ഉമാ മഹാദേവന് ,
പ്രിന്‍സിപ്പല്‍ സെക്രട്ടറി, കര്‍ണാടകം
2011ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 69 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. 833 ദശലക്ഷം പേര്. അതേസമയം, ദേശീയ കുടുംബാരോഗ്യ സര്‍വെ അഞ്ചാംപതിപ്പിന്റെ ഏറ്റവും ഒടുവിലത്തെ കണ്ടെത്തല്‍പ്രകാരം ഇന്ത്യയിലെ 35% കുട്ടികളും വളര്‍ച്ച മുരടിച്ചവരാണെന്നു കാണാം. ഗണ്യമായ തോതില്‍ കൗമാരക്കാരായ പെണ്‍കുട്ടികളും ഗര്‍ഭിണികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. പോഷകാഹാരക്കുറവു പരിഹരിക്കുന്ന കാര്യത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ട്. പോഷകാഹാരക്കുറവു പരിഹരിക്കുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനും വികസനത്തിനും സംരക്ഷണത്തിനുമായി സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് വിവിധ ഇടപെടലുകളാണു കേന്ദ്ര വനിതാശിശുവികസന മന്ത്രാലയം നടത്തുന്നത്.
പോഷകാഹാരക്കുറവു പരിഹരിക്കുന്നതിനായി ജീവിതകാലം മുഴുവന്‍ കണക്കിലെടുത്തുള്ള സമഗ്രമായ ശ്രമമാണുവേണ്ടത്. നാലു പതിറ്റാണ്ടിനിടെ ഏകദേശം 1.4 ദശലക്ഷം കേന്ദ്രങ്ങളായി വളര്‍ന്ന രാജ്യത്തെ അങ്കണവാടിശൃംഖലയാകണം ഈ സമീപനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കേണ്ടത്. അമ്മമാര്‍ക്കും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാക്കാനും പോഷകാഹാരത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്താനും രാജ്യത്തുടനീളമുള്ള ഐസിഡിഎസ് സംവിധാനത്തിനു കഴിയും. അതിലൂടെ മികച്ച ഫലം ഉറപ്പാക്കാനുമാകും. പോഷണ്‍ 2.0 മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടും ഇതാണ്.
കുട്ടി ജനിക്കുന്നതിനുമുമ്പേ തന്നെ പോഷകാഹാരക്കുറവിന് ഇടയാകുന്നുണ്ട്. ശൈശവവിവാഹം, കൗമാരക്കാരായ പെണ്‍കുട്ടികളിലെ പോഷകാഹാരക്കുറവ്, സ്ത്രീകള്‍ക്ക് മതിയായ വിദ്യാഭ്യാസം ലഭിക്കാതിരിക്കല്‍ തുടങ്ങിയ സങ്കീര്‍ണ്ണമായ സാമൂഹ്യപ്രശ്നങ്ങള്‍ ഇതിനു കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ, വിവിധ തലമുറകളെ ബാധിക്കുന്ന പോഷകാഹാരക്കുറെവന്ന പ്രശ്നം പരിഹരിക്കുന്നതിനുള്ള നിര്‍ണായകമായ പ്രഥമ ചുവടായി ‘ആദ്യ 1000 ദിവസത്തെ സമീപനം’ രാജ്യം സ്വീകരിക്കേണ്ടതുണ്ട്. ഇനിപ്പറയുന്ന രണ്ട് കാര്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്: 1. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും മതിയായ പോഷകാഹാരവും പിന്തുണയും പരിചരണവും ലഭ്യമാക്കുക; 2. മുലയൂട്ടല്‍, അനുബന്ധ ഭക്ഷണം തുടങ്ങിയവയിലെ നിര്‍ണായകഘട്ടത്തില്‍ അവര്‍ക്കു വേണ്ടത്ര ശ്രദ്ധ നല്‍കുക. വളര്‍ച്ചയും പോഷകാഹാരലഭ്യതയും നിരീക്ഷിക്കുന്നതിനായി ഓരോ കുട്ടിയെയും പതിവായി പരിശോധിക്കണം. വളര്‍ച്ച മന്ദഗതിയിലാണെന്നു കണ്ടെത്തുന്ന കുരുന്നുകള്‍ക്ക് മതിയായ വളര്‍ച്ച ഉറപ്പാക്കാനായി ആവശ്യമായ ശ്രദ്ധയും പരിചരണവും ഉടനടി നല്‍കണം.
ഈ മേഖലയിലുള്ള ജീവനക്കാരുടെ നൈപുണ്യവികസനം, കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, സമൂഹത്തോടുള്ള ഇടപെടല്‍, സുതാര്യതയും ഉത്തരവാദിത്വവും അനന്തരഫലങ്ങളുടെ കൃത്യമായ നിരീക്ഷണവും ഉള്‍പ്പെടുന്ന നിര്‍വഹണം എന്നിവ ഈ ദൗത്യത്തിന്റെ വിജയത്തില്‍ നിര്‍ണായകമാണ്.
മുന്‍നിര പ്രവര്‍ത്തകരുടെ നൈപുണ്യവികസനത്തില്‍ പുതുതായി ജോലിക്കെത്തുന്നവരുടെ വ്യക്തിഗതപരിശീലനം ഉള്‍പ്പെടുത്തേണ്ടതുണ്ട്. നിലവിലുള്ളവര്‍ക്ക് പുതിയ വിവരങ്ങള്‍ നല്‍കുന്നതിനായി പതിവായുള്ള ഓണ്‍ലൈന്‍ സെഷനുകളും വേണ്ടതുണ്ട്. അംഗീകൃത മാസ്റ്റര്‍ ട്രെയിനര്‍മാരായി സൂപ്പര്‍വൈസര്‍മാര്‍ക്കു സമഗ്ര പരിശീലനം നല്‍കുന്നത് നൈപുണ്യവികസനം വേഗത്തിലാക്കാന്‍ സഹായിക്കും. അങ്കണവാടി ജീവനക്കാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്കാന് തക്കവണ്ണം പഞ്ചായത്ത് രാജ് മേഖലയില്‍ താലൂക്കുതല പരിശീലന കേന്ദ്രങ്ങളുടെ ശൃംഖല കര്‍ണാടകയിലുണ്ട്. ഏവര്‍ക്കും പരിശീലനം നല്കാന് ഈ മാതൃക മറ്റിടങ്ങളിലും ഉദാഹരണമാക്കാവുന്നതാണ്.
‘സാക്ഷം അങ്കണവാടി’ എന്ന ആശയം അങ്കണവാടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ഘട്ടമാണ്. കുടിവെള്ളം, ശുചിത്വം, വൃത്തിയുള്ള അടുക്കളകള്‍, സുസംഘടിതമായ അങ്കണവാടികള്‍, പുറത്തെ കളിസ്ഥലങ്ങള്‍ എന്നിവയെല്ലാം കുരുന്നുകളുടെ ക്ഷേമത്തിനും സമഗ്രവികസനത്തിനും വളരെയധികം സംഭാവന ചെയ്യുന്നുണ്ടെന്ന് നമുക്കറിയാം. ഈ സാഹചര്യത്തില്‍, കര്‍ണാടക ഗവണ്മെന്റ് ജില്ല, താലൂക്ക്, ഗ്രാമപഞ്ചായത്ത് വികസന ഫണ്ടുകള്‍, 15ാം ധനകാര്യ കമ്മീഷന് ധനസഹായങ്ങള്‍, ഗ്രാമപഞ്ചായത്തുകളുടെ തനത് വിഭവങ്ങള്‍, എംജിഎന്‍ആര്‍ഇജിഎ, പ്രത്യേക മേഖല വികസന ഫണ്ടുകള്‍, എസ്സിപി/ടിഎസ്പി ഫണ്ടുകള്‍ എന്നിവയുപയോഗിച്ച് അങ്കണവാടി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ അംഗന്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും പോഷകാഹാര ഉദ്യാനങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുമായി എംജിഎന്‍ആര്‍ഇജിഎ ഇതിനകം തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്‍ആര്‍എല്‍എമ്മിന്റെ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് അങ്കണവാടികള്‍ക്കായി പച്ചക്കറികള്‍, മുട്ട, തുടങ്ങി പോഷകാഹാരങ്ങള്‍ പ്രാദേശികമായി വിതരണം ചെയ്യാന്‍ കഴിയും. സ്ഥലപരിമിതിയുള്ള നഗരത്തിലെ അങ്കണവാടികള്‍ക്കായി, നഗരത്തിലെ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യാനാകുന്ന സംവിധാനം ഒരുക്കാനും കഴിയും.
എല്ലാത്തിനുമുപരിയായി, നന്നേചെറുപ്പത്തില്‍ തന്നെ അങ്കണവാടികളിലെ കുട്ടികള്‍ക്ക് വേണ്ട പരിചരണത്തിലും വിദ്യാഭ്യാസവും(ECCE) നല്കുന്നതിലേക്കും ശ്രദ്ധ ചെലുത്തുന്നു. ഇത് രാജ്യത്തെ അങ്കണവാടികളിലെ ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ഊര്‍ജ്ജസ്വലവും കരുതലുള്ളതുമായ ആദ്യകാല പഠന അന്തരീക്ഷം നല്‍കും.
***
പ്രതികരിക്കാൻ ഇവിടെ എഴുതുക: