കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ അപരാജിത കുതിപ്പ് തുടരുന്ന കേരള ക്ലബ് ഗോകുലം കേരള എഫ്സിക്ക് പത്താം മത്സരത്തില്‍ തകര്‍പ്പന്‍ ജയം. ഇന്നലെ കല്യാണി സ്റ്റേഡിയത്തില്‍ നടന്ന ഏകപക്ഷീയമായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യന്‍ ആരോസിനെ തകര്‍ത്തുവിട്ടു. വിജയത്തോടെ 10 കളികളില്‍ നിന്ന് 24 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഒമ്പത് കളികളില്‍ നിന്ന് 22 പോയിന്റുമായി മുഹമ്മദന്‍സാണ് രണ്ടാം സ്ഥാനത്ത്.
കളിയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഗോകുലം 10-ാം മിനിറ്റില്‍ മുന്നിലെത്തി. ലൂക്കയുടെ പാസില്‍ നിന്ന് അഹമ്മദ് വസീം റസീക്കാണ് ആദ്യ ഗോള്‍ നേടിയത്. 28-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. പെനാല്‍റ്റിയിലൂടെയാണ് ഗോള്‍.ലൂക്കയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ഷരീഫ് മുഹമ്മദ് ആണ് എടുത്തത്. ഷരീഫിന്റെ പെനാല്‍ട്ടി ആരോസ് ഗോള്‍കീപ്പര്‍ സാഹിദ് തടഞ്ഞെങ്കിലും റീബൗണ്ട് പന്ത് ഷരീഫ് തന്നെ വലയില്‍ എത്തിച്ചു. നാല്് മിനിറ്റിനു ശേഷം മൂന്നാം ഗോളും ഗോകുലം നേടി. അഹമ്മദ് റസീക്കിന്റെ പാസില്‍ നിന്ന് ലൂക്കയാണ് ഇത്തവണ ലക്ഷ്യം കണ്ടത്. ഇതോടെ ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ആരോസ് കളിയിലേക്ക് തിരികെ വരാന്‍ ശ്രമിച്ചുവെങ്കിലും കാര്യമുണ്ടായില്ല. 72-ാം മിനിറ്റില്‍ ജിതിനും ഗോകുലത്തിനായി വലകുലുക്കി. ലൂക്കയുടെ പാസില്‍ നിന്നായിരുന്നു ജിതിന്റെ ഗോള്‍. പിന്നീട് 81-ാം മിനിറ്റില്‍ താഹിര്‍ സമാനും ലക്ഷ്യം കണ്ടതോടെ ഗോകുലത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.
ഗോകുലം കേരള ഈ സീസണ് ഐ ലീഗില്‍ പരാജയം അറിഞ്ഞിട്ടില്ല. മാത്രമല്ല ലീഗില്‍ അവസാന 15 മത്സരങ്ങളില്‍ ഗോകുലം തോറ്റിട്ടില്ല. 15ന് സുദേവ ദല്‍ഹിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: