തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് പ്രധാന കാര്യമാണ്. പൊതുജനങ്ങള്‍ക്ക് അവബോധം നല്കി സുരക്ഷിതമായ ഭക്ഷണമാണ് ലക്ഷ്യമിടുന്നത്. അതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് എഫ്.എസ്.എസ്.എ.ഐ.യുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്കുള്ള മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയത്. ഇതോടെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സജ്ജമായ 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളുടെ പ്രവര്‍ത്തനോദ്ഘാടനവും ഫഌഗോഫും തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതിന് ഈ മൊബൈല്‍ ലാബുകളെ കൃത്യമായി മോണിറ്ററിംഗ് ചെയ്യും. ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ജിപിഎസ് മുഖേന ഈ മൊബൈല്‍ ലാബുകളെ നിരീക്ഷിക്കുന്നതാണ്. അതത് ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെ കൂടി ചുമതലയേല്‍പ്പിക്കും. പരിശോധന, അവബോധം, പരിശീലനം എന്നിവയാണ് മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുകളിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ ഒമ്പതര മുതല്‍ വൈകുന്നേരം അഞ്ചര വരെയായിരിക്കും ഈ ലാബുകള്‍ പ്രവര്‍ത്തിക്കുക. എന്തെല്ലാം പരിശോധനകള്‍ നടത്താനാകും എത്ര സമയം കൊണ്ട് പരിശോധനാഫലം ലഭിക്കും എന്നിവ സംബന്ധിച്ച ബോര്‍ഡ് സ്ഥാപിക്കും. പൊതുജനങ്ങള്‍ കൂടുതല്‍ ഒത്തുചേരുന്ന പൊതു മാര്‍ക്കറ്റുകള്‍, റസിഡന്‍ഷല്‍ ഏരിയകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൊബൈല്‍ ലാബ് എത്തുന്ന സമയം മുന്‍കൂട്ടി അറിയിക്കുന്നതാണ്. അവിടത്തെ ജനങ്ങള്‍ക്ക് അവബോധം നല്കുന്നതിനോടൊപ്പം അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഭക്ഷ്യ ഉത്പാദകര്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവര്‍ക്ക് പരിശീലനവും നല്‍കും. വീട്ടില്‍ മായം കണ്ടെത്താന്‍ കഴിയുന്ന മാജിക് കിറ്റുകളുടെ സഹായത്തോടെയാണ് പരിശീലനം. മായം കലരാത്ത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചികിത്സയേക്കാള്‍ പ്രധാനമാണ് രോഗപ്രതിരോധം. ഭക്ഷണമാണ് ആരോഗ്യത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഭക്ഷണത്തിന് പങ്കുണ്ട്. കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി എത്രയുണ്ടെന്ന് എല്ലാവരും കണ്ടതാണ്. ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കേരളം ഒന്നാമതാണ്. വര്‍ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ എല്ലാവരും ശ്രദ്ധിക്കണം. വ്യക്തി എന്ന നിലയില്‍ അവരവര്‍ തന്നെ ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാലേ ജീവിതശൈലീ രോഗങ്ങളെ കുറച്ച് കൊണ്ടുവരാന്‍ സാധിക്കൂവെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്. വിനോദ്, എഫ്.എസ്.എസ്.എ.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജസ്റ്റോ ജോര്‍ജ്, കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: