തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം വിൽപ്പനയുള്ള കേരഫെഡ് കേര വെളിച്ചെണ്ണയുടെ ഉൽപാദനം പൂർണമായും നിർത്തി. വെളിച്ചെണ്ണ നിറക്കാൻ പാക്കറ്റുകൾക്ക് ക്ഷാമം നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ ആണ് നടപടി. രണ്ട് പ്ലാന്റുകളിൽ ആയി പ്രതിദിനം 70 ടൺ വെളിച്ചെണ്ണയാണ് ഉത്പാദിപ്പിച്ചിരുന്നത്.
കഴിഞ്ഞ 25 ന് ശേഷം കേര വെളിച്ചെണ്ണ പുറത്തിറങ്ങിയിട്ടില്ല. സ്വീകാര്യതയിൽ മുന്നിൽ നിൽക്കുന്ന കേര വെളിച്ചെണ്ണയ്ക്ക് നിലവിൽ സബ്സിഡി നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ കുറഞ്ഞവിലയ്ക്ക് ഇത് ലഭ്യമാക്കുന്നുണ്ട്. എന്നാൽ വെളിച്ചെണ്ണയുടെ കവർ തയ്യാറാക്കുന്നത് ഇറക്കുമതി ചെയ്യുന്ന ഫിലിം ഉപയോഗിച്ചാണ്. യുദ്ധ സാഹചര്യത്തെ തുടർന്ന് ഈ ഫിലിന്റെ വില കുത്തനെ ഉയർന്നതാണ് നിലവിലുള്ള പ്രതിസന്ധിക്കു കാരണമെന്ന് അധികൃതർ അറിയിച്ചു.
കിലോഗ്രാമിന് 163 രൂപയായിരുന്നത് ഇപ്പോൾ 277 രൂപയായാണ് വർധിച്ചത്. പഴയ വിലക്ക് പാക്കറ്റ് നൽകാൻ കയർഫെഡിന് കരാറുകാരന് സാധിക്കുന്നില്ല. റംസാൻ, ഈസ്റ്റർ, വിഷു തുടങ്ങിയവ ഒരുമിച്ചുവരുന്ന കാലമായതിനാൽ വെളിച്ചെണ്ണയ്ക്ക് വില്പന കൂടുതലാണ്. കേര കർഷകരിൽ നിന്നും ഏറ്റവുമധികം തേങ്ങ വാങ്ങുകയും ശുദ്ധമായ ഉല്പന്നങ്ങൾ വില്ക്കുകയും ചെയ്യുന്ന കേരഫെഡാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്. 1100 ടണ്ണിലധികം പ്രതിമാസം സ്ഥാപനം മാർക്കറ്റിലെത്തിക്കുന്നുണ്ട്. കേരഫെഡിന്റെ പ്രധാന വരുമാനവും വെളിച്ചെണ്ണ വില്പനയിലൂടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: