ന്യൂദല്‍ഹി: നരവംശശാസ്ത്രജ്ഞനും സോഷ്യോളജിസ്റ്റുമായ ഫിലിപ്പോ ഒസെല്ലയെ(Filippo Osella) തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് മടക്കി അയച്ചത് അദ്ദേഹത്തിന്റെ പാകിസ്ഥാന് വിസയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ വിശദീകരണം ലഭിക്കാത്തതിനാല്‍. ടൈംസ് ഓഫ് ഇന്ത്യ(Times of India) പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ 30 വര്‍ഷമായി കേരളം സന്ദര്‍ശിക്കുന്ന അക്കാദമിക് രംഗത്തെ വിദഗ്ധനാണ് ഫിലിപ്പ് ഒസെല്ല. 65കാരനായ ഇദ്ദേഹം ഇംഗ്ലണ്ടിലെ സസെക്സ് യൂണിവേഴ്സിറ്റിയില്‍ ദക്ഷിണ ഏഷ്യയെക്കുറിച്ച് പഠിക്കുന്ന വിദഗ്ധന്‍ കൂടിയാണ്. പ്രൊഫസര്‍ക്ക് ഇന്ത്യന്‍ വിസ കൂടാതെ പാകിസ്ഥാന് വിസയും ഉണ്ട്.
കഴിഞ്ഞ തവണ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇദ്ദേഹത്തോട് പാകിസ്ഥാന് വിസയെക്കുറിച്ച് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിശദീകരണം തേടിയതായി പറയുന്നു. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി അദ്ദേഹം നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതാണ് ഇക്കുറി കേരളത്തിലെക്ക് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ്സ്റ്റഡീസും കുസാറ്റും കേരള യൂണിവേഴ്സിറ്റിയും സസെക്സ് യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ കേരളത്തിലിറക്കാതെ, വിമാനത്താവളത്തില്‍ നിന്നുതന്നെ മടക്കിയയച്ചത്.
തെക്കേ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഇദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. എന്തായാലും പാകിസ്ഥാനുമായുള്ള ബന്ധത്തെക്കുറിച്ച് കൃത്യമായ വിശദീകരണം ഇദ്ദേഹം നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇക്കുറി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: