ മനുഷ്യനായി കാണുവാന്‍ മനുഷ്യന്റെ ജാതിമനുഷ്യത്വമാണെന്നും പ്രചരിപ്പിച്ച ഗുരുവിനെപ്പോലും ജാതിയുടെ വേലിക്കെട്ടിനുള്ളില്‍ ഒതുക്കുവാന്‍ ഇപ്പോള്‍ ശ്രമം നടന്നുകൊണ്ടിരിക്കുന്ന വേദനാജനകമായ കാഴ്ച നമുക്ക് കാണുവാന്‍ സാധിക്കും. അതുപോലെ ഗുരുവിനെ വര്‍ത്തമാനകാലത്ത് ബോധപൂര്‍വ്വമായി താഴ്ത്തിക്കെട്ടുന്ന തിനുള്ള ശ്രമം ചില പ്രത്യേകകേന്ദ്രങ്ങളില്‍ നടന്നു വരുന്നതായി നമുക്കു കാണുവാന്‍ സാധിക്കും. ഇവരോടു ഈ പാവങ്ങള്‍ക്കു മാപ്പുകൊടുക്കേണമേന്നു മാത്രമേ നമുക്കു പറയുവാന്‍ സാധിക്കൂ. ചരിത്രസത്യങ്ങളുടെയും തത്വശാസ്ത്രസിദ്ധാന്തങ്ങളുടെയും വെളിച്ചത്തില്‍ ശ്രീനാരായണഗുരുദേവന്റെ ജീവിതം സൂക്ഷ്മതയോടെ പരിശോധിക്കുന്ന പക്ഷം അവിടുന്നു മനുഷ്യവര്ഗ്ഗാദ്ധാരകനായ ഒരു തത്വജ്ഞാനിയാണെന്നു കാണുവാന്‍ സാധിക്കും.
മനുഷ്യവര്ഗ്ഗാദ്ധാരകന്മാരായ നിരവധി ചരിത്രവ്യക്തികളെ നമുക്കു കാണുവാന്‍ സാധിക്കും. എന്നാല്‍ അവരില്‍ പലരും തത്വജ്ഞാനികളല്ല. അതുപോലെ അനേകം തത്വജ്ഞാനികളെയും ചരിത്രം നമുക്കു കാട്ടിത്തരുന്നുണ്ട്. എന്നാല്‍ അവരില്‍ മനുഷ്യവര്ഗോദ്ധാരകന്മാരുടെ സംഖ്യയും കുറവാണ്. ഏതു തത്വജ്ഞാനിയിലും അല്പം മനുഷ്യവര്‍ഗോദ്ധാരകത്വം ഏതു മനുഷ്യവര്‍ഗ്ഗാ ദ്ധാരകത്തിലും അല്പം തത്വജ്ഞാനിത്വവും കാണാതെ വരികയില്ല. എന്നാല്‍ മനുഷ്യവര്‍ഗ്ഗാ ദ്ധാരകത്വവും തത്വജ്ഞാനിത്വവും തുല്യപ്രാധാന്യത്തോടെ ശ്രീനാരായണഗുരുദേവനില്‍ പ്രകാശിപ്പിക്കുന്നുവെന്നതു സത്യമാണ്.
ശ്രീനാരായണഗുരുദേവന്റെ ലോകസംഗ്രഹപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഗുരുവിനെ അവരവരുടെ ഇച്ഛക്കനുസരിച്ചുകാണുന്നു എന്നതാണ് ഇപ്പോഴത്തെ കാഴ്ച. ഗുരു തികഞ്ഞ തത്വജ്ഞാനിയാ യിരുന്നു. ഗുരുവിന്റെ കൃതികളിലും നമുക്കതു വെളിപ്പെട്ടുകാണുന്നുണ്ട്.
ശ്രീനാരായണഗുരുദേവന്‍ ശിവഗിരീശ്വരിയായ ശ്രീശാരദാംബയെ പ്രതിഷ്ഠിച്ചതിന്റെ 110-ാമതു വാര്‍ഷിക മഹോത്സവം 16-ാം തീയതി സാമോദം ശിവഗിരിയില്‍ ആഘോഷിക്കുകയാണ്. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി എഴുന്നള്ളത്തും പൂരങ്ങളും ഒന്നുമില്ലാതെ അറിവിന്റെ മഹോത്സവമായി കൊണ്ടാടുകയാണ്. അതിന്റെ ഭാഗമായി അറുപതാമതു ശ്രീനാരായണധര്മ്മമീമാംസാപരിഷത്തും ധര്‍മ്മശോഭ പടര്‍ത്തി 16, 17, 18 തീയതികളില്‍ (മേടമാസം 3, 4, 5) പണ്ഡിതശ്രേഷ്ഠന്മാരുടെ പ്രൗഢമായ ഗുരുദര്‍ശനത്തെയും ഭാരതീയദര്‍ശനങ്ങളെയും ഒപ്പം ലോകമത ദര്‍ശനങ്ങളെയും ഒക്കെ കോര്‍ത്തിണക്കി പഠനക്ലാസുകള്‍ നടക്കുന്നു. ഒപ്പം ശ്രീനാരായണദര്‍ശനം സിദ്ധാന്തവും പ്രതിരോധവും ശ്രീനാരായണപ്രസ്ഥാനം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറും ജിജ്ഞാസുക്കള്‍ക്കും പഠിതാക്കള്‍ക്കുമായി ഒരുക്കിയിരിക്കുന്നു.
ഈ ശാരദാ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തിലും ശ്രീനാരായണധര്‍മ്മമീമാംസാ പരിഷത്തിലും പങ്കാളികളാകുവാന്‍ ജാതിമതഭേദചിന്തകള്‍ക്കതീതമായി ഏവരെയും ശ്രീനാരായണഗു രുവെന്ന മഹര്‍ഷി സ്വര്‍ഗ്ഗഭൂമിയെന്നു വിശേഷിപ്പിച്ച ശിവഗിരിയിലേക്കു സാദരം ക്ഷണിച്ചുകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: