ന്യൂദല്‍ഹി: ഒരേ സമയം രണ്ട് ബിരുദ, ബിരുദാനന്തര, ഡിപ്ലോമ വിഷയങ്ങള്‍ പഠിക്കുന്നതിന് അനുമതി നല്കാന് യുജിസി തീരുമാനം. 2022-23 അധ്യയന വര്‍ഷം മുതല്‍ പുതിയ സംവിധാനം നടപ്പാക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ടു വിഷയങ്ങളില്‍ ബിരുദമെടുക്കാന്‍ സാധിക്കുന്നതിനൊപ്പം സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഏറ്റവും നിര്‍ണായകമായ മൂന്നു വര്‍ഷം ലാഭിക്കാനും യുജിസി തീരുമാനം വഴിതുറക്കും.
ബിരുദാനന്തര ബിരുദ പഠനം ഒരേ സമയം രണ്ടു വിഷയങ്ങളില്‍ നടത്തുന്നതു വഴി രണ്ടു വര്‍ഷവും ലാഭിക്കാനാവും. അഞ്ചു വര്‍ഷം കൊണ്ട് രണ്ടു ബിരുദവും രണ്ടു ബിരുദാനന്തര ബിരുദവും സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.
തെരഞ്ഞെടുത്ത രണ്ടു വിഷയങ്ങളിലും നേരിട്ട് ക്ലാസുകളില്‍ പങ്കെടുത്ത് പഠിക്കാനാവും. ഒരു വിഷയം ക്ലാസിലും രണ്ടാമത്തേത് ഓണ്‍ലൈനിലും പഠിക്കാന്‍ സാധിക്കും. അതുമല്ലെങ്കില്‍ രണ്ടു വിഷയങ്ങളും ഓണ്‍ലൈനില്‍ പഠിക്കാം. പുതിയ സംവിധാനത്തിന്റെ വിശദ വിവരങ്ങള്‍ ഇന്ന് യുജിസി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പുതിയ സമ്പ്രദായം സംബന്ധിച്ച് രാജ്യത്തെ പ്രധാന സര്‍വകലാശാലകളെല്ലാം രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം പുറത്തിറക്കും.
ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായ തീരുമാനമാണിതെന്ന് യുജിസി ചെയര്മാന് എം. ജഗദേഷ് കുമാര്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ ലളിതവത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയമുള്ള വിവിധ പഠന സൗകര്യങ്ങളെന്ന് യുജിസി ചെയര്മാന് പറഞ്ഞു.
കൊവിഡ് കാലത്ത് രാജ്യത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വര്‍ധിച്ചെന്നും വിവിധ വിഷയങ്ങളില്‍ ഒരേ സമയം നൈപുണ്യം നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കണമെന്നും യുജിസി ചെയര്മാന് വ്യക്തമാക്കി. രണ്ടു വിഷയങ്ങളില്‍ ഒരേ സമയം പഠിക്കുകയെന്നത് അതിസമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ കഴിയൂയെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ മികച്ചതാക്കുന്നതാണ് തീരുമാനമെന്നും ചെയര്മാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: