കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ രണ്ട് ലാബുകളിലും പുറത്തെ ഒരു ലാബിലും നടത്തിയ രോഗിയുടെ പരിശോധനാഫലം മൂന്ന് തരത്തില്‍. ഏതാണ് ശരിയെന്നറിയാതെ ഡോക്ടര്‍മാര്‍.
തലയോലപ്പറമ്പ് സ്വദേശിനിയായ ഇരുപത്തിയേഴുകാരി വയറുവേദനയെത്തുടര്‍ന്നാണ് കഴിഞ്ഞ 23ന് മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി വിഭാഗത്തിലെത്തിയത്. ഡോക്ടറെ കണ്ടപ്പോള്‍ സ്കാനിങിന് നിര്‍ദേശിച്ചു. 27ന് പരിശോധനാഫലവുമായി എത്തിയപ്പോള്‍ ഗാസ്ട്രോ വിഭാഗത്തിലേക്ക് അയച്ചു. പരിശോധനയില്‍ കരള്‍ വീക്കം കണ്ടെത്തി. തുടര്‍ന്ന് കരളിന്റെ ആരോഗ്യസ്ഥിതി മനസിലാക്കാന്‍ എസ്ജിഒടി, എസ്ജിപിടി എന്നീ രണ്ടു പരിശോധനകള്‍ നടത്താന്‍ നിര്‍ദേശിച്ചു.
സാമ്പിളുകള്‍ മെഡിക്കല്‍ കോളജിലെ പൊടിപാറ ലാബില്‍ നല്കി. 30ന് പരിശോധനാഫലം കിട്ടിയപ്പോള്‍ വീണ്ടും ഡോക്ടറെ കണ്ടു. ഫലം കണ്ടതോടെ ഡോക്ടര്‍ ഞെട്ടി. എസ്ജിഒടി നോര്‍മല്‍ റേറ്റ് 2053 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ ആയിരിക്കുമെന്ന് കരുതി വിവരം അന്വേഷിച്ചപ്പോഴാണ് ഡോക്ടറുടെയടുത്ത് നില്‍ക്കുന്നത് രോഗിയാണെന്ന് അറിഞ്ഞത്.
എസ്ജിഒടി, എസ്ജിപിടി നോര്‍മല്‍ റേറ്റ് പല ലാബുകളിലും വ്യത്യസ്തമാണെങ്കിലും ശരാശരി നാല്പതിന് താഴെ നില്‍ക്കണമെന്നാണ്. എന്നാല്‍ പൊടിപാറ ലാബില്‍ നിന്നും ലഭിച്ച ഫലം ശരിയാണെങ്കില്‍ രോഗി ജീവിച്ചിരിക്കില്ല. വീണ്ടും പരിശോധന നടത്താന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ തന്നെയുള്ള അര്‍ധസര്‍ക്കാര്‍ സ്ഥാപനമായ ലാബില്‍ പരിശോധനയ്ക്ക് നല്കി. അവിടെ നിന്നും കിട്ടിയ എസ്ജിഒടി ഫലം വെറും 23. കൂടുതല്‍ കൃത്യത വരുത്താന്‍ ഒന്നുകൂടി പരിശോധിക്കാന്‍ ഡോക്ടര്‍ തീരുമാനിക്കുകയും ആശുപത്രിക്ക് പുറത്തുള്ള ഒരു സ്വകാര്യ ലാബില്‍ സാമ്പിളുകള്‍ നല്‍കുകയും ചെയ്തു. അവിടെ നിന്നുള്ള ഫലം 18. ഏതാണ് ശരിയെന്ന് കണ്ടത്താനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍.
ഫലങ്ങള്‍ പലതരത്തില്‍ വന്നപ്പോള്‍ വിവരം തിരക്കിയ ബന്ധുക്കകളോട് മഞ്ഞപ്പിത്തം ഉണ്ടാകാമെന്നും വേണമെങ്കില്‍ ഒന്നുകൂടി പരിശോധിക്കാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. തെറ്റായ പരിശോധനാഫലം നല്കിയ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് രോഗിയുടെ ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അന്വേഷിച്ചശേഷം പ്രതികരിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: