ആലപ്പുഴ: കണ്ണൂരിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കെ. വി. തോമസിനെ വിലക്കിയ കോണ്‍ഗ്രസ് നടപടി അണികളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും തട്ടിപ്പെന്ന് ആക്ഷേപം. 2015ല്‍ ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന കേരള വികസനം സെമിനാറില്‍ രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്നു ചെന്നിത്തല.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാറ്റി ചെന്നത്തല ആഭ്യന്തര വകുപ്പ് ഏറ്റെടുത്തതിന് ശേഷമാണ് സിപിഎം പ്രതിക്കൂട്ടിലായ പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്. ചെന്നിത്തല പാര്‍ട്ടി സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രങ്ങള്‍ സിപിഎം കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.
കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും അണികളും സില്‍വര്‍ ലൈന്‍ കുറ്റി പറിക്കല്‍ സമരം നടത്തുമ്പോള്‍ സിപിഎമ്മിനെയോ, സംസ്ഥാന സര്‍ക്കാരിനെയോ തള്ളിപ്പറയാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകാത്തതിലും വലിയ തെറ്റൊന്നും കെ. വി. തോമസ് ചെയ്തിട്ടില്ലെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: