ന്യൂദല്‍ഹി: ജെഎന്‍യു ഹോസ്റ്റലില്‍ രാം നവമി ആഘോഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇടത് സംഘടനകളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞു. കാവേരി ഹോസ്റ്റലില്‍ നടന്ന രാം നവമി ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മാത്രമല്ല, രാം നവമി ആഘോഷം പൊളിക്കാന്‍ ഇടത് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലുകളില്‍ അതേ ദിവസം ഇഫ്താര്‍ പാര്‍ട്ടിയുടെ ഭാഗമായി ബീഫ് വിളമ്പുകയും ചെയ്തു. പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ഇടത് സംഘടനകളുടെ ലക്ഷ്യം.
രാം നവമി ആഘോഷത്തിന് ശേഷം അതിനെ ചോദ്യം ചെയ്യാന്‍ ജെഎന്‍യുവിലെ മറ്റ് ഹോസ്റ്റലുകളില്‍ നിന്നെത്തിയ ഇടതു വിദ്യാര്‍ത്ഥികളാണ് എബിവിപിക്കാരെ ആക്രമിച്ചത്. കല്ലെറിയുകയും ചെയ്തു. പരിക്കേറ്റ 10ഓളം പേര് ആശുപത്രിയിലാണ്.
രാം നവമി ആഘോഷത്തിന്റെ ഭാഗമായി ഹവനവും പൂജയും നടത്തുന്നത് ഇടത് വിദ്യാര്‍ത്ഥിസംഘടനകളും കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ് യു (ഐ)വും തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായും എബിവിപി പറയുന്നു. തങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവുമുണ്ടായിട്ടില്ലെന്നും എവിബിപി ജെഎന്‍യു പ്രസിഡന്റ് രോഹിത് കുമാര്‍ പറയുന്നു.
രാം നവമി ആഘോഷത്തിന് മുന്‍പ് തന്നെ കാവേരി ഹോസ്റ്റലില്‍ ആഘോഷമുണ്ടാകുമെന്ന കാര്യം എബിവിപി പ്രഖ്യാപിച്ചിരുന്നു. ‘അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. അതുവഴി ഞങ്ങള്‍ പരിപാടി റദ്ദാക്കുമെന്നായിരുന്നു കണക്കൂകൂട്ടല്‍. പക്ഷെ ഞങ്ങള്‍ വഴങ്ങിയില്ല. ഹവനത്തിലേക്ക് എല്ലുകള്‍ വലിച്ചെറിയുമെന്ന് അവര്‍ പറഞ്ഞു. പൂജകള്‍ ചെയ്യുന്നത് വിലക്കിയതായുള്ള വാര്‍ഡന്റെ വ്യാജകത്തും അവര്‍ തന്നു. പക്ഷെ ഡീന്‍ അങ്ങിനെയൊരു കത്ത് വാര്ഡന് നല്‍കിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ‘- രോഹിത് കുമാര്‍ പറയുന്നു.
ജെഎന്‍യുവില്‍ നാല് ഹോസ്റ്റലുകളുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലാണ് കാവേരി ഹോസ്റ്റല്‍. ‘മൂന്ന് മണിയായപ്പോള്‍ കാവേരി ഹോസ്റ്റലില്‍ ഞങ്ങള്‍ ഹവനം തുടങ്ങാന്‍ പോകുകയായിരുന്നു. അപ്പോള്‍ ഒരു സംഘം ഇടത് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായെത്തി. ഇസ്കോണിലെ അംഗങ്ങളും മറ്റ് നിരവധി വിദ്യാര്‍ത്ഥികളും രാംനവമി ആഘോഷിക്കാന്‍ അവിടെ ഉണ്ടായിരുന്നു. ഇടത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കാരണം രണ്ട് മണിക്കൂറോളം വൈകി. ഹോസ്റ്റലില്‍ രാം നവമി ആഘോഷിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു അവര്‍. ഹോസ്റ്റല്‍ മതേതരമായ ഇടമാണെന്നായിരുന്നു ഇടത് വിദ്യാര്‍ത്ഥികളുടെ നിലപാട്. എങ്കില്‍ ഇവിടെ ഇഫ്താറും നടക്കാന്‍ പാടില്ലെന്ന് ഞങ്ങള്‍ പറഞ്ഞു. അതിന് ചെലവാക്കുന്ന പണം വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിന് ചെലവഴിക്കണമെന്ന് ഞങ്ങളും ആവശ്യപ്പെട്ടു’- രോഹിത് കുമാര്‍ പറയുന്നു.
രാം നവമി ആഘോഷങ്ങള്‍ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷ്ത്തിലാണ് പൂര്‍ത്തിയായത്. പക്ഷെ അപ്പോള്‍ ശാരീരികസംഘര്‍ഷങ്ങള്‍ ഉണ്ടായില്ല. രാംനവമി ആഘോഷം കഴിഞ്ഞ ശേഷം മറ്റ് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ വാര്‍ഡനെ കാണാന്‍ എത്തി അപ്പോഴാണ് ഏറ്റുമുട്ടലും കല്ലേറും ഉണ്ടായത്. നിരവധി എബിവിപി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അവരെ ആശുപത്രിയിലാക്കിയെന്നും രോഹിത് കുമാര്‍ പറഞ്ഞു.
എന്നാല്‍ എസ് എഫ് ഐ, ജെഎന്‍യുഎസ് യു, ഡിഎസ്എഫ്, എ ഐഎസ്എ എന്നീ സംഘടനകളുടെ പരാതി പ്രകാരം ദല്‍ഹി പൊലീസ് എബിവിപിക്കെതിരെ കേസെടുക്കുകയായിരുന്നു. എബിവിപി വൈകാതെ പരാതി നല്‍കുമെന്ന് രോഹിത് കുമാര്‍ പറഞ്ഞു.
രാം നവമി ആഘോഷത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ചെയ്യുന്നതെന്ന് എബിവിപി ആരോപിച്ചു. രാം നവമി ദിനത്തില്‍ തന്നെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ മനപൂര്‍വ്വം ഇഫ്താര്‍ ആഘോഷങ്ങള്‍ നടത്തി അതില്‍ ബീഫും മറ്റും വിളമ്പി പ്രകോപനം സൃഷ്ടിക്കുകയാണെന്നും എബിവിപി കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: