കോഴിക്കോട്: കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട വാദങ്ങള്‍ക്ക് പിന്നാലെ പള്ളികമ്മിറ്റി സെക്രട്ടറി സംഘം ചേര്‍ന്ന് വീടാക്രമിച്ചതായി പരാതി. കോഴിക്കോട് കല്ലായി സ്വദേശി യഹിയയുടെ വീടിന് നേരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. വീടിനു മുന്നിലുള്ള പടികളും ചുറ്റുമതിലും ഷീറ്റുകള്‍ ഉള്‍പ്പെടയുള്ളവ അക്രമി സംഘം തകര്‍ത്തെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
അക്രമികള്‍ എത്തിയപ്പോള്‍ യഹിയയുടെ ഭാര്യ ആയിഷാബി മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ കണ്മുന്നില് വെച്ചു തന്നെ അക്രമികള്‍ തല്ലി തകര്‍ത്തത്. ആക്രമണത്തില്‍ രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. യഹിയയുടെ വീട് നില്ക്കുന്ന നാലര സെന്റ് ഭൂമിയോട് ചേര്‍ന്ന് നിര്‍മിച്ച പള്ളിയുടെ ശുചിമുറിയിലെ എക്സോസ്റ്റ് ഫാന്‍ തന്റെ വീടിന് അഭിമുഖമായി സ്ഥാപിച്ചതിനെതിരെ യഹിയ കോര്‍പ്പറേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ശുചിമുറി നിര്‍മിച്ചത് കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചാണെന്നും കണ്ടെത്തി. ഇതോടെ ശുചിമുറി പൊളിച്ചുമാറ്റാന്‍ കോര്പറേഷന് ഉത്തരവിടുകയും ചെയ്തു.
പിന്നീട് പള്ളിക്കമ്മറ്റി അംഗങ്ങള്‍ക്ക് യഹിയയോട് പകയോടെയാണ് പെരുമാറിയത്. പള്ളി കമ്മറ്റിയിലെ ചിലര്‍ തനിക്കും കുടുംബത്തിനുമെതിരെ നോട്ടീസ് അടിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്നും കുടുംബത്തെ ഒറ്റപ്പെടുത്തുകയാണെന്നും യഹിയ ആരോപിച്ചു. സംഭവത്തില്‍ പള്ളിക്കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസെടുത്തു. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തി നിര്‍ണയിക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പന്നിയങ്കര സിഐ അറിയിച്ചു.
അതേസമയം പള്ളിയുടെ മതിലിനോട് ചേര്‍ന്ന് യഹിയ അനധികൃത നിര്‍മ്മാണം നടത്തിയെന്നാണ് പള്ളികമ്മറ്റി സെക്രട്ടറി ആരോപിക്കുന്നത്. യഹിയയുടെ വീടിനു നേരെ ആക്രമണം നടത്തിയത് ആരാണെന്ന് അറിയില്ല. പള്ളിയുമായി നിലനില്‍ക്കുന്ന തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചിട്ടും കുടുംബം തയാറാകുന്നില്ലെന്നും പള്ളികമ്മറ്റി സെക്രട്ടറി ജംഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: