ശ്രീനഗര്‍: സ്കൂളില്‍ കുറിയണിഞ്ഞെത്തിയതിന്റെ പേരില്‍ പെണ്‍കുട്ടിയെ അദ്ധ്യാപകന് മര്‍ദ്ദിച്ചു. കാശ്മീരിലെ രജൗരി ജില്ലയിലെ ഒരു സ്കൂളിലാണ് സംഭവം. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകൻ നിസാര്‍ അഹമദിനെ സസ്പെന്‍ഡ് ചെയ്തു.
രജൗരി ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവിന് പ്രകാരമാണ് സസ്പെന്ഷന്. കുട്ടിയെ മർദ്ദിച്ചതിന് പിന്നാലെ പരാതിയുമായി കുടുംബം രംഗത്ത് വരികയും, സംഭവം വലിയ വിവാദം ആകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈയിടെ ഖദൂരിയന് പഞ്ചായത്തില്‍ രണ്ട് പെണ്‍കുട്ടികളെ അദ്ധ്യാപകന് മര്‍ദ്ദിച്ചതിനെ കുറിച്ചുളള സമൂഹമാദ്ധ്യമ പോസ്റ്റുകള്‍ ശ്രദ്ധയില്പെട്ടിട്ടുളളതായി ഉത്തരവിലുണ്ട്. കുട്ടികള്‍ക്ക് നേരെയുളള അതിക്രമത്തിന് ആറ് മാസംവരെ തടവോ പിഴയോ ഇവരണ്ടും ചേര്‍ന്നുളള ശിക്ഷയോ ലഭിക്കാം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അദ്ധ്യാപകന് കുട്ടിയെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ശ്രദ്ധയില്‍പെട്ടതായും സംഭവം അന്വേഷിക്കുകയാണെന്നും രജൗരി സീനിയര്‍ എസ്.പി മുഹമ്മദ് അസ്ലം ചൗധരി പറഞ്ഞു.
നവരാത്രിയുടെ ഭാഗമായി നെറ്റിയിൽ കുറി ധരിച്ചത് കണ്ട നിസാർ അഹമ്മദ് പെട്ടെന്ന് പ്രകോപിതൻ ആയി കുട്ടിയെ വിദ്യാർത്ഥികൾക്ക് മുൻപിലിട്ട് മർദ്ദിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് രംഗത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: